Deshabhimani

'പവർ' പോയി കെഎസ്ഇബി: സംസ്ഥാനത്ത് 24 മണിക്കൂറും മുന്നറിയിപ്പില്ലാത്ത കറന്റ് കട്ട്

Power cut.jpg
വെബ് ഡെസ്ക്

Published on Sep 30, 2026, 08:04 PM | 2 min read

സംസ്ഥാനത്ത് അനിയന്ത്രിതമായ പവർകട്ട് അതിരൂക്ഷമായി തുടരുന്നു. സർക്കാരിന്റെ ആസൂത്രണപ്പിഴവിൽ ജനം വലയുന്നത് തുടർക്കഥയാവുകയാണ്. വൈകുന്നേരം 6.15 മുതൽ രാത്രി 12.45 വരെ പവർകട്ട് എന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. മാസങ്ങളായി രാത്രികാലങ്ങളിലായിരുന്നുവെങ്കിൽ ഇപ്പോൾ പ്രത്യേക നേരവും കാലവുമില്ലാതെ തോന്നുംപടിയാണ് പവർകട്ട്‌. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ഇത്തരം വൈദ്യുതി മുടക്കം വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. അതേസമയം, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ 'പവർ ഓൺ' ആക്കാൻ സർക്കാർ മറന്നിട്ടില്ല.


24 മണിക്കൂർ വൈദ്യുതി മുടക്കം പതിവ്


രാത്രി വൈകിയ നേരത്തുള്ള പവർകട്ട്‌ രോഗികളെയും പ്രായമേറിയവരെയും ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. പരാതികളുയർന്നിട്ടും പാതിരാത്രിയിലെ കട്ട്‌ തുടരുകയാണ്‌. കെഎസ്‌ഇബി ഓഫീസുകളിൽ നിന്ന്‌ സമയമറിയിച്ചുള്ള സന്ദേശം അയക്കുന്നുണ്ടെങ്കിലും പവർകട്ടിൽ ആ സമയക്രമം പാലിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.


രാത്രികാലങ്ങളിലെ കട്ടിന്റെ സമയം മാത്രമാണ്‌ കെഎസ്‌ഇബിയിൽ നിന്ന്‌ ഉപയോക്താക്കളെ അറിയിക്കുന്നത്‌. പകൽ സമയത്ത്‌ പലപ്പോഴായി കട്ട്‌ ചെയ്യുന്നുണ്ടെങ്കിലും സമയം അറിയിക്കുന്നില്ല. അതിരാവിലെയുള്ള കട്ട്‌ ഒഴിവാക്കി പത്തിന്‌ ശേഷമാണ്‌ വൈദ്യുതി വിഛേദിക്കൽ. ഇത്‌ ആശുപത്രികൾ മുതൽ ഹോട്ടലുകളെയും ചെറുതും വലുതുമായ വ്യവസായശാലകളെയും പ്രതിസന്ധിയിലാക്കുന്നു. വീടുകളുടെ നിർമാണം ഉൾപ്പെടെ നിർമാണമേഖലയാകെ നിലച്ച അവസ്ഥയിലാണ്‌.


അധികൃതരോട്‌ പരാതി പറഞ്ഞിട്ട്‌ ഫലമില്ലാത്തതിനാൽ സമൂഹ മാധ്യമപേജുകളിലാണ്‌ പവർകട്ട്‌ ദുരിതമനുഭവിക്കുന്നവരുടെ രോഷപ്രകടനം. ഗതികേട്‌ മൂലമുണ്ടായ നിസഹായാവസ്ഥ കൂടിയാണ്‌ പലരും അത്തരം കുറിപ്പുകളിലൂടെ പങ്കുവെക്കുന്നത്‌. ഫാൻ ഇല്ലെങ്കിൽ ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. കൊച്ചുകുട്ടികളുടെ കഷ്ടപ്പാട് അതിലും വലുതാണെന്നൊക്കെയാണ് സാമൂഹിക മാധ്യമങ്ങളിലെ കമന്റുകൾ.


രാത്രിയിൽ സ്ട്രീറ്റ് ലൈറ്റും കണ്ണടക്കും


പവർകട്ടുകൾ ഏറ്റവുമധികം ബാധിക്കപ്പെടുന്ന മറ്റൊരു വിഭാഗക്കാരാണ് രാത്രി യാത്രക്കാർ. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവരുടെ കണ്ണിൽ ഇരുട്ട് നിറച്ചാണ് പവർകട്ട്. കാൽനട യാത്രക്കാർക്ക് മൊബൈൽ വെളിച്ചത്തിൽ തപ്പിത്തടഞ്ഞ് പോകേണ്ടിവരുന്നു. വൈദ്യുതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പൊതുനിരത്തിലെ കട്ട്. ഇത് മൂലം വാഹനാപകടങ്ങളും വൻ തോതിൽ വർധിക്കുന്നുണ്ട്. പവർ കട്ടിന് പുറമെയാണ് സ്ട്രീറ്റ് ലൈറ്റുകൾ മനഃപൂർവം ഓഫാക്കുന്നത്. ഇതിന് പ്രത്യേക മുന്നറിയിപ്പ് സംവിധാനങ്ങളുമില്ലാത്തതിനാ? യാത്രക്കാർ വലയുകയാണ്.


