തൃശൂരിൽ അന്തിമ പട്ടികയിൽ കൂട്ടിച്ചേർത്തത് 67,670 വോട്ട്

സി എ പ്രേമചന്ദ്രൻ
Published on Aug 15, 2025, 02:32 AM | 1 min read
തൃശൂർ
തൃശൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപ്പട്ടികയിൽ കൂട്ടിച്ചേർത്തത് 67,670 വോട്ട്. അപ്പീൽ പോകാനാകില്ലെന്ന ന്യൂനത മുതലെടുത്താണ് ബിജെപി, ആസൂത്രിതമായി മറ്റു മണ്ഡലങ്ങളിലുള്ള പ്രവർത്തകരുടെ വോട്ട് വ്യാജവിലാസത്തിൽ തൃശൂരിൽ ചേർത്തത്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 13,37,110 വോട്ടാണുണ്ടായിരുന്നത് 2024ൽ 14,83,783 വോട്ടായി വർധിച്ചു. മൊത്തം 1,46,673 വോട്ടാണ് അധികം ചേർത്തത്. 2024ലെ വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി 2023 ഒക്‌ടോബർ 27ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഡിസംബർ ഒമ്പതുവരെ വോട്ട് ചേർക്കാൻ അവസരം നൽകി. 45,924 അപേക്ഷ ലഭിച്ചു. ഇതിൽ 42,807 എണ്ണം അംഗീകരിച്ചു. അന്തിമ വോട്ടർപട്ടിക 2024 ജനുവരി 22ന് പ്രസിദ്ധീകരിച്ചിരുന്നു.
ഇൗ പട്ടിക ഉപയോഗിച്ചാണ് രാഷ്‌ട്രീയ പാർടികൾ വീട് കയറിയിറങ്ങി പ്രവർത്തനം ആരംഭിച്ചത്. എന്നാൽ, മാർച്ച് 25വരെ വോട്ട് ചേർക്കാൻ അവസരമുണ്ടായിരുന്നു. ഇൗ സമയങ്ങളിൽ ലഭിച്ച 73,731 അപേക്ഷകളിൽ 67,670 വോട്ട് ചേർത്തതായി തെരഞ്ഞെടുപ്പ് കമീഷൻതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ നാലിനാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. 26നായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമാണ് അഡീഷണൽ ലിസ്‌റ്റ് പുറത്തിറക്കിയത്. പിന്നീട് പരാതി നൽകാൻ അവസരമുണ്ടായിരുന്നില്ല. അവസാനഘട്ടം ബിജെപി വ്യാപകമായി വ്യാജവോട്ടുകൾ ചേർക്കുകയായിരുന്നുവെന്നും തെരഞ്ഞെടുപ്പിനുശേഷം എൽഡിഎഫ് പരാതി നൽകിയിട്ടും തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിച്ചില്ലെന്നും അന്നത്തെ എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ പറഞ്ഞു.









0 comments