ഭരണവിരുദ്ധ വികാരമില്ല, എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പ്; യുഡിഎഫ് പ്രചരിപ്പിച്ചത് പച്ചക്കള്ളമെന്ന് ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാണെന്നും കൺവീനർ ടി പി രാമകൃഷ്ണൻ. ജനങ്ങൾ എൽഡിഎഫിനൊപ്പമാണ്. വികസനത്തുടർച്ച ആഗ്രഹിക്കുന്ന ജനവിധി ഇത്തവണയും ഉണ്ടാകുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പിലുടനീളം നുണപ്രചാരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. സമൂഹ മാധ്യമങ്ങൾ വഴി സംഘടിതമായ രീതിയിൽ വ്യാജവാർത്തകൾ പടച്ചുവിട്ടു. എന്നാൽ ഈ കുപ്രചാരണങ്ങൾക്കൊന്നും ജനങ്ങളെ സ്വാധീനിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷങ്ങളുടെ വോട്ട് ഇത്തവണ യുഡിഎഫിന് ലഭിക്കില്ല. എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകൾക്കും വികസന കാഴ്ചപ്പാടിനുമാണ് ന്യൂനപക്ഷ വിഭാഗങ്ങൾ പിന്തുണ നൽകിയത്. പ്രവാസികളുടെ പോളിംഗിൽ ഇത്തവണ കുറവുണ്ടായിട്ടുണ്ട്. അത് ഏത് മുന്നണിക്കാണ് ഗുണകരമായതെന്ന് ഇപ്പോൾ പറയാനാകില്ല.
തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുമായി ഇടതുമുന്നണി ഒരു തരത്തിലുള്ള ധാരണയും ഉണ്ടാക്കിയിട്ടില്ല. അത്തരം ആരോപണങ്ങൾ വസ്തുതാനിരതമല്ല. തെഹ്‌രഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനവും മറ്റു സാഹചര്യങ്ങളും മറ്റന്നാൾ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിശദമായി ചർച്ച ചെയ്യും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്ഐആർ സംവിധാനത്തിലെ അപാകതകളെക്കുറിച്ചും വോട്ട് ചോർച്ചാ ആരോപണങ്ങളെക്കുറിച്ചും പാർട്ടി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും വിലയിരുത്തുന്ന ജനവിധിയിൽ ഇടതുമുന്നണി ചരിത്രവിജയം നേടുമെന്നും ടി പി രാമകൃഷ്ണൻ ഉറപ്പിച്ചു പറഞ്ഞു.










0 comments