print edition ജനദ്രോഹത്തിൽ കേന്ദ്രത്തിനൊപ്പം യുഡിഎഫ് സർക്കാരും: ടിപി രാമകൃഷ്ണൻ

തിരുവനന്തപുരം: ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്രനയങ്ങൾക്കൊപ്പമാണ് കേരളത്തിലെ യുഡിഎഫ് സർക്കാർ ഉറച്ചുനിൽക്കുന്നതെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ പറഞ്ഞു. സ്വകാര്യവൽക്കരണ നിലപാടുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുമ്പോൾ കേരളവും അതേവഴിയിലാണ് സഞ്ചരിക്കുന്നത്.
കുത്തക മുതലാളിമാർക്കും സമ്പന്നർക്കും വേണ്ടിയാണ് ഇരു സർക്കാരുകളുടെയും നിയമനിർമാണങ്ങളെന്നും അദ്ദേഹം പറഞ്ഞു. ട്രേഡ് യൂണിയനുകളും കിസാൻമോർച്ചയും സംയുക്തമായി സംഘടിപ്പിച്ച ജയിൽനിറയ്‌ക്കൽ സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം ജിപിഒയ്‌ക്കുമുന്നിലെ ഉപരോധം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ലേബർ കോഡ് നടപ്പാക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചപ്പോൾ നടപ്പാക്കില്ലെന്ന് പറഞ്ഞ ഒരേയൊരു സംസ്ഥാനം കേരളമായിരുന്നു. മുൻ തൊഴിൽമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ അന്ന് ലേബർ കോൺക്ലേവ് സംഘടിപ്പിച്ചു. വിഷയം പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. ജസ്‌റ്റിസ് ഗോപാൽ ഗൗഡ സമിതിയുടെ റിപ്പോർട്ടിൽ നിലപാട് സ്വീകരിക്കാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടില്ല.
പവർക്കട്ടും ലോഡ് ഷെഡ്ഡിങ്ങുമില്ലാതിരുന്ന പത്തുവർഷത്തിൽനിന്ന് കേരളം തിരിഞ്ഞു നടക്കുകയാണ്. മുന്നറിയിപ്പില്ലാതെ ഏതുസമയവും വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണ്. സന്ദർഭം കിട്ടുമ്പോഴൊക്കെ ജനങ്ങളെ അപഹസിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് ഇന്നുള്ളത്.
കടലാക്രമണത്തിൽ മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെടുകയും പതിനായിരങ്ങൾ ദുരിതത്തിലാകുകയും ചെയ്‌തപ്പോൾ ഫിഷറീസ് മന്ത്രിയെ കാണാൻപോലുമില്ല. ഇങ്ങനെയൊരു അനുഭവം കഴിഞ്ഞ പത്തുവർഷം കേരളത്തിലുണ്ടായിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.










0 comments