സംഭാഷണം
സംഗീതം, സമൂഹം രാഷ്‌ട്രീയം

ടി എം കൃഷ്‌ണ, ഡോ. എം വി നാരായണൻ
Published on Aug 29, 2026, 10:55 AM | 13 min read
പ്രൊഫ. എം വി നാരായണൻ: വി ടി ഭട്ടതിരിപ്പാട് 1930-‐കളിലും 40-‐കളിലും ജാതിവ്യവസ്ഥക്കെതിരെ പ്രവർത്തിച്ചെങ്കിൽ, 1980-‐കളിലും 90-‐കളിലും സംഗീതരംഗത്തെ താങ്കളുടെ പ്രവർത്തനങ്ങളിലൂടെ താങ്കൾ തമിഴ്നാട്ടിൽ സമാനമായ ഒരു കാര്യമാണ് ചെയ്യാൻ ശ്രമിച്ചത് എന്നു പറയാം. എന്നാൽ പിന്നീട്, ഇത് സംഗീതത്തിൽനിന്നും വികസിച്ച് ജീവിതത്തിന്റെ മറ്റ് വശങ്ങളിലേക്കും വ്യാപിച്ചു. പല സമകാലിക വിഷയങ്ങളിലും വ്യക്തമായ ഒരു രാഷ്‌ട്രീയ നിലപാട് എടുക്കുന്നതിലേക്ക് അത് താങ്കളെ കൊണ്ടുചെന്നെത്തിച്ചു.
ടി എം കൃഷ്‌ണ കടപ്പാട്: ഗൂഗിൾ
കുട്ടിക്കാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ, താങ്കളുടെ കുടുംബപരവും സാമൂഹികവുമായ സാഹചര്യങ്ങളെക്കുറിച്ച് ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. യാഥാസ്ഥിതികം എന്ന് അസന്നിഗ്ധമായി വിളിക്കാൻ കഴിയില്ലെങ്കിലും, ഒരു പരമ്പരാഗത തമിഴ് ബ്രാഹ്മണ കുടുംബത്തിൽ നിന്നാണ് താങ്കൾ വരുന്നത്. ആധുനികതയുടെ വശങ്ങൾ ഇല്ലെന്നല്ല. -മുത്തച്ഛന്റെ സഹോദരൻ ടി ടി കൃഷ്ണമാചാരി ഒരു സ്വാതന്ത്ര്യസമര സേനാനിയും പിന്നീട് കേന്ദ്രമന്ത്രിയുമായിരുന്നു. അതുപോലെ, താങ്കളുടെ അമ്മയും അമ്മാവനും (ഡോ. ശ്രീറാം സുബ്രഹ്മണ്യം) ആനക്കട്ടിയിൽ ആദിവാസി കുട്ടികൾക്കും മറ്റ് പിന്നോക്കക്കാർക്കുമായി ‘വിദ്യാവനം' എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിക്കുകയും നടത്തിക്കൊണ്ടുപോവുകയും ചെയ്‌തു. കൂടാതെ, താങ്കൾ വിദ്യാഭ്യാസം നേടിയത് ജെ കൃഷ്ണമൂർത്തി ഫൗണ്ടേഷന്റെ സ്‌കൂളിലാണ്. തീർച്ചയായും ഇവയെല്ലാം കാഴ്‌ചപ്പാടിൽ ആധുനികമാണെന്ന് പറയാം. എങ്കിലും, പൊതുവായ സാഹചര്യങ്ങൾ, പൂർണമായി യാഥാസ്ഥിതികമല്ലെങ്കിലും; തികച്ചും പരമ്പരാഗതമായിരുന്നിരിക്കണം, പ്രത്യേകിച്ചും താങ്കൾ കർണാടകസംഗീതം പഠിക്കാൻ തുടങ്ങിയപ്പോൾ. താങ്കളുടെ ആദ്യ ഗുരു ഭാഗവതലു സീതാരാമ ശർമ, പിന്നീട് ചിങ്ങൽപ്പെട്ട് രംഗനാഥൻ, അവസാനമായി ശെമ്മങ്കുടി ശ്രീനിവാസ അയ്യർ‐ ഇവരെല്ലാം സംഗീതരംഗത്ത് പരമ്പരാഗതമായ കണിശത പാലിക്കുന്നവരായിരുന്നല്ലോ. അപ്പോൾ, ആ പാരമ്പര്യത്തെ ചോദ്യം ചെയ്യാനുള്ള, പാരമ്പര്യത്തിൽനിന്ന് പുറത്തുവരാനുള്ള ആഗ്രഹം അല്ലെങ്കിൽ, കർണാടകസംഗീതത്തിന്റെ സമകാലിക പ്രയോഗങ്ങൾക്ക് ലഭ്യമല്ലാത്തതോ അതിന്റെ സാമാന്യമായ വ്യവഹാരങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെട്ടതോ ആയ പാരമ്പര്യത്തിന്റെ ചില വശങ്ങൾ കണ്ടെത്താനുള്ള ആഗ്രഹം, -അതിനുള്ള ആവശ്യം എന്ന് ഞാൻ പറയട്ടെ, അത് എങ്ങനെ ഉണ്ടായി? അത് താങ്കളുടെ സംഗീതത്തിലും ജീവിതത്തിലും എങ്ങനെ സ്ഥാനം പിടിച്ചു?
ടി എം കൃഷ്‌ണ: എനിക്ക് മലയാളത്തിൽ സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു. നിർഭാഗ്യവശാൽ അതെനിക്ക് കഴിയില്ല. എനിക്ക് മലയാളം മനസ്സിലാക്കാൻ മാത്രമേ കഴിയൂ, അതിനാൽ എന്റെ ഇംഗ്ലീഷ് കുറച്ചുനേരം നിങ്ങൾ സഹിക്കേണ്ടിവരും.
താങ്കളുടെ ചോദ്യത്തിലേക്ക് വരാം. ഞാൻ വരുന്നത് ഒരു urban, cosmopolitan ബ്രാഹ്മണ കുടുംബത്തിൽ നിന്നാണ്. എന്റെ ഒരു സുഹൃത്ത് പറയാറുള്ളതുപോലെ, "ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ബ്രാഹ്മണ കുടുംബമാണ് എന്റേത്. എന്റെ വിഭാഗത്തിൽപ്പെട്ട ധാരാളം ആളുകളെ കൃത്യമായി വിവരിക്കാൻ ഈ പ്രയോഗത്തിന് കഴിഞ്ഞേക്കും.
ഒരർഥത്തിൽ അത് പരമ്പരാഗതമായ രീതിയിൽ യാഥാസ്ഥിതികമല്ല. പക്ഷേ, മറ്റൊരർഥത്തിൽ, നമ്മൾ ചിന്തിക്കുന്ന രീതികളിൽ, നമ്മുടെ ചിന്താഗതിയിൽ യാഥാസ്ഥിതികതയുണ്ട്. അർബൻ കോസ്‌മോപൊളിറ്റനിസത്തിന്റെ ഒരു പ്രത്യേകത അതാണ്. നമ്മൾ അതിനെ, യഥാർഥ അർഥത്തിലുള്ള ആധുനികതയുടെ ആശയമായി തെറ്റിദ്ധരിക്കുന്നു. അത് ഇന്നത്തെ കാലത്തോട് പ്രതികരിക്കുന്ന ഒന്നാണ്, സമൂഹത്തെക്കുറിച്ചുള്ള അവബോധം അതിനുണ്ട് എന്നൊക്കെയാണ് നമ്മൾ കരുതുന്നത്. പക്ഷെ, ഈ തരത്തിലുള്ള ബഹുസംസ്‌കാര നാഗരികത യഥാർഥത്തിൽ നിങ്ങളെ ആധുനികതയിലേക്ക് എത്തിക്കുമെന്ന് ഞാൻ കരുതുന്നില്ല. കാരണം, നഗരജീവിതത്തിന്റെയും സാങ്കേതികവിദ്യയുടെയും സൗകര്യങ്ങളും ഉപകരണങ്ങളും ഉപയോഗിക്കാൻ അത് നിങ്ങളെ പ്രാപ്തരാക്കുന്നു. ശരിതന്നെ. പക്ഷെ, സമൂഹത്തിൽ നടക്കുന്ന, നിങ്ങളുടെ സ്വന്തം ശീലങ്ങളിൽ പോലും നടക്കുന്ന, പല കാര്യങ്ങളെയും അത് മറച്ചുവെക്കാൻകൂടി സഹായിക്കുന്നു. നമ്മുടെ നഗരങ്ങളിൽ ജാതിയില്ല എന്ന് ഇപ്പോഴും പറയുന്നവരുടെ കാര്യത്തിൽ സംഭവിക്കുന്നത് ഇത് തന്നെയാണ്.
