ad
Deshabhimani

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണം; നിയമഭേദഗതി പിന്‍വലിക്കണം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

lgbtq

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

വെബ് ഡെസ്ക്

Published on Mar 19, 2026, 12:56 PM | 1 min read

തിരുവനന്തപുരം : കഴിഞ്ഞ ദിവസം ലോക്സഭയിൽ അവതരിപ്പിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണം) ഭേദഗതി ബില്‍ റദ്ദാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ഇന്ത്യയിലെ LGBTQAI+ വിഭാഗങ്ങൾ ദീർഘകാലത്തെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഭേദഗതി ബില്ലെന്നും ട്രാൻസ്‌ജെൻഡർ സ്വത്വത്തിന്റെ അടിസ്ഥാനശിലകളെത്തന്നെ ബിൽ ചോദ്യം ചെയ്യുന്നുവെന്നും പരിഷത്ത് ആരോപിച്ചു. പിന്തിരിപ്പൻ നിയമനിർമ്മാണത്തിലൂടെ കൊണ്ടുവരാൻ ശ്രമിക്കുന്ന ഭേദഗതികളിൽ ശക്തമായ എതിർപ്പും ആശങ്കയും രേഖപ്പെടുത്തുന്നുവെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് പത്രക്കുറിപ്പില്‍ പറഞ്ഞു.


'ഒരാൾ സ്വയം തിരിച്ചറിയുന്ന ലിംഗസ്വത്വത്തെ അംഗീകരിക്കാതെ, നിർബന്ധിത മെഡിക്കൽ പരിശോധനയിലൂടെ തീരുമാനിക്കപ്പെടുന്ന ലിംഗസ്വത്വത്തെ മാത്രമേ ഈ ബിൽ അംഗീകരിക്കുന്നുള്ളൂ എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വ്യക്തികളുടെ അന്തസ്സ്, സ്വയം നിർണ്ണയാവകാശം എന്നിവ സംരക്ഷിക്കുന്നതിൽ ഇതുവരെ ഉണ്ടായിട്ടുള്ള പ്രധാന മുന്നേറ്റങ്ങളെയെല്ലാം ഈ ബിൽ പിന്നോട്ടടിക്കുന്നു. 2019 ലെ നിയമത്തിൽ ട്രാൻസ് പുരുഷൻ, ട്രാൻസ് സ്ത്രീ, ഇന്റർസെക്സ് വ്യതിയാനങ്ങളുള്ളവർ, ക്വിയർ വ്യക്തിത്വങ്ങൾ എന്നിങ്ങനെ നൽകിയിരുന്ന വിശാലമായ നിർവ്വചനങ്ങളെ പുതിയ ബിൽ അട്ടിമറിച്ചിരിക്കുകയാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പറഞ്ഞു.
'പുതിയ നിർവ്വചനപ്രകാരം പ്രത്യേക സാമൂഹിക-സാംസ്കാരിക തനിമയുള്ളവരെ (ഹിജഡ, അരവാണി തുടങ്ങിയവർ) മാത്രമാണ് ട്രാൻസ്‌ജെൻഡർ വ്യക്തികളായി പരിഗണിക്കുന്നത്. ട്രാൻസ് പുരുഷന്മാർ, ട്രാൻസ് സ്ത്രീകൾ, ജെൻഡർ ക്വിയർ എന്നിവരെ നിർവ്വചനത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയതുവഴി ഒരു വലിയ വിഭാഗത്തെ നിയമപരമായ പരിരക്ഷയിൽ നിന്ന് പുറത്താക്കുന്നു.


ലിംഗസ്വത്വം സ്വയം നിർണ്ണയിക്കാനുള്ള അവകാശം ഉറപ്പുനൽകുന്ന നിലവിലെ നിയമത്തിലെ മർമ്മപ്രധാനമായ സെക്ഷൻ 4(2) റദ്ദാക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇത്തരം നിയമപരമായ നടപടികൾ ലിംഗസ്ഥിരീകരണ ശസ്ത്രക്രിയകൾ, മാനസികാരോഗ്യ പിന്തുണ, എച്ച്.ഐ.വി പ്രതിരോധം തുടങ്ങിയ അവശ്യ ആരോഗ്യസേവനങ്ങൾ തേടുന്നതിൽ നിന്ന് ട്രാൻസ് വ്യക്തികളെ നിരുത്സാഹപ്പെടുത്തും. ഇത് ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾ മുഖ്യധാരയിൽ നിന്ന് കൂടുതൽ പുറന്തള്ളപ്പെടാനും ആരോഗ്യപരമായ അസമത്വങ്ങൾ വർദ്ധിക്കാനും കാരണമാകും. അതിനാൽ, ഓരോ വ്യക്തിയുടെയും അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശത്തെ ഹനിക്കുന്ന ഈ നിർദ്ദിഷ്ട ഭേദഗതി ബിൽ അടിയന്തരമായി റദ്ദാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്രസർക്കാരിനോടും സാമൂഹികനീതി വകുപ്പിനോടും ആവശ്യപ്പെടുന്നു' കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home