ad
Deshabhimani

ഉന്നതവിദ്യാഭ്യാസവും കാവിയിൽമുക്കുന്നു; എൻഇപി പൂർണമായി നടപ്പാക്കാൻ യുഡിഎഫ് സർക്കാർ

modi_rojimjohn_bjp
വെബ് ഡെസ്ക്

Published on Aug 13, 2026, 08:41 PM | 2 min read

തിരുവനന്തപുരം: പിഎം ശ്രീയ്ക്ക് പിന്നാലെ ഉന്നതവിദ്യാഭ്യാസ മേഖലയിലും സമ്പൂർണ കാവിവൽകരണത്തിനൊരുങ്ങി യുഡിഎഫ് സർക്കാർ. വർഗീയതയും കച്ചവടവൽക്കരണവും അരാഷ്‌ട്രീയവാദവും പ്രോത്സാഹിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) അതേപടി നടപ്പാക്കാൻ‌ ധാരണയായി. എൻഇപി നടപ്പാക്കാമെന്നും അത് "ലക്ഷ്യങ്ങളുടെ വിജയകരമായ പൂർത്തീകരണത്തെ സഹായിക്കുമെന്നും" സംസ്ഥാന സർക്കാർ നിയോ​ഗിച്ച വിദ​ഗ്ധ സമിതി റിപ്പോർട്ട് നൽകി.


പൊതുവിദ്യാലയങ്ങളെയും വിദ്യാഭ്യാസ അവകാശങ്ങളെയും അട്ടിമറിക്കുന്നതിനായി കേന്ദ്ര ബിജെപി സർക്കാരിന്റെ പിഎം ശ്രീക്ക് പദ്ധതി കേരളത്തിൽ പച്ചക്കൊടി നൽകിയതിന് പിന്നാലെയാണ് ഉന്നതവിദ്യാഭ്യാസത്തെയും തകര്‍ക്കുന്നതിനുള്ള നീക്കം. പ്രൊഫ.എസ് ​ഗ്ലാസ്റ്റൺ രാജ് അധ്യക്ഷനും ഡോ. ആബിദ ഫാറൂഖി കൺവീനറുമായ സമിതിയാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത്ശങ്കറിന് ഇടക്കാല റിപ്പോർട്ട് നൽകിയത്.


എൻഇപിയിലെ പ്രതിലോമകരമായ നിർദേശങ്ങളെ ഒഴിവാക്കിക്കൊണ്ട് കേരള ബദൽ ആണ് നാലുവർഷ ബിരുദ പ്രോ​ഗ്രാമിലൂടെ കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്. എന്നാൽ, നാലുവർഷ ബിരുദം മെച്ചപ്പെടുത്താനെന്ന പേരിൽ വർ​ഗീയ- വാണിജ്യ താൽപര്യങ്ങൾ അം​ഗീകരിച്ച് മുന്നോട്ടുപോകാനാണ് യുഡിഎഫ് സർക്കാരിന്റെ നീക്കം. അതേസമയം, വെള്ളി ചേരുന്ന കൗൺസിലിന്റെ നിർവാഹക സമിതിയിൽ ചർച്ച ചെയ്ത് അംഗീകരിച്ച ശേഷമേ റിപ്പോർട്ട് ഔദ്യോഗിക രേഖയാകുകള്ളൂവെന്നാണ് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വിശദീകരണം.


രാജ്യത്തെ വിദ്യാഭ്യാസമേഖലയിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിർദേശങ്ങൾ നിറഞ്ഞതാണ്‌ എൻഇപി. ഇന്ത്യയുടെ വൈവിധ്യങ്ങളെ നിരാകരിച്ച്‌ സംഘപരിവാറിന്റെ കാവിവൽക്കരണം ശക്തിപ്പെടുത്തുന്നതും സ്വകാര്യ വിദ്യാഭ്യാസക്കച്ചവടത്തിന്‌ അവസരമൊരുക്കുകയും ചെയ്യുന്ന നയത്തെ പാർലമെന്റിൽപ്പോലും ചർച്ചചെയ്യാതെ തിരക്കിട്ട്‌ അംഗീകരിക്കുകയായിരുന്നു കേന്ദ്രസർക്കാർ.