നമ്മൾ ചെയ്യേണ്ടത് ഓരോ നഗരത്തിന്റെയും ഒരു ജാതിഭൂപടം (caste map grid) ഉണ്ടാക്കുക എന്നതാണ്. അത്രമാത്രം മതി. അപ്പോൾ നിങ്ങൾക്ക് ജാതിയുണ്ടെന്ന് മനസ്സിലാകും. നഗരപ്രാന്തങ്ങൾ അടിസ്ഥാനപരമായി ജാതിഗ്രൂപ്പുകൾക്കോ മതഗ്രൂപ്പുകൾക്കോ ഉള്ള വേർതിരിച്ച ഇടങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാവും.
ടി എം കൃഷ്‌ണ
എം വി എൻ: അപ്പോൾ അത് ഒരുതരം സോണിങ് (zoning) പോലെയല്ലേ?
ടി എം കെ: അതെ, അതൊരു സോണിങ് ആണ്. നമ്മൾ സാമൂഹികമായി നടത്തുന്ന ഒരു സോണിങ് ആണിത്, ഒരുപക്ഷേ അബോധപൂർവമായി, എന്നാൽ ചിലപ്പോൾ തികച്ചും ബോധപൂർവമായി. അതിനാൽ, എന്റെ വീട്ടിൽ പ്രത്യക്ഷമായ വിവേചനം ഇല്ലായിരുന്നെങ്കിൽ പോലും, അവിടെ ജാതീയമായ ആചാരങ്ങൾ ഉണ്ടായിരുന്നു എന്ന് ഞാൻ അംഗീകരിക്കേണ്ടിയിരിക്കുന്നു. പക്ഷേ, ഞങ്ങൾ അതിനെ ജാതീയമായ ആചാരങ്ങളായി തിരിച്ചറിഞ്ഞിരുന്നില്ല. ഉദാഹരണത്തിന്, എന്റെ വീട്ടിലെ പാചകക്കാരൻ ആരായിരിക്കും? അത് എപ്പോഴും ഒരു ബ്രാഹ്മണ പുരുഷനോ ബ്രാഹ്മണ സ്‌ത്രീയോ ആയിരിക്കും. ഞാൻ ഒരിക്കലും ചോദിക്കാത്ത ഒരു ചോദ്യമായിരുന്നു അത്. ഞങ്ങൾക്ക് മേൽജാതി വിഭാഗത്തിൽപ്പെട്ട ആളാണ് ഭക്ഷണം ഉണ്ടാക്കുന്നത് എന്ന ചിന്ത എന്റെ തലയിൽ ഒരിക്കലും വന്നില്ല. താങ്കൾ പറഞ്ഞതുപോലെ, അടുക്കളയാണ് ഇത്തരം കാര്യങ്ങൾ ഏറ്റവും സ്‌പഷ്ടമാകുന്ന ഇടം. അതിനാൽ ഇത്തരം പല കാര്യങ്ങളും അടിത്തട്ടിൽ പ്രവർത്തിച്ചിരുന്നു എന്നു പറയേണ്ടിവരും.
ഞങ്ങൾ സാംസ്‌കാരികമായി വിപുലമായി വായിക്കുകയും പ്രയാസകരമായ പല ചോദ്യങ്ങൾ ചോദിക്കുകയും ചെയ്‌തിരുന്നു എന്നത് ശരിയാണ്. എങ്കിലും ഞങ്ങൾ, എന്റെ മാതാപിതാക്കൾ രണ്ടുപേരും, ഇത്തരം കാര്യങ്ങളെ കുറിച്ച് ആഴത്തിൽ ചിന്തിച്ചിരുന്നില്ല എന്നതാണ് വാസ്‌തവം എന്ന് ഇന്നു തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാവുന്നു. അപ്പോൾ, അത്തരമൊരു വീട്ടിലാണ് ഞാൻ വളർന്നത്.
അതേസമയം, ഇതിലെ വൈരുധ്യം എന്തെന്നാൽ, അങ്ങനെയുള്ള ഒരു വീട് കർണാടകസംഗീതത്തിന്റെ പ്രയോഗത്തിൽ അന്ന് സാധാരണമായിരുന്നില്ല എന്നതാണ്. ഇപ്പോൾ അതിൽ ഒരു സാംസ്‌കാരിക മാറ്റമുണ്ടാകുന്നുണ്ട്. അന്ന് കർണാടകസംഗീതം അടിസ്ഥാനപരമായി ഒരു താഴ്‌ന്ന മധ്യവർഗത്തിലെ, യാഥാസ്ഥിതികമായ ചുറ്റുപാടുകളിലാണ് നിലനിന്നിരുന്നത്. അതിന്റെ പരിശീലനം, അതിന്റെ കണിശത, എല്ലാം ആ പരമ്പരാഗത യാഥാസ്ഥിതികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ രീതിയിൽ, ഞാൻ ആ ലോകത്തിൽ നിന്ന് വന്നവനല്ല. അതിനാൽ എന്റെ കർണാടകസംഗീതത്തിലേക്കുള്ള പ്രവേശനം ഒരു അസാധാരണ കാര്യമായിരുന്നു. അതുകൊണ്ട് എനിക്ക് ഒരു സാംസ്‌കാരിരിക മാറ്റം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, ആ ലോകം പുതിയതായിരുന്നു; വളരെ സംരക്ഷിതവും യാഥാസ്ഥിതികവുമായിരുന്നു.
ജാതിപരമായ പ്രത്യേകാവകാശമുള്ളവരുടെ (privileged) ഏറ്റവും വലിയ ആസ്‌തി പൊരുത്തപ്പെടാനുള്ള അവരുടെ കഴിവാണ്. നിങ്ങൾ എന്തിനോടും പൊരുത്തപ്പെടും. ജാതിപരമായ പല ആചാരങ്ങളെയും നോക്കൂ, അവ എപ്പോഴും കാലത്തിനനുസരിച്ച് മാറിയിട്ടുണ്ട്, പൊരുത്തപ്പെട്ടിട്ടുണ്ട്. ഈ പൊരുത്തപ്പെടുത്തൽ മുഴുവൻ നടത്തുന്നത്, നിങ്ങൾക്ക് താൽപ്പര്യമുള്ള ഒരു ശ്രേണിയിൽ, ജാതിയുടെ മുകൾത്തട്ടിൽ നിൽക്കുന്ന ഒരു മേഖലയിൽ സ്വയം സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണ്. അത് സംഗീതമായാലും സമൂഹമായാലും, നിങ്ങൾ പൊരുത്തപ്പെട്ടുകൊണ്ടേയിരിക്കും. അങ്ങനെ എനിക്ക് യാഥാസ്ഥിതിക ബ്രാഹ്മണ ലോകവുമായി പൊരുത്തപ്പെടാൻ കഴിഞ്ഞു.അതേസമയം, ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ബ്രാഹ്മണ ലോകത്തേക്ക് എപ്പോൾ വേണമെങ്കിലും തിരിച്ചുവരാനും എനിക്കു സാധ്യമായിരുന്നു, പക്ഷേ, അത് അപ്പോഴും ബ്രാഹ്മണലോകം തന്നെയാണ്. ഈ കാര്യങ്ങളെല്ലാം ചുറ്റും ഒഴുകി നടക്കുന്നുണ്ട്; പക്ഷേ നമ്മൾ ബോധപൂർവമല്ല ഇതിനോടെല്ലാം പൊരുത്തപ്പെടുന്നത്. എന്റെ സംഗീത പഠനവും അങ്ങനെയായിരുന്നു.
