മാൻഹോളിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു


സ്വന്തം ലേഖകൻ
Published on Jul 15, 2026, 10:02 PM | 1 min read
കക്കോടി: മൂട്ടോളി ജങ്ഷനിലെ പയിമ്പ്ര റോഡിൽ മാൻഹോളിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. വാട്ടർ ടാങ്ക് നിർമാണത്തൊഴിലാളിയായ പാലത്ത് പുതുക്കുടിപ്പൊയിൽ സിറാജ് (42) ആണ് മരിച്ചത്. മറ്റൊരാൾ ഗുരുതരാവസ്ഥയിലാണ്. നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് വാട്ടർ ടാങ്കിന്റെ മാൻഹോൾ വഴി ഇറങ്ങിയപ്പോഴായിരുന്നു അപകടം. സിറാജിനെ രക്ഷിക്കാനെത്തിയ ചേളന്നൂർ മുതുവാട് കുന്ന് സ്വദേശി വിശ്വനാഥനാണ് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ബുധൻ പകൽ 12നായിരുന്നു സംഭവം. പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് വാട്ടർ ടാങ്കിന്റെ പലക പൊളിയ്ക്കാൻ സിറാജാണ് ആദ്യമിറങ്ങിയത്. സിറാജിന് പുറമെ മറ്റു രണ്ട് തൊഴിലാളികളുമുണ്ടായിരുന്നു. അപകടവിവരം അറിഞ്ഞ വിശ്വനാഥൻ ഉടൻ രക്ഷിക്കാനിറങ്ങുകയായിരുന്നു. തൊട്ടടുത്ത കൊറിയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണ് വിശ്വനാഥൻ. അതിനിടെ വിവരമറിഞ്ഞ് ചേവായൂർ പൊലീസും വെള്ളിമാട്കുന്നുനിന്ന് ഫയർ റെസ്‌ക്യൂ ഓഫീസർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘവും എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.
പുറത്തെടുത്ത സമയം ഇരുവർക്കും ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല. ഫയർഫോഴ്സിന്റെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ സിപിആർ നൽകിയതിനാൽ വിശ്വനാഥന് ജീവൻ തിരിച്ചുകിട്ടുകയായിരുന്നു. പരേതരായ ഉസ്മാന്റെയും ഫാത്തിമയുടെയും മകനാണ് സിറാജ്. ഭാര്യ: നസ്‌ല. സഹോദരങ്ങൾ: ഷിഹാബുദ്ദീൻ, മുനീറ, ആരിഫ, സീനത്ത്.









0 comments