ad
Deshabhimani

യുഡിഎഫ് വിഭ്രാന്തിയിൽ; മന്ത്രി വീണാ ജോർജിന് നേരെയുള്ള ആക്രമണം ജനാധിപത്യ കേരളത്തിന് അപമാനം: ടി പി രാമകൃഷ്ണൻ

t p ramakrishnan
വെബ് ഡെസ്ക്

Published on Feb 25, 2026, 07:55 PM | 1 min read

തിരുവനന്തപുരം: പ്രതിഷേധത്തിന്റെ മറവിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ കായികമായി ആക്രമിക്കുന്ന കോൺഗ്രസ് ശൈലി ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. സർവ്വേകളും കനഗോലു തന്ത്രങ്ങളും പരാജയപ്പെടുമ്പോൾ വിഭ്രാന്തിയിലാകുന്ന പ്രതിപക്ഷത്തെയാണ് ഇപ്പോൾ കാണാനാകുന്നതെന്നും മന്ത്രിക്ക് നേരെയുള്ള കെഎസ്‍യു ആക്രമണം ഈ വിഭ്രാന്തിയുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.


സാധാരണക്കാരായ രോഗികളെ സർക്കാർ ആശുപത്രികളിൽ നിന്ന് ഓടിച്ച ഇരുണ്ട കാലമായിരുന്നു യുഡിഎഫിന്റേത്. തകർന്നു വീഴാറായ കെട്ടിടങ്ങളും മരുന്നില്ലാത്ത അവസ്ഥയുമായിരുന്നു അന്ന്. ആ ഇരുണ്ട കാലത്ത് നിന്ന് കേരളത്തിലെ ആരോഗ്യമേഖലയെ രക്ഷിച്ച് അഭൂതപൂർവമായ മുന്നേറ്റമുണ്ടാക്കിയത് കഴിഞ്ഞ പത്ത് വർഷത്തെ ഭരണമാണ്. കേരളത്തിലെ ആരോഗ്യ മേഖലയിലുണ്ടായ മാറ്റം ലോകമാകെ അംഗീകരിക്കുന്നതാണ്. ആരോ​ഗ്യ മേഖലയെ നയിക്കുന്ന വീണാ ജോർജിനെ സാധാരണക്കാരായ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് വ്യക്തിപരമായ ആക്രമണങ്ങളിലൂടെ മന്ത്രിയെ നിശബ്ദയാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


മന്ത്രിയുടെ വീട്ടിൽ അതിക്രമിച്ചു കയറി റീത്ത് വച്ചതിനെ പോലും ന്യായീകരിച്ച കോൺഗ്രസ് നടപടി പ്രതിഷേധാർഹമാണ്. ഇത്തരം നീക്കങ്ങളെ സമരമെന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വിജയമുണ്ടാകില്ല എന്ന തിരിച്ചറിവാണ് അക്രമങ്ങൾക്ക് പിന്നിലെ കാരണം. വസ്തുതകളുടെ പിൻബലമില്ലാതെ നുണ പ്രചരിപ്പിക്കുകയും പിന്നീട് സമരമെന്ന പേരിൽ ആക്രമിക്കുകയും ചെയ്യുന്ന ശൈലി കോൺഗ്രസ് തിരുത്തണമെന്നും മാന്യമായും ജനാധിപത്യപരമായും രാഷ്ട്രീയ പ്രവർത്തനം നടത്താൻ തയ്യാറാകണമെന്നും ടി പി രാമകൃഷ്ണൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home