എന്റെ ഗുരുക്കന്മാർ വളരെ യാഥാസ്ഥിതികരായ ആളുകളായിരുന്നു. അവിശ്വസനീയമായ പ്രതിഭയുള്ള ഗുരുക്കന്മാർ, അതേസമയം സാമൂഹികമായും രാഷ്‌ട്രീയമായും യാഥാസ്ഥിതികർ. 90-‐കളിൽ മുഴുവൻ ഞാൻ ഇങ്ങനെയായിരുന്നു. ഞാനും കൃത്യമായി ഇങ്ങനെ തന്നെയായിരുന്നു. ഒരുപക്ഷേ ഞാനും അന്നു ചോദിച്ചിരുന്നേനെ, "നിങ്ങൾ എന്തിനാണ് ജാതിയെക്കുറിച്ച് സംസാരിക്കുന്നത്? ഞങ്ങൾ ഒരിക്കലും ജാതിയെക്കുറിച്ച് സംസാരിക്കുന്നില്ലല്ലോ?’ എന്ന്.
സത്യത്തിൽ നിങ്ങൾ എന്തുകൊണ്ടാണ് ജാതിയെക്കുറിച്ച് സംസാരിക്കാതിരിക്കുന്നത്? അതിനെക്കുറിച്ചുള്ള അനുഭവം നിങ്ങളുടെ ജീവിതത്തിൽ ഇല്ലാത്തതുകൊണ്ട് നിങ്ങൾ അതിനെക്കുറിച്ച് സംസാരിക്കില്ല. വിവേചനങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, "നിങ്ങൾ എന്തിനെക്കുറിച്ചാണ് ഈ സംസാരിക്കുന്നത്’ എന്ന് ഇന്ന് ചിലർ ചോദിക്കുന്നതുപോലെയാണത്. അവർക്ക് അത് എങ്ങനെ അറിയാൻ കഴിയും? വിവേചനത്തിന്റെ അനുഭവം അവർക്കില്ല, അതുകൊണ്ട് അവർക്ക് അത് അറിയാൻ കഴിയുന്നില്ല. ജാതിയുടെ കാര്യത്തിലും അത് വ്യത്യസ്‌തമായിരുന്നില്ല. പലരും അത് അറിഞ്ഞിരുന്നില്ല, കാരണം അവർ ഒരിക്കലും ആ അനുഭവസ്ഥാനത്ത് നിർത്തപ്പെട്ടിരുന്നില്ല.
അതുകൊണ്ട് ആളുകൾ നിങ്ങളോട് സംസാരം നിർത്താൻ പറയുമ്പോൾ, നിങ്ങൾ നിർത്തും. അവർ നിങ്ങളെ നിശ്ശബ്ദരാക്കും. എനിക്ക് ശരിക്കും ആ കാലത്തെ ഇഷ്ടമായിരുന്നു. അന്ന് ഞാൻ അതിനെ വളരെ സ്നേഹിച്ചു, ഇപ്പോഴും ഒരുതരത്തിൽ സ്നേഹിക്കുന്നു. ഞാൻ അതിനെ ഇഷ്ടപ്പെട്ടു, അത്രമാത്രം. അത് എന്റെ അസ്‌തിത്വമായി മാറി. പലതരത്തിൽ അത് എന്റെ അസ്ഥികളിൽപോലും അനുഭവിക്കാൻ കഴിയുന്ന ഒന്നായി മാറി. ഞാൻ എന്തുകൊണ്ടാണ് അത് അറിയാതെ പോയത്? സത്യത്തിൽ, എനിക്ക് കാരണങ്ങളില്ല. അങ്ങനെയായിരുന്നു എന്നേ പറയാൻ കഴിയൂ.
അതിനാൽ ഞാൻ ഈ രൂപം പരിശീലിച്ചുകൊണ്ടേയിരുന്നു. സത്യം പറഞ്ഞാൽ, ജാതിയോ ലിംഗഭേദമോ വർഗമോ മതമോ ഒന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല.
ശെമ്മങ്കുടി ശ്രീനിവാസ അയ്യർ
എന്നാൽ ഈ രൂപം എനിക്കറിയാം. ഞാൻ അത് വീണ്ടും ആവർത്തിക്കുന്നു. എന്തുകൊണ്ടാണ് എനിക്ക് ഈ രൂപത്തിൽ മാറ്റം വരുത്തേണ്ടിവന്നത്? അത് ഞാൻ പലതവണ ഉത്തരം നൽകാൻ ശ്രമിച്ചിട്ടുള്ള ഒരു ചോദ്യമാണ്. ഇതിന്റെ ഉടമ ഞാനാണെന്ന മട്ടിൽ ഒന്നും അല്ല ഞാനിതു ചോദിക്കുന്നത്. എന്നിരുന്നാലും, ഞാൻ അതിലൂടെ കടന്നുപോകുമ്പോൾ, എനിക്ക് ചെയ്യണമെന്ന് ആഗ്രഹം തോന്നുന്ന ചില കാര്യങ്ങളുണ്ട്. അത് ചെയ്യാൻ ഞാൻ എന്റെ എല്ലാ വിഭവങ്ങളും ഉപയോഗിക്കുന്നു.
മറ്റേതൊരു പ്രവൃത്തിയേയും പോലെ കലയും മനുഷ്യരാണ് സൃഷ്ടിക്കുന്നത്. നമ്മൾ എന്തിനാണ് ഇത് ചെയ്യുന്നത് എന്നൊരു വലിയ ചോദ്യമുണ്ട്. നമുക്ക് എന്തിനാണ് കല? കല മാറ്റിവെക്കൂ, ആളുകൾക്ക് ഭക്ഷണവും വസ്‌ത്രവും വീടും ഉണ്ടെന്ന് ഉറപ്പാക്കൂ എന്നു പറയുന്ന ആളുകളുണ്ട്. കല ഒരു അധികപ്പറ്റായോ ആഡംബരമായോ കണക്കാക്കപ്പെടുന്നു.
ഈ വാദം ശരിയല്ല. സൃഷ്ടിക്കുന്ന വ്യക്തിക്കും ആസ്വദിക്കുന്ന വ്യക്തിക്കും ആ നിമിഷത്തിൽ അത്ഭുതകരമാംവിധം വിലയേറിയ ചിലത് കല നൽകുന്നുണ്ട്. ആ നിമിഷത്തിൽ സംഭവിക്കുന്നത്, ലളിതമായി പറഞ്ഞാൽ, നിസ്വാർഥതയുടെ ഒരനുഭവമാണ് എന്ന് ഞാൻ കരുതുന്നു.
അതുകൊണ്ട് നിങ്ങൾ സംഗീതത്തിൽ സഹജമായി തോന്നുന്ന ഒന്നിനുവേണ്ടി ശ്രമിക്കുകയും, "ആഹാ’ എന്ന് ആ നിമിഷത്തിൽ തോന്നുകയും ചെയ്യുമ്പോൾ, ആവിഷ്‌കാരത്തിന്റെ ആ നിമിഷത്തിൽ കേൾവിക്കാർക്ക് നിങ്ങളെ ഇഷ്ടമാണോ, വെറുപ്പാണോ, അത് കൃത്യമായി ആ രാഗത്തിൽ തന്നെയായിരുന്നോ എന്നതിനെക്കുറിച്ചൊന്നും അല്ലാത്ത ചിലത് നിങ്ങളെ ആകർഷിക്കുന്നു. അത്തരം കാര്യങ്ങളെല്ലാം ആ നിമിഷത്തിൽ അപ്രസക്തമാണ്. നിങ്ങൾ വളരെ ആഴത്തിലുള്ള ഒന്നുമായി സമ്പർക്കത്തിൽ വരുന്നു, നിങ്ങളുടെ ശരീരം അതിനോട് പ്രതികരിക്കുന്നു. നിങ്ങൾക്ക് പ്രതികരിക്കാൻ ആഗ്രഹമുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ ശരീരം പ്രതികരിക്കുന്നു.
