ടി ജി മോഹൻദാസ് സ്ത്രീത്വത്തെ അപമാനിച്ചു, കസ്റ്റഡിയിൽ തുടരേണ്ടത് അനിവാര്യം; റിമാൻഡ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം : ജന്തർ മന്തറിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിന്റെ അറസ്റ്റിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചതായാണ് ലഭിക്കുന്ന വിവരം. ടി ജി മോഹൻദാസ് സ്ത്രീത്വത്തെ അപമാനിച്ചുവെന്നും സ്ത്രീകളുടെ മാന്യതയെ ഹനിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
യൂട്യൂബിലെ പത്രിക എന്ന ചാനലിലൂടെ വിവാദ പ്രസ്താവന നടത്തി വിദ്യാർഥികളിൽ കുറ്റകരമായ ഭയം സൃഷ്ടിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കലാപാഹ്വാനം നടത്തിയത് ഗുരുതരമായ കുറ്റമാണെന്നും പ്രതിക്ക് ജാമ്യം അനുവദിച്ചാൽ ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. പ്രതി പരാതിക്കാരെ സ്വാധീനിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കൂടുതൽ ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനുള്ളതിനാൽ പ്രതി ജൂഡീഷ്യൽ കസ്റ്റഡിയിൽ തുടരേണ്ടത് അനിവാര്യമാണ്. മോഹൻദാസിനെ 14 ദിവസത്തേക്ക് കസ്റ്റഡയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പതിനൊന്ന് ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് ടി ജി മോഹൻദാസിനെ കസ്റ്റഡിയിലെടുക്കുന്നത്. തുടക്കത്തിൽ പ്രതിക്കെതിരെ ചെറുവിരൽ അനക്കാൻ കേരള പൊലീസും സർക്കാരും തയ്യാറായില്ല. വിദ്യാർഥികൾക്കെതിരെ ഇത്രയും മോശമായ രീതിയിൽ പരാമർശം നടത്തിയിട്ടും മോഹൻദാസിനെതിരെ നടപടിയെടുക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.










0 comments