അന്നം മുട്ടിക്കുന്ന കട്ട്


സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖലയുടെ നട്ടെല്ലൊടിക്കുകയാണ് പവർകട്ടിലൂടെ യുഡിഎഫ് സർക്കാർ. നേരവും കാലവുമില്ലാത്ത പവർകട്ടിൽ ചെറുകിട വ്യവസായങ്ങളുടെ ഉൽപ്പാദനം ഇടിഞ്ഞു. വരുമാന നഷ്ടമേറി, തൊഴിൽ സമയം കുറഞ്ഞു. ജനറേറ്ററുകൾ പ്രവർത്തിപ്പിച്ച്‌ മുന്നോട്ടുപോകാനാകാത്ത സ്ഥിതിയാണ്. ജനറേറ്ററിനുള്ള ഡീസലിനും വിലകൂടിയതോടെ ചെറുകിട വ്യവസായങ്ങൾ വലിയ പ്രതിസന്ധിയിലാണ്. തട്ടുകടകൾ മുതൽ ചെറിയ ഫാക്ടറികൾ വരെയുള്ള സ്ഥാപനങ്ങൾ ഇതുമൂലം വലയുന്നു.


ഉപതെരഞ്ഞെടുപ്പല്ലേ, കട്ട് വേണ്ട


യുഡിഎഫ് സർക്കാരിന് അത്യാവശ്യഘട്ടമെന്ന് തോന്നുന്ന സമയങ്ങളിൽ വൈദ്യുതിക്ക് യാതൊരു മുടക്കവും വരുത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. സർക്കാർ അധികാരമേറ്റ ശേഷം നടന്ന ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്ത് കറന്റ് പോയിട്ടില്ല. ഈ ദിവസങ്ങളിലും മുമ്പ് പറഞ്ഞ അതേ അളവിലോ അതിനേക്കാൾ രൂക്ഷമായതോ ആയ വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്തുണ്ടായിരുന്നു.


എന്നാൽ പവർകട്ടിൽ പൊറുതിമുട്ടിയ ജനത്തെ മൂന്ന് ദിവസം വെളിച്ചം കാണിച്ച് വോട്ട് പിടിക്കാമെന്നുള്ള യുഡിഎഫിന്റെ വ്യാമോഹവും പരാജയപ്പെട്ടു. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വൻ മുന്നേറ്റം നൽകിയാണ് ജനങ്ങൾ യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടിന് മറുപടി നൽകിയത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വൈദ്യുതി മുടക്കം പഴയ തീവ്രതയിൽ വീണ്ടും ആരംഭിച്ചു.


വൈദ്യുതി വാങ്ങാനും തീരുമാനമില്ല


അമിതവിലയ്‌ക്ക്‌ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമവും സർക്കാർ ഉപേക്ഷിച്ചതായാണ് വിവരം. കമീഷനടിക്കാൻ അവസരമില്ലെന്നുകണ്ടാണ് തൽക്കാലം ഈ നീക്കം ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചത്. നാഷണൽ തെർമൽ കോർപറേഷനിൽനിന്ന്‌ (NTPC) വാങ്ങുമ്പോള്‍‍ യൂണിറ്റിന്‌ 30 രൂപയാകുമെന്നാണ് ആദ്യം കരുതിയതെങ്കിലും, ഇതിലും കുറഞ്ഞ വിലയ്‌‌ക്ക് ലഭ്യമാകുമെന്ന് കണ്ടതോടെയാണ്‌ അവരെ ഒഴിവാക്കാൻ നീക്കം നടത്തിയത്.


മറ്റ്‌ ഏജൻസികളെയും ഇടനിലക്കാരെയും ഉൾപ്പെടുത്തി കമീഷനടിക്കാനുള്ള ശ്രമമാണ്‌ ഈ തീരുമാനത്തിന്‌ പിന്നിലെന്ന സംശയവും ബലപ്പെടുന്നു. പ്രതിസന്ധി രൂക്ഷമായതോടെ സർക്കാരിനുവേണ്ടി ചരടുവലിയുമായി ഇടനിലക്കാരും സജീവമായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home