മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ഡിഎൻഎ പരിശോധന ആരംഭിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് മൃതദേഹ അവശിഷ്ടങ്ങൾക്കായി ഇന്നും തിരച്ചിൽ തുടരും. നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. അപകടത്തിൽ ഇതുവരെ പത്തു പേർ മരണപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം.
നാലു പേരെ ഇനിയും കണ്ടെത്താനുണ്ട്. അപകടസ്ഥലത്തുനിന്ന് കണ്ടെടുത്ത ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധന നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാൻ പ്രയാസമായ സാഹചര്യത്തിലാണ് ശാസ്ത്രീയ പരിശോധന നടത്തുന്നത്.
തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ഒൻപത് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. സുദർശനൻ (54, പഴയന്നൂർ), വാസുദേവൻ (54, കുമരനെല്ലൂർ), സുവിൻ (39, കുണ്ടന്നൂർ), മണികണ്ഠൻ (60, എടപ്പാൾ), സുബ്രമണ്യൻ (50, പെരിന്തൽമണ്ണ), മണികണ്ഠൻ (കോട്ടപ്പുറം) എന്നിവരുടെ മൃതദേഹങ്ങളാണ് വിട്ടുനൽകിയത്.
പൂർണ്ണമായും കത്തിക്കരിഞ്ഞ ഒരു മൃതദേഹവും മുപ്പതോളം ശരീരഭാഗങ്ങളും നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുന്നു. വെടിക്കെട്ട് അപകടം നടന്ന സ്ഥലത്തുനിന്നും നാലു പേരെ കാണാതായിട്ടുണ്ടെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു.
അപകടത്തിൽ പരിക്കേറ്റ നാലു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ ശരീരഭാഗങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടോ എന്ന് പരിശോധിക്കാനാണ് ഇന്ന് പൊലീസ് സംഘം എത്തുന്നത്.










0 comments