സ്വാതന്ത്ര്യ സമരകാലത്ത്‌ ഔദ്യോഗികമായി ബ്രിട്ടീഷ്‌ ഭരണാധികാരികൾക്ക്‌ മാപ്പപേക്ഷ എഴുതിക്കൊടുത്ത ആർഎസ്‌എസ്‌ നേതാവ്‌ സവർക്കറെ പാഠപുസ്‌തകങ്ങളിലൂടെ വീരനായി അവതരിപ്പിക്കുന്നുണ്ട്. ഡൽഹി സർവകലാശാല പാഠപുസ്‌തകങ്ങളിൽ സവർക്കർക്ക്‌ പിന്നിലാണ്‌ രാഷ്‌ട്രപിതാവ്‌ ഗാന്ധിജിയുടെ സ്ഥാനം. തങ്ങൾ മുന്നോട്ടുവയ്‌ക്കുന്ന 80 ശതമാനം ആശയങ്ങളും കേന്ദ്ര വിദ്യാഭ്യാസ നയത്തിലുണ്ടെന്ന്‌ ആർഎസ്‌എസ്‌ പറഞ്ഞിട്ടുണ്ട്‌. ഈ നയത്തിൽനിന്നും സാധാരണക്കാരും പാവപ്പെട്ടവരും പുറത്താണ്‌.


എൽഡിഎഫ് സർക്കാർ ഉറപ്പാക്കിയ ജനാധിപത്യ- മതനിരപേക്ഷ വിദ്യാഭ്യാസത്തെ അധികാരത്തിലെത്തി ആദ്യനാളുകളിൽ തന്നെ തകിടംമറിക്കുകയായിരുന്നു സതീശൻ സർക്കാർ. ​തുടർച്ചയായി സർവീസ് ചട്ടങ്ങൾ ലംഘിച്ചതിന് സസ്പെൻഷനിലാകുകയും മോദി സ്തുതി ആവർത്തിച്ച് നടത്തുകയും ചെയ്ത ഉദ്യോ​ഗസ്ഥനെ പൊതുവിദ്യാഭ്യാസ ഡയറക്‌ടറായി നിയമിച്ചു. സംഘപരിവാറിനെതിരെ തുറന്ന യുദ്ധത്തിന്‌ എൽഡിഎഫ്‌ സർക്കാർ തയാറായപ്പോൾ, ഗവർണറുമായി തർക്കത്തിനില്ലെന്ന കീഴടങ്ങൽ നിലപാടാണ് മുഖ്യമന്ത്രി വി ഡി സതീശനും ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണും പരസ്യമായി പ്രഖ്യാപിച്ചത്. ലോക്‌ഭവൻ കേന്ദ്രീകരിച്ച്‌ സംഘപരിവാർ, സർവകലാശാലകളിൽ നടത്തുന്ന കാവിവൽക്കരണത്തിനും സമ്മർദ്ദത്തിനും സർക്കാർ കീഴ്‌പ്പെടുകയാണ്. എംജി സർവകലാശാലയിൽ സംഘപരിവാർ നേതാവിനെ താത്കാലിക വിസിയാക്കിയപ്പോഴും സെനറ്റിൽ ബിജെപിക്കാരെ കൂട്ടത്തോടെ കുടിയിരുത്തിയപ്പോഴും മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ബോധപൂർവമായ മ‍ൗനം പുലർത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന യുഡിഎഫ് – ബിജെപി ഡീലിന്റെ ഭാഗമാണ് ഈ നിലപാടെന്ന വിമർശനം ശക്തമാണ്.


ബൃഹത്തായ പ്രവർത്തനങ്ങളിലൂടെ എൽഡിഎഫ് സർക്കാർ സമഗ്രമായി പരിഷ്‌കരിച്ച സ്‌കൂൾ പാഠ്യപദ്ധതി മാറ്റാൻ യുഡിഎഫ് സർക്കാർ തയ്യാറെടുക്കുന്നത് എൻഇപി കേരളത്തിൽ അടിച്ചേൽപ്പിക്കാനുള്ള കുറുക്കുവഴിയാണെന്ന് നേരത്തേ വിമർശനം ഉയർന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home