അപ്പോഴാണ് നിങ്ങളുടെ ശരീരം ചലിക്കുന്നത്, നിങ്ങൾ ശ്വാസം അടക്കിപ്പിടിക്കുന്നത്. അവിടെ എവിടെയാണ് വ്യക്തി? നിങ്ങൾ ശ്വാസം അടക്കിപ്പിടിച്ചു വിടുന്നു. ആ നെടുവീർപ്പാണ് സത്യം. പക്ഷെ വേദിയിൽ അത് കാണിക്കരുത് എന്ന് നിങ്ങളെ പഠിപ്പിക്കുന്നു. ഒരു സംഗീതജ്ഞനോട് സ്ഥിരം പറയുന്ന ഒന്നുണ്ട്, "കേൾക്കൂ, നിങ്ങളുടെ വികാരങ്ങളൊന്നും കാണിക്കരുത്, അതൊക്കെ പ്രേക്ഷകർക്കുള്ളതാണ്, നിങ്ങൾ പാടണം. പാടുക മാത്രം ചെയ്‌താൽ മതി.’
അങ്ങനെ ചെയ്യാൻ കഴിയാത്ത ചുരുക്കം ചിലരിൽ ഒരാളായിരുന്നു ഞാൻ. എനിക്കൊരിക്കലും അതു ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ഞാൻ പാടുമ്പോൾ, എന്താണ് സംഭവിക്കുന്നത് എന്ന് എനിക്കറിയാത്ത ചില നിമിഷങ്ങൾ ഉണ്ടാകുന്നു.
ആ സംഗീതത്തിൽ അതേ പടി നിന്ന് പാടാൻ എനിക്കു കഴിയുന്നില്ല എന്ന് മാത്രം എനിക്കറിയാമായിരുന്നു. ആ നിമിഷങ്ങൾ എന്നെ വല്ലാതെ ഉലച്ചു. അവ എന്നെ വല്ലാതെ അസ്വസ്ഥനാക്കി.
അവ എന്നെ അസ്വസ്ഥനാക്കിയതിന്റെ കാരണം, നിങ്ങൾ "ആഹാ’ എന്നു പറയുന്നതുപോലെ, ഉച്ചത്തിലുള്ള ആ നിമിഷങ്ങളിൽ ഞാനും "ആഹാ’ എന്നു പറയുകയായിരുന്നു. അപ്പോൾ ഞാൻ ആരോടാണ് "ആഹാ’ എന്നു പറയുന്നത്? ഞാനും "ആഹാ’ എന്നു പറയുകയാണ്, ആ നിമിഷം എനിക്കും ഒരു "ആഹാ’ നിമിഷമാണ്. അതിനർഥം, എന്റെ ‘ഞാൻ എന്ന ബോധ'വുമായി ബന്ധമില്ലാതെ എന്തോ സംഭവിക്കുന്നു എന്നാണ്. ഞാനാണ് ഇതെല്ലാം ചെയ്യുന്ന മഹാനായ ഗായകൻ എന്ന് പറയുന്നതിൽനിന്ന് വിമുക്തമായി എന്തോ സംഭവിക്കുന്നു. മറ്റൊരാളെപ്പോലെ ഞാനും അതിനെ നോക്കിക്കാണുകയും "ദൈവമേ!’ എന്നു പറയുകയും ചെയ്യുന്നു. സൂര്യോദയം കാണുന്നതുപോലെ, അല്ലെങ്കിൽ അതുപോലെ മറ്റെന്തെങ്കിലും കാണുന്ന പോലെയാണത്. എന്നാൽ ഇവിടെ വ്യത്യാസം എന്തെന്നാൽ, ഇതൊരു മനുഷ്യസൃഷ്ടിയാണ്. കല ഒരു മനുഷ്യസൃഷ്ടിയാണ്, അത് ആകസ്മികമാണ്. എനിക്ക് പൂർണമായും നിയന്ത്രണമുണ്ടാവുകയും, എല്ലാം ശരിയായി ചെയ്യുന്നു എന്ന് ഉറപ്പാക്കുകയും, കയ്യടി നേടുകയും ചെയ്യുമ്പോൾ ഒന്നും ഒരിക്കലും എനിക്ക് അത് തോന്നിയിട്ടില്ല. എനിക്ക് ആ നിമിഷം ഒരിക്കലും ലഭിച്ചിട്ടില്ല.
എന്റെ ഗവേഷണം യഥാർഥത്തിൽ കർണാടകസംഗീതത്തിന്റെ ചരിത്രത്തെക്കുറിച്ചും ഇന്ത്യൻ സംഗീതത്തിന്റെ ചരിത്രത്തെക്കുറിച്ചും ആയിരുന്നു. ഞാൻ ഒരുപാട് പുസ്‌തകങ്ങളും കയ്യെഴുത്തുപ്രതികളും വായിച്ചു. എനിക്ക് സംസ്‌കൃതമോ തെലുങ്കോ മറ്റ് ഭാഷകളോ അധികമൊന്നും അറിയില്ല. അതുകൊണ്ട് ഭരതൻ എന്താണ് പറയുന്നതെന്നും ശാർങ്ഗദേവൻ എന്താണ് പറയുന്നതെന്നും വിശദീകരിക്കാൻ ഞാൻ എല്ലാ പണ്ഡിതന്മാരെയും ബുദ്ധിമുട്ടിച്ചു. ഞാൻ പിന്നോട്ട് പോകാൻ ശ്രമിച്ചു. നാട്യശാസ്‌ത്രം, ദത്തിലം, സംഗീത രത്നാകരം എന്നിവയൊക്കെ നോക്കി, അതായത്, ഞാൻ ഒരുപാട് കാര്യങ്ങൾ നോക്കി.
ഡോ. എം വി നാരായണൻ
ഈ സംഗീതം എവിടെനിന്ന് വന്നു എന്ന് മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു. ഇതിന് എത്ര പഴക്കമുണ്ട്? ഈ രാഗങ്ങൾ എന്നു നാം പറയുന്നത് എന്താണ്? കാരണം, ഈ വഴികളിലൂടെയാണ് ഞാൻ അത് അനുഭവിക്കുന്നത്. അതുകൊണ്ട് അത് എന്താണെന്ന് എനിക്കറിയണം. ആ പ്രക്രിയയിലൂടെയാണ് ഞാൻ എന്റെ സ്വത്വത്തിൽ (identity) എത്തിപ്പെട്ടത്. എന്റെ ഐഡന്റിറ്റിയിൽ ഞാൻ എത്തിച്ചേരുന്നത് സംഗീതപരമായ ഒരു പ്രക്രിയയിൽ കൂടിയാണ്. ഈ ചർച്ച ചെയ്യുന്ന കാര്യങ്ങളൊന്നും ശൂന്യതയിൽ നിലനിൽക്കുന്ന ഒന്നല്ല. ഇതെല്ലാം മനുഷ്യരുമായി ബന്ധപ്പെട്ടതാണ്.
