print edition അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാം; ട്രാൻസ്‌മെന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി : ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുമുമ്പ് അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാൻ അനുമതി തേടിയ ഇരുപത്തെട്ടു-കാരനായ ട്രാൻസ്‌മെന് ഹെെക്കോടതിയുടെ അനൂകൂലവിധി. സ്ത്രീയായിരുന്ന ആറ്റിങ്ങൽ സ്വദേശി ഹരി ദേവഗീത് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. വ്യക്തിയുടെ ലിംഗപദവി എന്തായാലും പ്രത്യുൽപ്പാദനത്തിനുള്ള അവകാശം നിഷേധിക്കാനാകില്ലെന്ന് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ വ്യക്തമാക്കി. പ്രത്യുൽപ്പാദന അവകാശം ഭരണഘടനയുടെ 21–-ാം അനുച്ഛേദപ്രകാരം അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.
ഗർഭപാത്രവും അണ്ഡാശയവും നിലനിൽക്കുന്നിടത്തോളം കാലം അണ്ഡം ശേഖരിക്കുന്നതിൽ തെറ്റില്ലെന്നും ഇതിനായി സൗകര്യമൊരുക്കണമെന്നും കോടതി നിർദേശിച്ചു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുമുന്പ് അണ്ഡമോ ശുക്ലമോ സംരക്ഷിക്കുന്നതിനെക്കുറിച്ച് കൗൺസലിങ് നൽകണമെന്നും കോടതി പറഞ്ഞു. ലിംഗമാറ്റത്തിനായി ഹോർമോൺ ചികിത്സ, സ്തനനീക്കം എന്നിവ ഹരി ദേവഗീത് നേരത്തെ പൂർത്തിയാക്കിയിരുന്നു. ഗർഭപാത്രവും അണ്ഡാശയവും നീക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ.
അണ്ഡം ശീതികരിച്ച് സൂക്ഷിക്കാൻ തിരുവനന്തപുരത്തെ സ്വകാര്യ ക്ലിനിക്കിനെ സമീപിച്ചെങ്കിലും ട്രാൻസ് വ്യക്തികൾക്ക് വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടി നിരസിക്കുകയായിരുന്നു. തുടർന്നാണ് ഹെെക്കോടതിയിലെത്തിയത്. നിലവിൽ സ്ത്രീ–പുരുഷ ദമ്പതികൾക്കും അവിവാഹിതയായ സ്ത്രീക്കും മാത്രമേ അനുമതിയുള്ളൂവെന്നും ട്രാൻസ്-പുരുഷന് അണ്ഡകോശം ഉപയോഗിച്ച് വാടകഗർഭധാരണത്തിന് നിയമപ്രകാരം അനുമതിയില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഈ വ്യവസ്ഥകൾ നിയമവിരുദ്ധമാണെന്നും ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ അവകാശം നിഷേധിക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് ഹരി ദേവഗീത് ഹർജി നൽകിയത്.










0 comments