print edition തുരങ്കപാത നിർമാണസ്ഥലത്ത് അപകടം: മണ്ണിടിഞ്ഞ് 3 മരണം

വയനാട് മേപ്പാടി ചൂരൽമല റോഡിൽ മീനാക്ഷിപ്പാലത്തിനുസമീപം മണ്ണിടിച്ചിലിനെതുടർന്ന് റോഡിലേക്കും പാലത്തിലേക്കും അടിഞ്ഞുകയറിയ മണ്ണ്. തൊഴിലാളികളെ കൊണ്ടുവരുന്ന ബസ്സും കാണാം. തുരങ്കപാതയുടെ പദ്ധതി പ്രദേശത്തുനിന്നുള്ള ആകാശദൃശ്യം. രാജിത് വെള്ളമുണ്ട പകർത്തിയത്
വി ജെ വർഗീസ്
Published on Jul 08, 2026, 12:33 AM | 2 min read
മേപ്പാടി: വയനാട്–കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ–-കള്ളാടി–-മേപ്പാടി തുരങ്കപാതയുടെ നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് മൂന്നു തൊഴിലാളികൾ മരിച്ചു. കാണാതായ അഞ്ചുപേർക്കായി തിരച്ചിൽ തുടരുന്നു. പരിക്കേറ്റ എട്ടുപേരെ മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിഥിത്തൊഴിലാളികളായ ജാർഖണ്ഡ് സ്വദേശി അൻമോൽ ദോദ്റായ്, ബിഹാർ സ്വദേശി ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശി ചന്ദ്രഭാൻ പാൽ എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.
മേപ്പാടി–ചൂരൽമല പാതയിലെ കള്ളാടിയിൽ തുരങ്കപാത തുടങ്ങുന്ന മീനാക്ഷിപ്പാലത്തിന് സമീപം ചൊവ്വ പകൽ 11.15ഓടെ കനത്ത മഴയിലാണ് മണ്ണിടിഞ്ഞത്. പാതയ്‌ക്ക് മണ്ണെടുത്തതിന്റെ മുകൾഭാഗമാണ് ഇടിഞ്ഞത്. താഴെയുള്ള മൺതിട്ടകൾ ദുരന്തത്തിന്റെ വ്യാപ്‌തി കൂട്ടി . മൺകൂനകളുൾപ്പെടെ മേപ്പാടി–ചൂരൽമല റോഡിലേക്ക് ഒലിച്ചെത്തി. 18 തൊഴിലാളികൾ പ്രദേശത്തുണ്ടായിരുന്നു. ദുരന്തത്തിൽ സമീപത്തെ വീടും മീനാക്ഷിപ്പാലത്തിനരികിലെ താൽക്കാലിക നിസ്‌കാര പള്ളിയും തകർന്നു.
തൊഴിലാളികൾ താമസിച്ച ഷെഡ്ഡുകൾ മണ്ണിനടിയിലായി. ഓഫീസ് പ്രവർത്തിച്ച കണ്ടെയ്‌നറും മണ്ണിനടിയിലായി. വാഹനങ്ങൾ മഴവെള്ളപ്പാച്ചിലില്‍ ഒഴുകിനീങ്ങി. ബസ് സ്റ്റോപ്പിലും റോഡരികിലുമുണ്ടായിരുന്നവർ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. നിർത്തിയിട്ട ടാങ്കർ ലോറിയും തൊഴിലാളികളെ കൊണ്ടുവന്ന ബസും കുത്തിയൊലിച്ച വെള്ളത്തിലും മണ്ണിലും നിരങ്ങിനീങ്ങി. ബസ് മീനാക്ഷിപ്പുഴയിൽ വീണു.
അപകടമുണ്ടായ ഉടൻ തൊഴിലാളികളും നാട്ടുകാരും രക്ഷാപ്രവർത്തനമാരംഭിച്ചു. പിന്നീട് അഗ്നിരക്ഷാസേനയും എൻഡിആർഎഫ് സംഘവും പൊലീസുമെത്തി. റോഡിൽ മണ്ണ് മൂടിയതിനാൽ കള്ളാടി, തൊള്ളായിരംകണ്ടി, ചൂരൽമല, മുണ്ടക്കൈ, അട്ടമല പ്രദേശം ഒറ്റപ്പെട്ടു. തൊള്ളായിരംകണ്ടിയിൽ വിനോദസഞ്ചാരികൾ കുടുങ്ങി.
രാത്രിയോടെ മന്ത്രിമാരായ എ പി അനിൽകുമാറും ടി സിദ്ദിഖും സ്ഥലത്തെത്തി. ഇടവിട്ട് കനത്തമഴയുണ്ടെങ്കിലും രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടര്‍ന്നു. തുരങ്കപാത നിർമാണത്തിന്റെ നിർവഹണ ഏജൻസി കൊങ്കൺ റെയിൽവേ കോർപറേഷനാണ്. ഭോപാൽ ആസ്ഥാനമായ ദിലീപ് ബിൽഡ് കോൺ കന്പനിയാണ് നിർമാണം ഏറ്റെടുത്തിട്ടുള്ളത്.
മണ്ണ് നീക്കിയില്ല മഴ മുന്നറിയിപ്പിലും വീഴ്‌ച
മേപ്പാടി: മഴക്കാലപൂർവ ഒരുക്കത്തിലെ വീഴ്‌ചയും മഴ മുന്നറിയിപ്പ് നൽകുന്നതിലെ പിഴവും അപകടകാരണമായെന്ന് സൂചന. പദ്ധതി പ്രദേശത്തെ മൺകൂന നീക്കിയിരുന്നില്ല. റോഡ് നിർമാണത്തിന് എടുത്ത മണ്ണ് മാറ്റാൻ സ്ഥലം കണ്ടെത്തിനൽകാൻ നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ കോർപറേഷൻ ആവശ്യപ്പെട്ടിരുന്നു. സ്ഥലവാടക നൽകാമെന്നും ജില്ലാ അധികൃതരെ അറിയിച്ചു.
പൊതുമരാമത്ത് സ്‌പെഷൽ സെക്രട്ടറി അദീല അബ്‌ദുള്ളയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ 25ന് പദ്ധതി പ്രദേശം സന്ദർശിച്ച് മണ്ണ് നീക്കുന്നതിലുൾപ്പെടെ തീരുമാനമെടുത്തെങ്കിലും നടപ്പായില്ല. തിങ്കൾ രാവിലെ എട്ടുമുതൽ ചൊവ്വ രാവിലെ എട്ടുവരെ പദ്ധതി പ്രദേശം ഉൾപ്പെടുന്ന മേപ്പാടിയിൽ 266 മില്ലിമീറ്റർ മഴ പെയ്‌തെങ്കിലും വയനാട്ടിൽ മഞ്ഞ അലർട്ടാണുണ്ടായിരുന്നത്. റെഡ് അലർട്ട് പ്രഖ്യാപിച്ചത് ചൊവ്വ ഉച്ചകഴിഞ്ഞ് മാത്രം.










0 comments