അപ്പോൾ, ആരാണ് പാടുന്നത്, ആരാണ് പാടാത്തത്? ആരാണ് കേൾക്കുന്നത്, ആരാണ് കേൾക്കാത്തത്? ആർക്കൊക്കെ പാടാൻ കഴിയും, പക്ഷെ വേദിയിൽ പാടാൻ ആരൊക്കെ അനുവദിക്കപ്പെട്ടിരുന്നില്ല? ആരൊക്കെയായിരുന്നു പാടിയിരുന്നത്, പക്ഷേ ഇപ്പോൾ ആരൊക്കെ നിലവിലില്ല? ഞാൻ സംസാരിക്കുന്ന ഈ കാര്യങ്ങളെല്ലാം സൃഷ്ടിച്ചത് മനുഷ്യരാണ്. എവിടെയാണ് ഈ മനുഷ്യർ? ആരാണ് ഈ മനുഷ്യർ? ഈ ചോദ്യങ്ങളിലേക്ക് കാലെടുത്തുവെക്കുമ്പോൾ, ഞാൻ വർഗത്തെക്കുറിച്ചും ലിംഗഭേദത്തെക്കുറിച്ചും ഭാഷയെക്കുറിച്ചും ഈ വിഷയവുമായി ബന്ധമില്ലെന്ന് ഞാൻ കരുതിയ എല്ലാ കാര്യങ്ങളെക്കുറിച്ചുമായിരുന്നു ചിന്തിച്ചത്. അതോടെ എന്റെ ചർച്ച ആകെ കുഴഞ്ഞുമറിഞ്ഞു.
എങ്ങനെ കുഴഞ്ഞുമറിഞ്ഞു എന്നു ചോദിച്ചാൽ, എനിക്ക് കർണാടകസംഗീതത്തെക്കുറിച്ച് മാത്രം സംസാരിക്കാൻ കഴിയാതെ വന്നു. എനിക്ക് ആളുകളെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്, ഈ രാജ്യത്തിന്റെ സവിശേഷത എന്താണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഒരു ആത്മപരിശോധന നടത്തേണ്ടതുണ്ട്. തോടി കേൾക്കുമ്പോൾ എനിക്ക് അനുഭവപ്പെടുന്ന കാര്യങ്ങൾ ഇവിടുത്തെ എല്ലാ മനുഷ്യർക്കും അനുഭവിക്കാൻ കഴിയാത്തതിന്റെ ഒരു കാരണം ഞാനാണെന്ന് ഞാൻ തിരിച്ചറിയണം. അപ്പോൾ നിങ്ങൾ കണ്ടെത്തുന്നത് എന്താണ് തെറ്റ് എന്നതിനെക്കുറിച്ച് ഒരു ബോധമാണ്, അതു മാറ്റാനുള്ള ശ്രമങ്ങളിലേക്ക് അത് നിങ്ങളെ നയിക്കുന്നു, അതിൽനിന്ന് കലയുടെ ചില ആശയങ്ങൾ ഉരുത്തിരിയുന്നതായി തോന്നുന്നു. അപ്പോൾ നിങ്ങൾക്ക് സാമൂഹിക ഉത്തരവാദിത്വത്തിന്റെയും സാമൂഹിക ദിശാബോധത്തിന്റെയും ബോധം നൽകുന്ന കല ലഭിക്കുന്നു.
എം വി എൻ: അതായത്, താങ്കൾ പറയുന്നത്, ഈ ബോധം ഉയർന്നുവന്നത് കലയുടെ പ്രയോഗത്തിൽനിന്ന്, സംഗീതത്തിൽനിന്ന് തന്നെയാണ്, എന്നാണ്. തിരിച്ചായിരുന്നില്ല, എന്നല്ലേ?
ടി എം െക: അത് സത്യമാണ്. എന്റെ കാര്യത്തിൽ, അത് അങ്ങനെ തന്നെയായിരുന്നു; സാമൂഹിക ഉത്തരവാദിത്വത്തിൽനിന്ന് സംഗീതത്തിലേക്കല്ല, മറിച്ച് സംഗീതത്തിൽനിന്ന് സാമൂഹിക ഉത്തരവാദിത്വത്തിലേക്ക്.
എം വി എൻ: സത്യത്തിൽ, ഇപ്പോൾ എനിക്ക് വാക്കുകളില്ല. തുടർന്ന് ഇവിടെ എന്തു ചോദിക്കണമെന്ന് എനിക്കറിയില്ല.
ടി എം െക: അത് അങ്ങനെ തന്നെയാണ്. അതായത്, സംഗീതമില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ ഇരുന്നുകൊണ്ട് താങ്കളുമായി ഒരു ചർച്ച നടത്തുകയില്ലായിരുന്നു എന്ന് എനിക്കറിയാം. ഇത് വളരെ വിചിത്രമായി തോന്നാം. കർണാടകസംഗീതമില്ലായിരുന്നെങ്കിൽ, ഞാൻ ജാതിയെക്കുറിച്ച് ചർച്ച ചെയ്യില്ലായിരുന്നു. അതായിരിക്കും എനിക്കിത് പറയാനുള്ള ഏറ്റവും നല്ല വഴി. അതുകൊണ്ട്, ഈ സംഗീതം എന്താണ് ഉണ്ടാക്കുന്നത്? അതിന്റെ ഭാഗങ്ങൾ എന്തൊക്കെയാണ്, അതിന്റെ വസ്‌തുക്കൾ (material) എന്താണ്? അതിന്റെ ലക്ഷ്യം എന്താണ്? കലയിൽ ഒരു വസ്‌തുവുണ്ട്. എന്താണ് ആ വസ്‌തു? നേരാംവണ്ണം അന്വേഷിച്ചാൽ, നമ്മൾ കലാവസ്‌തുവാണെന്ന് കരുതുന്നതിന്റെ പകുതിയും വസ്‌തുവല്ല എന്ന് നിങ്ങൾ കണ്ടെത്തും. അത് നമ്മൾ കലാവസ്‌തുവിന്റെമേൽ അടിച്ചേൽപ്പിക്കുന്ന ചില സാമൂഹിക സിദ്ധാന്തങ്ങളുടെ (social dogmas) ഫലമാണ്.
എം വി എൻ: ഇതിന്റെ തുടർച്ചയായി ഞാൻ ചോദിക്കട്ടെ, താങ്കൾ പാടിക്കൊണ്ടിരുന്ന ഒരു സംഗീതം ഉണ്ടല്ലോ, ആ സംഗീതം താങ്കൾ പാടാൻ ആഗ്രഹിച്ച ഒരു സംഗീതത്തിൽനിന്നും, താങ്കളെ തടയുന്നതായി താങ്കളുടെ ഗവേഷണങ്ങളിലോ അന്വേഷണങ്ങളിലോ, കണ്ടെത്തിയിട്ടുണ്ടോ? അതിന് എന്തെങ്കിലും തരത്തിലുള്ള സാമൂഹികമായ തടസ്സം ഉണ്ടായിരുന്നോ, അത് താങ്കൾക്കും മറ്റ് സംഗീതജ്ഞർക്കും സംഗീതത്തിൽ സ്വയം കണ്ടെത്താൻ പ്രയാസമുണ്ടാക്കിയോ?
ടി എം െക: ശരി, അതൊരു ശ്രദ്ധേയമായ ചോദ്യമാണ്. ഇത് ശരിക്കും വളരെ ശ്രദ്ധേയമായ ചോദ്യമാണ്, കാരണം സാമൂഹിക പ്രസക്തിയുള്ള പാട്ടുകൾ പാടുക എന്ന വ്യക്തമായ ഒരു ഉത്തരം എനിക്ക് അതിനു നൽകാൻ കഴിയും. എന്നാൽ, ഞാൻ ആ ഉത്തരം നൽകാൻ പോകുന്നില്ല. എന്റെ ഗാനശേഖരത്തിൽ ജാതിയെക്കുറിച്ചും ലിംഗഭേദത്തെക്കുറിച്ചും മതത്തെക്കുറിച്ചുമുള്ള പാട്ടുകളുണ്ട്. അതൊരു വ്യക്തമായ കാര്യമാണ്. ഇനി, ആ കാര്യങ്ങളെല്ലാം പാടുമ്പോൾ, എന്റെ സംഗീതം ഒരു വലിയ വിഭാഗം ജനങ്ങളിലേക്കെത്തുന്നു എന്നതും വ്യക്തമായ കാര്യമാണ്. അത് ഞാൻ അംഗീകരിക്കുന്നു, അതിനോട് വിയോജിപ്പുമില്ല.
