മരങ്ങൾ കടപുഴകി, വാഹനങ്ങൾ തകർന്നു; ചുഴലിക്കാറ്റിൽ തൃശൂരിലാകെ വ്യാപക നാശനഷ്ടം

വില്ലടം, പെരേപ്പാടം, നെല്ലിക്കാട് പ്രദേശങ്ങളിൽ ചുഴലിക്കാറ്റിൽ വീടുകളുടെ മുകളിൽ ഉറപ്പിച്ചിരുന്ന ഷീറ്റുകൾ പറന്നുപോയുണ്ടായ നാശനഷ്ടം
തൃശൂർ: ചൊവ്വാഴ്ച വീശിയടിച്ച ചുഴലിക്കാറ്റിൽ തൃശൂർ ജില്ലയിലാകെ വ്യാപക നാശനഷ്ടം. നടത്തറ, പൂത്തൂർ, വില്ലടം മേഖലയിൽ വൻ നാശമാണുണ്ടായത്. നടത്തറയിൽ പൂച്ചട്ടി ഭവൻ സ്കൂൾ കോമ്പൗണ്ടിൽ മരങ്ങൾ കടപുഴകി. വാഹനങ്ങൾ നശിച്ചു.
മരങ്ങൾ റോഡിലേക്ക് മറിഞ്ഞുവീണും വീടുകളുടെ മുകളിൽ ഉറപ്പിച്ചിരുന്ന ഷീറ്റുകൾ പറന്നുപോയും കടകൾക്കു മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ താഴെ വീണും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണുമാണ് വ്യാപക നഷ്ടമുണ്ടായത്. ഇതേത്തുടർന്ന് വില്ലടം, പെരേപ്പാടം, നെല്ലിക്കാട് പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. ഏഴ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു.
ചൊവ്വാഴ്ച രാവിലെ 8:50നാണ് ചുഴലിക്കാറ്റുണ്ടായ്. രണ്ടു മിനിറ്റോളം കാറ്റ് നീണ്ടുനിന്നു. വില്ലടം പെരേപ്പാടം കാങ്കപ്പറമ്പിൽ ഗോപിയുടെ വീടിന്റെ മുകളിൽ മേഞ്ഞിരുന്ന ഷീറ്റുകൾ പറന്നുപോയി. വീടിന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന മകൻ വിപിന്റെ ഓട്ടോറിക്ഷ തകർന്നു. വില്ലടം പെരേപ്പാടം നെല്ലിക്കാട് നടുവത്ത് സുബ്രഹ്മണ്യന്റെ വീടിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന ഷീറ്റ് പറന്നുപോയി. വീടിന്റെ പാരപ്പറ്റ് തകർന്നു. വില്ലടം പെരേപ്പാടം നെല്ലിക്കാട് വിളക്കത്തറ തങ്കയുടെ വീടിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന ഷീറ്റും ശക്തമായ കാറ്റിൽ പറന്നുപോയി. മരം റോഡിലേക്ക് വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.










0 comments