കണ്ണഞ്ചിപ്പിക്കുന്ന ലേസർ ലൈറ്റും ശബ്ദവും; 15 ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടി

കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി സർവീസ് നടത്തിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി കർശനമാക്കി. എറണാകുളം ജില്ലയിൽ നടത്തിയ പ്രത്യേകപരിശോധനയിൽ കണ്ണഞ്ചിപ്പിക്കുന്ന ലേസർ ലൈറ്റുകളും ഹൈ -ഫ്രീക്ക്വൻസി ഓഡിയോ സിസ്റ്റവും ഘടിപ്പിച്ച 15 ടൂറിസ്റ്റ് ബസുകൾ പിടിയിലായി.
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർ ക്യാബിനിലെ വ്ലോഗ് ചിത്രീകരണം, അപകടകരമായ ലേസർ ലൈറ്റുകൾ എന്നിവക്കെതിരെ കർശനനടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. എറണാകുളം എൻഫോഴ്സ്‌മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നേത്യത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. പിടികൂടിയ വാഹനങ്ങളിൽ കണ്ടെത്തിയ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ചുമത്തി. മാറ്റങ്ങൾ ഒഴിവാക്കി വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കുന്നത് വരെ സർവീസ് വിലക്കി.
ഗുരുതര രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കാനും നിർദേശം നൽകി. വരുംദിവസങ്ങളിലും വിവിധ സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന ശക്തമാക്കുമെന്ന് എൻഫോഴ്സ്‌മെന്റ് ആർടിഒ അറിയിച്ചു.









0 comments