എന്നാൽ അതിനേക്കാൾ സൂക്ഷ്മവും ആഴത്തിലുള്ളതുമായ ചിലത് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. അത് ഒരുപക്ഷേ ചിലർക്ക് മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരില്ല. നിങ്ങൾക്കറിയാമോ, ഞാൻ ആ പാട്ടുകൾ വെറുതെ പാട്ടിന് വേണ്ടി മാത്രം പാടുന്നില്ല. ഞാൻ ഒരു പരമ്പരാഗത ഗാനശേഖരം പാടുന്നു എന്നു കരുതൂ, അതിൽ ഈ പാട്ടുകളും ഉൾപ്പെടുത്തുന്നു എന്നു കരുതൂ. അപ്പോൾ മറ്റൊരു ചോദ്യം ചോദിക്കാം. നമുക്കതിനെ ഉദ്ധരണിയിൽ (quotes) നിർത്താം: "ഇന്ന് ഞാൻ ഈ ശേഖരം പാടുമ്പോൾ, അത് 20 വർഷം മുമ്പുള്ളതിനേക്കാൾ കൂടുതൽ സ്വതന്ത്രമാണോ?’ നമുക്ക് അങ്ങനെ ചോദിക്കാം.
അതൊരു പ്രയാസകരമായ ചോദ്യമാണ്. ഈ ചോദ്യത്തിന്റെ ഉത്തരം കുറച്ചു വിചിത്രമാണ്. പക്ഷേ, ആളുകൾ എന്നോട് പറഞ്ഞതിൽനിന്ന് ഞാൻ ഉത്തരം നൽകാം. കർണാടകസംഗീതം അറിയാത്തവരോ, ഒരുപക്ഷേ അൽപ്പം കേട്ടിട്ടുള്ളവരോ ആയ ആളുകൾക്ക് പലർക്കും, എന്റെ കലാപരമായ ഇടത്തേക്ക് കടന്നുവരാൻ കഴിയുന്നുണ്ടെന്ന് തോന്നുന്നു. മറ്റുള്ളവരുടെ ഇടത്തിലേക്ക് പ്രവേശിക്കുവാനോ, അതിന്റെ ഭാഗമാകുവാനോ കഴിയാത്ത ഒരു രീതിയിൽ അവർക്ക് എന്റെ ഇടത്തേക്ക് വരാൻ കഴിയുന്നു. അതിന്റെ ഒരു കാരണം അവർ എന്റെ ചർച്ചകളും മറ്റും കേട്ടതുകൊണ്ടാകാം. അതും തീർച്ചയായും ഉണ്ടെന്ന് ഞാൻ പറയും.
എന്നാൽ, അതിൽ സ്വാതന്ത്ര്യത്തെ സംബന്ധിച്ചുള്ള മറ്റെന്തോ ഒന്ന് കൂടി ഉണ്ടെന്ന് ഞാൻ കരുതുന്നു. "സ്വാതന്ത്ര്യം’ എന്നാൽ അത് അനുഭവിക്കുന്ന ഒരാൾ അത് എങ്ങനെ അനുഭവിക്കുന്നു എന്നതുകൂടിയാണ്, അല്ലേ? രാഗം എന്ന സങ്കൽപ്പം, ത്യാഗരാജന്റെയും ദീക്ഷിതരുടെയും സംഗീതം എന്നിവയെക്കുറിച്ചെല്ലാമുള്ള എന്റെ കാഴ്‌ചപ്പാടുകൾ എന്നെ സ്വതന്ത്രനാക്കി എന്ന് ഞാൻ കരുതുന്നു. പഴയ സംഗീതശേഖരത്തെ (repertoire) ഞാൻ ഇന്ന് നോക്കിക്കാണുന്നത് ഒരുതരം വിമോചന വാഞ്‌ഛയോടെയാണ്. എനിക്ക് തികഞ്ഞ സ്വാതന്ത്ര്യം അതിൽ അനുഭവപ്പെടുന്നു. ഞാനിപ്പോൾ അതിനെ അഗാധമായി സ്നേഹിക്കുന്നു. ഇരുപത്തഞ്ചു വർഷം മുമ്പുപോലും എനിക്ക് ഇതിനോട് ഇത്രമേൽ പ്രണയമുണ്ടായിരുന്നു എന്ന് ഞാൻ കരുതുന്നില്ല. ലോകത്തെക്കുറിച്ച് കൂടുതൽ ബോധവാനായതിൽ നിന്നും, അറിവുകൾ നേടിയതിൽ നിന്നും, സ്വാതന്ത്ര്യം, നീതി എന്നിവയെക്കുറിച്ച് അതിന്റെ പൂർണമായ അർഥത്തിൽ പഠിച്ചതിൽ നിന്നുമാണ് അത് വരുന്നത്.
ഞാൻ പാടുന്ന ഓരോ സ്വരത്തിലും ഈ ബോധ്യങ്ങൾ പ്രതിഫലിക്കണമെന്ന കാര്യം നമ്മൾ പലപ്പോഴും മറന്നുപോകുന്നു. ഞാൻ ‘പാ' എന്നു പാടുമ്പോൾ അത് വെറുമൊരു സ്വരം മാത്രമല്ല. ആ ‘പാ'യ്‌ക്ക് സ്വതന്ത്രമായി പറന്നുയരാൻ കഴിയണം. അതിന് പറക്കണമെങ്കിൽ ഞാൻ തികച്ചും സ്വതന്ത്രനായിരിക്കണം. അതായത്, നമ്മൾ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന എല്ലാ ധാർമിക മൂല്യങ്ങളും ആ ഒരു സ്വരം ഉച്ചരിക്കുമ്പോൾ എങ്ങനെയൊക്കെയോ അതിൽ വിനിമയം ചെയ്യപ്പെടണം.
ചിലപ്പോഴൊക്കെ എനിക്ക് സ്വതന്ത്രനാവാൻ കഴിയുന്നുണ്ടെന്നും, മറ്റുള്ളവർക്കുകൂടി ആ സ്വാതന്ത്ര്യം പങ്കുവയ്‌ക്കാൻ കഴിയുന്നുണ്ടെന്നും വിശ്വസിക്കാനാണ് എനിക്കിഷ്ടം. എല്ലായ്‌പ്പോഴും അങ്ങനെ സാധിക്കാറില്ല, കാരണം ഞാനും ദുർബലനായ, മുറിവേറ്റ ഒരു മനുഷ്യനാണ്. എങ്കിലും ചിലപ്പോഴൊക്കെ അത് സംഭവിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഞാൻ ദൈവത്തെക്കുറിച്ചാണോ പാടുന്നത് അതോ ഒരു പാർക്കിലിരുന്നാണോ പാടുന്നത് എന്നത് എന്നെ സംബന്ധിച്ച് ഒരു വിഷയമല്ല. അങ്ങനെ കാര്യങ്ങൾ ഒരുപാട് മാറിയിട്ടുണ്ട്.
