ad
Deshabhimani

print edition തുറവൂരിൽ ഭരിച്ചത്‌ ‘സമാന്തര ബോർഡ്‌’ ; പത്മനാഭൻനായർ കോൺഗ്രസിന്റെ ഫണ്ടർ

Thuravoor Narasimha Temple congress fund scam
വെബ് ഡെസ്ക്

Published on Oct 23, 2025, 03:43 AM | 1 min read


തിരുവനന്തപുരം

തുറവൂർ നരസിംഹസ്വാമി ക്ഷേത്ര ഭരണസമിതിയുടെ തലവനായി ഇരുന്ന്‌ ലക്ഷങ്ങൾ അഴിമതി നടത്തിയ ടി ജി പത്മനാഭൻ നായർ പ്രമുഖ കോൺഗ്രസ്‌ നേതാക്കളുടെ ‘ഫണ്ടർ’. കെ സി വേണുഗോപാൽ, രമേശ്‌ ചെന്നിത്തല തുടങ്ങിയവരുമായി അടുത്ത ബന്ധമുള്ള ഇദ്ദേഹം തെരഞ്ഞെടുപ്പുകളിൽ വൻതോതിൽ പണം ചെലവഴിക്കുന്നയാളാണ്‌.


തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള ക്ഷേത്രത്തിൽ ഭക്തജന സമിതിയെന്ന പേരിൽ ‘സമാന്തര ബോർഡ്‌ ’ രൂപീകരിച്ചായിരുന്നു വെട്ടിപ്പ്‌. 2018ലാണ്‌ അന്വേഷണം നടത്തി ഇതിന്‌ അന്ത്യം കുറിച്ചത്‌. തെളിവ്‌ സഹിതം അഴിമതി പുറത്തുവന്നിട്ടും സംരക്ഷിക്കുന്ന നിലപാടാണ്‌ കോൺഗ്രസ്‌ നേതൃത്വം സ്വീകരിച്ചത്‌.


ഉദ്യോഗസ്ഥരെ ചില ഹൈക്കോടതി ജഡ്‌ജിമാരുടെ പേര്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയും പത്മനാഭൻനായർ വെട്ടിപ്പ്‌ നടത്തിയതായി വിജിലൻസ്‌ കണ്ടെത്തിയിരുന്നു. ക്ഷേത്രവരവ്‌ ഇയാളുടെ സ്വന്തം പേരിലുള്ള വിവിധ അക്ക‍ൗണ്ടുകളിലേക്കാണ്‌ പോയിരുന്നത്‌. ഇ‍ൗ അക്ക‍ൗണ്ടുകളെല്ലാം മരവിപ്പിച്ചിട്ടുണ്ട്‌.


യുഡിഎഫ്‌ കാലത്തെ ദേവസ്വം ബോർഡുകൾ തട്ടിപ്പിന്‌ ഒത്താശ ചെയ്തു. വിവിധ പദ്ധതികളുടെ പേരിൽ പണം പിന്നെയും അനുവദിച്ചു. സംസ്ഥാന കോൺഗ്രസ് നേതൃനിരയിലെ പലരും അറിഞ്ഞാണ് കൊള്ള എന്നതിനാലാണ്‌ ഇയാൾ ഇപ്പോഴും കെപിസിസി അംഗമായി തുടരുന്നത്‌. 2013– 2018 കാലത്ത്‌ സമർപ്പിച്ച കണക്കുകളിലെ വെട്ടിപ്പുകൾ ഓഡിറ്റ്‌ വകുപ്പും ഓംബുഡ്‌സ്‌മാനും ബോർഡിനും ലഭിച്ച പരാതികൾ അന്വേഷിച്ച്‌ വിജിലൻസുമാണ്‌ അഴിമതി പുറത്തുകൊണ്ടുവന്നത്‌.


ക്ഷേത്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ദേവസ്വം ബോർഡ്‌ അനുവദിച്ച തുകയ്ക്ക്‌ പുറമെ പത്മനാഭൻ നായർ സ്വന്തമായും പിരിവ്‌ നടത്തി. ക്ഷേത്രത്തിന്റെ പലഭാഗവും തകർച്ചയുടെ വക്കിലാണ്‌. നാട്ടുകാരുടെ ആവശ്യത്തെതുടർന്ന്‌ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി എസ്‌ പ്രശാന്ത്‌ ക്ഷേത്രം സന്ദർശിച്ചിരുന്നു. പുനരുദ്ധാരണവും തുടങ്ങി.


2011 ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാവാൻ പത്മനാഭൻ നായർ ശ്രമം നടത്തിയെങ്കിലും ചില കോൺഗ്രസ്‌ നേതാക്കളുടെ പരാതിയെതുടർന്നാണ്‌ അന്ന്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പേര്‌ വെട്ടിയത്‌. അന്നുമുതൽ കെ സി വേണുഗോപാലിനൊപ്പം ചേർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home