ഫ്ലെമിംഗ് യുഗത്തിന് വിരാമം: ധോണി തയ്യാറാണെങ്കിൽ സിഎസ്കെ പരിശീലകനാകണം; അശ്വിൻ

അശ്വിൻ (ഇടത്) ധോണി (വലത്)| Photo: AFP
ചെന്നൈ : ചെന്നൈ സൂപ്പർ കിങ്സ് പരിശീലക സ്ഥാനത്ത് നിന്ന് സ്റ്റീഫൻ ഫ്ലെമിംഗ് പടിയിറങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ മുൻനിര സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഫ്ലെമിംഗിന്റെ നീണ്ട പരിശീലന കാലയളവിനപ്പുറം പുതിയൊരു ദിശയിലേക്ക് നീങ്ങാൻ ചെന്നൈ ചിന്തിക്കേണ്ട സമയമാണിതെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരമായ പരിശീലക-ഫ്രാഞ്ചൈസി ബന്ധങ്ങളിലൊന്നിന് വിരാമമിട്ട് സിഎസ്കെയും ഫ്ലെമിംഗും പരസ്പര ധാരണയോടെ വേർപിരിഞ്ഞത്.
ധോണി തയ്യാറാണെങ്കിൽ ഫ്ലെമിംഗിന് പകരക്കാരനായി ചെന്നൈ സൂപ്പർ കിങ്സ് പരിശീലക സ്ഥാനത്തേക്ക് വരാൻ ഏറ്റവും അനുയോജ്യൻ അദ്ദേഹം തന്നെയാണെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. ഫ്ലെമിംഗും ധോണിയും തമ്മിലുണ്ടായിരുന്ന മികച്ച കെമിസ്ട്രിയാണ് ഇത്രയും കാലം ചെന്നൈയെ വിജയങ്ങളിലേക്ക് നയിച്ചതെന്ന് അശ്വിൻ പറഞ്ഞു. എന്നാൽ പുതുതായി കടന്നുവരുന്ന ഏത് പരിശീലകനും ടീമിൽ ചില അനിശ്ചിതത്വങ്ങൾ നേരിടേണ്ടി വരും. കാരണം ധോണി ഇപ്പോഴും ഫ്രാഞ്ചൈസിയിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണ്. ടീം തെരഞ്ഞെടുപ്പിലും മറ്റ് സുപ്രധാന തീരുമാനങ്ങളിലും അദ്ദേഹത്തിന്റെ പങ്കാളിത്തം തുടരുന്നുണ്ട്.
അതുകൊണ്ട് ധോണി പരിശീലക സ്ഥാനത്തേക്ക് വരുന്നില്ലെങ്കിൽ, സ്വതന്ത്രമായി കാര്യങ്ങൾ തീരുമാനിക്കാനും സ്വന്തം തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും പ്രാപ്തിയുള്ള ഒരാളെ കണ്ടെത്താൻ ചെന്നൈയ്ക്ക് സാധിക്കണമെന്നും അശ്വിൻ വ്യക്തമാക്കി. ഐപിഎല്ലിന്റെ ഉദ്ഘാടന വർഷമായ 2008ൽ കളിക്കാരനായാണ് ഫ്ലെമിംഗ് ചെന്നൈയിലെത്തിയത്. തുടർന്ന് 2009 മുതൽ ചെന്നൈയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റു.
കഴിഞ്ഞ 17 വർഷത്തിനിടെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിലൊന്നായി സിഎസ്കെയെ വളർത്തിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഫ്ലെമിംഗിന്റെ കീഴിൽ അഞ്ച് ഐ.പി.എൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ട്വന്റി20 കിരീടങ്ങളും ചെന്നൈ നേടിയിട്ടുണ്ട്. കൂടാതെ റെക്കോഡ് നേട്ടമായി 12 തവണ പ്ലേ ഓഫിലെത്തിയ ടീം, 10 തവണ ഫൈനലിലും കളിച്ചു.










0 comments