എനിക്ക് ഇത്രമാത്രം പറയാം‐ - മുമ്പൊരിക്കലും കേൾക്കാത്ത വിധത്തിലാണ് ഞാനിപ്പോൾ സംഗീതം കേൾക്കുന്നത്. അത് എന്റെ കാതുകളിൽ അത്രമേൽ വ്യത്യസ്‌തമാണ്. എങ്ങനെയെന്ന് ചോദിച്ചാൽ എനിക്ക് ഉത്തരം നൽകാനാവില്ല. ഞാൻ എന്റെ സ്വന്തം ശബ്ദം കേൾക്കുന്നതുപോലും മറ്റൊരു തരത്തിലാണ്. ഞാൻ ഇത് മുമ്പും പറഞ്ഞിട്ടുണ്ട്. ഇരുപത്തഞ്ചു വർഷം മുമ്പുള്ള എന്റെ സംഗീതം ഞാൻ വീണ്ടും കേൾക്കുകയാണെങ്കിൽ ‐ ചിലപ്പോൾ ആ സംഗീതം ഇഷ്ടപ്പെടുന്നവരുടെ ഹൃദയം തന്നെ തകർത്തേക്കാവുന്ന അത്ര കടുപ്പമേറിയ ഒരു വാക്കായിരിക്കാം ഞാൻ ഉപയോഗിക്കാൻ പോകുന്നത് ‐ അത് എന്നെ വല്ലാതെ അലോസരപ്പെടുത്തും. എന്റെ സ്വന്തം സംഗീതത്തെക്കുറിച്ചാണ് ഞാൻ ഈ പറയുന്നത്. ഇന്നത്തെക്കാളും സാങ്കേതികമായി ഏറെ മികവുള്ളതായിരുന്നു അന്നത്തെ എന്റെ സംഗീതം എന്ന് ഞാൻ കരുതുന്നു. 25-‐ാം വയസ്സിൽ എന്റെ ശബ്ദംകൊണ്ട് എനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്ന പല കാര്യങ്ങളും 50-‐ാം വയസ്സിൽ എനിക്ക് ചെയ്യാനാവില്ല. അന്ന് എനിക്ക് മികച്ച കഴിവുകൾ ഉണ്ടായിരുന്നു. എങ്കിലും ആ പഴയ ടി എം കൃഷ്ണയുടെ ശബ്ദം എന്നെ അലോസരപ്പെടുത്തുന്നു. ഈ സംഭാഷണത്തിന് ആവുന്നത്ര ശക്തി നൽകാനാണ് ഞാൻ അത്ര കടുപ്പമുള്ള വാക്ക് ഉപയോഗിക്കുന്നത്. എന്തുകൊണ്ടാണ് അങ്ങനെ തോന്നുന്നത്? കാരണം അതിൽ എന്തിന്റെയൊക്കെയോ അധീശത്വമുണ്ടെന്ന് എനിക്ക് തോന്നുന്നു, എന്തിന്റെയോ ഒരു സമ്മർദം അതിലുണ്ട്, അതിൽ അതിശക്തമായ ഒരഹന്തയുണ്ട് (ego). അത് വെറും വ്യക്തിപരമായ അഹന്തയല്ല, മറിച്ച് സാമൂഹികമായ അഹന്തയാണ്, സാംസ്‌കാരികമായ അഹന്തയാണ്, ജാതിപരമായ അഹന്തയാണ്. എനിക്കിതൊക്കെ അനുഭവിക്കാനാകുന്നുണ്ട്, ആ യാഥാർഥ്യം ഞാൻ അംഗീകരിക്കുകയും ചെയ്യുന്നു. ഞാൻ ആ യാഥാർഥ്യത്തെ തള്ളിക്കളയുന്നില്ല.
കടപ്പാട്: ഗൂഗിൾ
എം വി എൻ: നോക്കൂ, ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ദിശയിലേക്കാണ് ഈ സംഭാഷണം നീങ്ങുന്നത്. എങ്കിലും ഈ ചോദ്യം ചോദിക്കാതെ എനിക്ക് നിവൃത്തിയില്ല. ഇന്ന് താങ്കൾ ത്യാഗരാജനെയോ ശ്യാമ ശാസ്‌ത്രിയെയോ തികച്ചും വ്യത്യസ്‌തമായ രീതിയിൽ കാണുന്നു എന്നും, അനുഭവിക്കുന്നു എന്നും പറയുമ്പോൾ, അവിടെ വിരുദ്ധദ്വന്ദ്വങ്ങളായ (binary opposites) രണ്ട് ബോധങ്ങൾ സൂചിപ്പിക്കപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. അതിലൊന്ന്, ത്യാഗരാജനെയോ രാമായണത്തെയോ മഹാഭാരതത്തെയോ പൂർണമായും തള്ളിക്കളയുക എന്നതാണ്; കാരണം, അവ ജാതിചിന്തകളിൽ അത്രമേൽ ആഴ്‌ന്നുനിൽക്കുന്നു എന്നതുകൊണ്ട്. അതിലെ ഏതൊരു വാക്കോ, പ്രയോഗമോ, വരിയോ എടുത്താലും, അതിൽ ജാതിയെ കണ്ടെത്താൻ നിങ്ങൾക്കു സാധിക്കും. മറുഭാഗത്താകട്ടെ, താങ്കളിലെ പാരമ്പര്യവാദി (traditionalist) പറയുന്നത്, ത്യാഗരാജകൃതികളുടെ സ്വന്തം വ്യാഖ്യാനത്തിലൂടെയോ ആവിഷ്‌കാരത്തിലൂടെയോ, അല്ലെങ്കിൽ ത്യാഗരാജനിലൂടെ തന്നെത്തന്നെ കണ്ടെത്തുന്നതിലൂടെയോ, ‘സത്യം' എന്ന് വിളിക്കാവുന്ന ഒന്ന് താങ്കൾക്ക് തിരിച്ചറിയാൻ കഴിയുന്നു എന്നാണ്.
ടി എം കൃഷ്‌ണ: അതെ, അങ്ങനെ പറയുകയായിരിക്കും ഏറ്റവും ഉചിതമായ രീതി.
എം വി എൻ: ഇത് ആ ചോദ്യത്തെ തികച്ചും വ്യത്യസ്‌തമായ ഒരു പ്രശ്നപരിസരത്തിലേക്കാണ് (problematic) എത്തിക്കുന്നത്. കാരണം, ഇന്ന് കലയിലോ നാടകത്തിലോ ഏതിലുമാകട്ടെ, നാം സാധാരണയായി ഇത്തരം കാര്യങ്ങളെ അവയുടെ ഉള്ളടക്കത്തിന്റെ (content) അടിസ്ഥാനത്തിലാണ് സമീപിക്കുന്നത്. നിങ്ങൾ ദൈവത്തെക്കുറിച്ചാണ് പാടുന്നത്, അല്ലെങ്കിൽ ഭക്തിയെക്കുറിച്ചാണ് പാടുന്നത് എന്നു പറയുമ്പോൾ, അത് ‘ഉള്ളടക്ക'ത്തെ ആസ്‌പദമാക്കിയാണ്. എന്നാൽ ഇതിനപ്പുറം മറ്റൊരു തലമുണ്ടെന്നും, മറ്റൊരു അനുഭവമണ്ഡലമുണ്ടെന്നും താങ്കൾ സൂചിപ്പിക്കാൻ ശ്രമിക്കുന്നു. അതിനെ ‘രൂപം' (form) എന്ന് വിളിക്കാമെങ്കിലും അത് പൂർണമായും അതിൽ ഒതുങ്ങുന്നില്ല; അവിടെ അധികമായി വരുന്ന (surplus) എന്തോ ഒന്നുണ്ട്. അത് കാണാനും പരീക്ഷണങ്ങൾ നടത്താനും നിങ്ങൾ തയ്യാറാണെങ്കിൽ, അത് കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കും.
