അരുണാചലിൽ മഴക്കെടുതി രൂക്ഷം; പ്രളയത്തിലും ഉരുൾപൊട്ടലിലും വ്യാപക നാശനഷ്ടം

പ്രളയത്തിലും ഉരുൾപൊട്ടലിലും തകർന്ന വീടുകളും, ഒഴുക്കിൽപ്പെട്ട വാഹനങ്ങളും|Photo:NDTV
ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും വ്യാപക നാശനഷ്ടം. ചൈന അതിർത്തിയോട് ചേർന്നുള്ള പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മേചുക പൂർണമായും ഒറ്റപ്പെട്ടു. തന്ത്രപ്രധാനമായ പാലം പ്രളയത്തിൽ ഒലിച്ചുപോയതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന് ജനങ്ങൾ ദുരിതത്തിലായി. അതേസമയം, കുറുങ് കുമേ ജില്ലയിലെ അതിർത്തി ഔട്ട്‌പോസ്റ്റിൽ നിന്ന് പ്രളയത്തെ തുടർന്ന് ഞായറാഴ്ച മുതൽ ബേസ് ക്യാമ്പുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്ന 19 ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് ജവാന്മാരും സുരക്ഷിതമായി തിരിച്ചെത്തി.
പ്രളയത്തിൽ ഇവരുടെ ഔട്ട്‌പോസ്റ്റ് പൂർണമായും മുങ്ങിപ്പോയിരുന്നുവെങ്കിലും ജവാന്മാർ സുരക്ഷിതരായി തിരികെ എത്തിയതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കനത്ത മഴയെത്തുടർന്നുണ്ടായ പാറയിടിച്ചിലാണ് ചൈന അതിർത്തിയോട് ചേർന്നുള്ള ഷി യോമി ജില്ലയിലെ മേചുകയിലേക്കുള്ള ഗതാഗതം തടസപ്പെട്ടത്. ശീതകാലത്ത് വിദേശികളടക്കം നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലമാണിത്.
നിർമാണ കമ്പനികളുടെ ശാസ്ത്രീയമല്ലാത്ത റോഡ് വെട്ടൽ രീതികളാണ് കാലാവസ്ഥ അനുകൂലമായിരിക്കുമ്പോൾ പോലും ഇവിടെ തുടർച്ചയായി ഉരുൾപൊട്ടലുണ്ടാകാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. മറ്റൊരു സംഭവത്തിൽ, ചൈന അതിർത്തിയിൽ നിന്ന് അധികം അകലെയല്ലാത്ത ക്രാ ദാദി ജില്ലയിലെ കുമേ നദിക്ക് കുറുകെയുള്ള 84 മീറ്റർ നീളമുള്ള തന്ത്രപ്രധാനമായ പാലം പ്രളയത്തിൽ ഒലിച്ചുപോയി. തിങ്കളാഴ്ച മുതൽ എട്ട് ഗ്രാമങ്ങളാണ് ഇതോടെ ഒറ്റപ്പെട്ടത്. കുറുങ് കുമേ ജില്ലയിലെ യാങ്‌തേ-താലി റോഡിലുണ്ടായിരുന്ന ഈ പാലം 2023 ഫെബ്രുവരി 25നാണ് ഉദ്ഘാടനം ചെയ്തത്.
നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഈ പാലം പുനർനിർമിക്കാൻ അടിയന്തര നടപടി വേണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇതുവരെ പ്രളയത്തിലും ഉരുൾപൊട്ടലിലും പെട്ട് 7 പേർ മരണപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അരുണാചലിലെ 26 ജില്ലകളിലായി 425 ഗ്രാമങ്ങളിലെ 97,182 പേരെ പ്രളയം ബാധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.










0 comments