ഡൽഹിയിലെ വ്യാജ ആപ്പിൾ കോൾ സെന്റർ പൂട്ടിച്ചു; ലക്ഷ്യമിട്ടിരുന്നത് യുഎസ് പൗരന്മാരെ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: യുഎസ് പൗരന്മാരെ ലക്ഷ്യമിട്ട് നടത്തി വന്ന ഡൽഹിയിലെ വ്യാജ ആപ്പിൾ കോൾ സെന്റർ പൂട്ടിച്ചു. നരൈന ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിന്റെ ഉടമയും പങ്കാളിയും ഉൾപ്പെടെ കേസിൽ ഏഴു പേർ അറസ്റ്റിലായി. അരുൺ, സലിം, നിഖിൽ, മോണ്ടു സിങ്, കരൺ, വിശാൽ, 26 വയസുകാരനും ആണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ, ക്രെഡിറ്റ്/ഡബിറ്റ് കാർഡുകൾ, ചെക്ക് ബുക്കുകൾ, ഒരു ഓഡി കാർ എന്നിവയും പിടിച്ചെടുത്തു. കോളുകളിലൂടെയും ഗിഫ്റ്റ്-കാർഡുകളിലൂടെയാണ് സംഘം തട്ടിപ്പ് നടത്തിയത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് കോൾ സെന്റർ ഉടമയും പങ്കാളിയും കൂട്ടാളികളും പിടിയിലായത്. വിദേശ പേരുകൾ തന്നെയാണ് യുഎസിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതിനായി സംഘം ഉപയോഗിച്ചിരുന്നത്. പ്രതികൾ ആപ്പിൾ/ഐഒഎസ് ടെക്‌നിക്കൽ സപ്പോർട്ട് എക്‌സിക്യൂട്ടീവുകളായി ആൾമാറാട്ടം നടത്തി ടോൾ-ഫ്രീ നമ്പറുകൾ വഴി യുഎസ് പൗരന്മാരെ ബന്ധപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
ഡിവൈസുകളിലോ സിസ്റ്റങ്ങളിലോ വൈറസുകളോ മാൽവെയറുകളോ അശ്ലീല ഉള്ളടക്കമോ കണ്ടെത്തിയെന്ന് പറയുകയും, അടിയന്തര സാങ്കേതിക സഹായം വാഗ്ദാനം ചെയ്ത് സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഗിഫ്റ്റ് കാർഡുകൾ വാങ്ങാൻ സംഘം ആവശ്യപ്പെടുകയും ചെയ്യും. ഗിഫ്റ്റ്-കാർഡ് വിവരങ്ങളോ കോഡുകളോ കൈക്കലാക്കി മറ്റുള്ളവർക്ക് കൈമാറി വരുന്നതായിരുന്നു സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. ‘വെപ്ട്ര’ എന്ന പേരിലാണ് പ്രതികൾ ഈ തട്ടിപ്പ് പ്രവർത്തനം നടത്തിയിരുന്നത്. ടോൾ-ഫ്രീ നമ്പറുകളുടെ ഉറവിടം, ഗിഫ്റ്റ്-കാർഡ് ഇടപാടുകൾ, പണമിടപാട് വിവരങ്ങൾ, ഇവരുടെ വിപുലമായ ശൃംഖല തുടങ്ങിയവയെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.








0 comments