ടി എം കെ: തീർച്ചയായും! ഇതിലും നന്നായി ഇതു പറയാൻ എനിക്ക് കഴിയില്ല. ഞാൻ നൂറുശതമാനവും അങ്ങനെ തന്നെയാണ് ചിന്തിക്കുന്നത്. സാമൂഹികമായ വീക്ഷണകോണിലൂടെ കാണുന്നതിന് അതിന്റേതായ പ്രാധാന്യമുണ്ടെന്ന് ഞാൻ കരുതുന്നു. താങ്കൾ പറഞ്ഞതുപോലെ, ആ രീതിയിൽ നോക്കുകയാണെങ്കിൽ ഓരോ വാക്കും പ്രശ്നവൽക്കരിക്കപ്പെട്ടേക്കാം. നിങ്ങൾ ജാതിക്കെതിരെ പോരാടുന്ന ഒരാളാണെങ്കിൽ, 200 വർഷങ്ങൾക്ക് മുമ്പ് ഇവർ എഴുതിയ ഓരോ വാക്കിനെയും ജാതിയുടെ അർഥതലങ്ങളിൽ നിർത്തിക്കൊണ്ട് വിമർശിക്കാൻ നിങ്ങൾക്ക് സാധിക്കും. അത്തരം ചിന്താഗതികളിൽ കഴമ്പുണ്ടെന്ന വസ്‌തുത ഞാൻ തള്ളിക്കളയുന്നില്ല. പക്ഷേ, അതിലൊരു പ്രശ്നമെന്തെന്നാൽ, അന്നത്തെ കാലഘട്ടത്തെ ഇന്നത്തെ കണ്ണിലൂടെ മാത്രം കാണുന്ന കാലോചിതമല്ലാത്ത (anachronistic) രീതി ശരിയാകണമെന്നില്ല.
എന്നാൽ മറ്റൊരു ചോദ്യമുണ്ട്, അങ്ങനെയെങ്കിൽ ജാതിക്കും അപ്പുറം അവിടെ മറ്റെന്താണുള്ളത്? ഞാൻ എന്നോട് തന്നെ ആ ചോദ്യം ചോദിക്കാറുണ്ട്. ത്യാഗരാജന്റെ ‘എന്ദുകു പെഡല'യിലോ, ദീക്ഷിതരുടെ ‘ശ്രീ' രാഗത്തിലോ അല്ലെങ്കിൽ ‘നവഗ്രഹകൃതികളി'ലോ, ശ്യാമശാസ്‌ത്രികളുടെ ‘കാമാക്ഷി സ്വരജതി'യിലോ ഉള്ള ആ പ്രത്യേകത എന്താണ്? എല്ലാറ്റിനെയും അതിജീവിക്കുന്ന (transcend) ആ ഘടകം എന്താണ്? അതിൽ മറ്റെന്തെങ്കിലും പ്രവർത്തിക്കുന്നുണ്ടോ?
ആ ചോദ്യം ചോദിക്കുമ്പോൾ നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്ന കാര്യം ഇതാണ്‐ ഈ സംഗീതജ്ഞരെല്ലാം തന്നെ സ്വാതന്ത്ര്യത്തിന് വേണ്ടി ദാഹിക്കുന്നവരായിരുന്നു. അത് തിരിച്ചറിയുക എന്നത് പ്രധാനമാണ്, അതൊരു സങ്കീർണമായ തിരിച്ചറിവാണെങ്കിൽ പോലും. അതെ, തീർച്ചയായും! അവർ ഒരു പ്രത്യേക സാമൂഹിക പശ്ചാത്തലത്തിൽനിന്നാണ് വന്നത്. അവരുടെ അറിവുകൾ, അറിവില്ലായ്‌മകൾ, അവർ നേരിട്ടതും നേരിടാൻ മടിച്ചതുമായ കാര്യങ്ങൾ, ഒരു മനുഷ്യൻ എന്ന നിലയിലുള്ള അവരുടെ പരിമിതികൾ - ഇതെല്ലാം സ്വാഭാവികമായും ആ പശ്ചാത്തലത്തിന്റെ ഭാഗമാണ്. അതെ, അതെല്ലാം അവിടെയുണ്ട്, ഞാൻ അത് അംഗീകരിക്കുന്നു. സത്യത്തിൽ, ഇത്തരം കാര്യങ്ങളെ വിമർശിച്ചുകൊണ്ട് ഞാൻ തന്നെ ഒരു ലേഖനം എഴുതിയിട്ടുണ്ട്; അതുകൊണ്ട് ഞാൻ എന്താണ് പറയുന്നതെന്ന് എനിക്ക് കൃത്യമായ ബോധ്യമുണ്ട്. അവിടെ ഒരു വൈരുധ്യമുണ്ട് (contradiction), ആ വൈരുധ്യം ഇല്ലാതാക്കേണ്ട ഒന്നാണെന്ന് ഞാൻ കരുതുന്നില്ല. മറിച്ച്, ആ വൈരുധ്യത്തെയാണ് നമ്മൾ അനുഭവിക്കേണ്ടതും നിരീക്ഷിക്കേണ്ടതും. കാരണം നിങ്ങളും ഞാനും ആ വൈരുധ്യത്തിന്റെ ഭാഗം തന്നെയാണ്.
നമ്മൾ എത്ര പുരോഗമനപരമായ സംഭാഷണങ്ങൾ നടത്തിയാലും, നമ്മളും ആ വൈരുധ്യങ്ങളാണ്. നമ്മൾ ഉള്ളിന്റെയുള്ളിൽ ആ വൈരുധ്യങ്ങളുമായി മല്ലിടുന്നുണ്ട്. ആ വൈരുധ്യങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് കല സംഭവിക്കുന്നത്. വൈരുധ്യങ്ങൾ ഇല്ലെങ്കിൽ കലയില്ല, കാരണം, കലാകാരൻ അവിടെ നിരന്തരം പോരാടുകയാണ്. അവൻ സ്വാതന്ത്ര്യം കണ്ടെത്തുന്നു, എന്നിട്ട് വീണ്ടും തന്റെ ആ പഴയ ചെറിയ കൂട്ടിലേക്ക് തിരിച്ചുപോകുന്നു; ‘എന്തുകൊണ്ടാണ് ഞാൻ ഈ കൂട്ടിനുള്ളിലായത്?' എന്ന് ചോദിക്കുന്നു. ‘രാമാ, വന്ന് എന്നെ ഈ കൂട്ടിനുള്ളിൽനിന്ന് മോചിപ്പിക്കൂ' എന്ന് അവൻ വിളിക്കുന്നു. അപ്പോൾ രാമനല്ല വരുന്നത്, പകരം ‘ബേഗഡ' (രാഗം) വന്ന് അവനെ ആ കൂടിനുള്ളിൽനിന്ന് മോചിപ്പിക്കുന്നു. മനുഷ്യന്റെ എത്ര മനോഹരമായ ചലനമാണത്! എന്നെ സംബന്ധിച്ച് അതാണ് ദൈവികത. ‘ദൈവികം' എന്ന വാക്ക് ഞാൻ ഉപയോഗിക്കുകയാണെങ്കിൽ, ഈയൊരു മാറ്റത്തെയാണ് ഞാൻ അങ്ങനെ വിളിക്കുക. അത് തികച്ചും ദൈവികമാണ്, കാരണം അത് യാഥാർഥ്യമാണ്. അത് സങ്കൽപ്പമല്ല, മറിച്ച് മനുഷ്യന്റെ പോരാട്ടമാണ്. ആ പോരാട്ടത്തെയാണ് കലയിലെ ഏറ്റവും വിലപ്പെട്ട കാര്യമായി ഞാൻ കാണുന്നത്. നമ്മൾ കാണാൻ വിസമ്മതിക്കുന്ന പല തലങ്ങൾ അതിലുണ്ടെന്നാണ് ഞാൻ പറയുന്നത്. നമ്മൾ അത് ഉൾക്കൊള്ളുന്ന നിമിഷം, ആ കൃതികളിലേക്ക് നമുക്ക് പുതിയൊരു പ്രവേശനം ലഭിക്കും; മറ്റൊരു രീതിയിലും നമുക്ക് ലഭിക്കാത്ത ഒന്ന്.
വീണ്ടും പറയട്ടെ, ഇത് ഒരാൾ എത്ര നന്നായി പാടുന്നു എന്നതിനെയോ, അത് എത്ര മനോഹരമാണ് എന്നതിനെയോ, അത് ആരുടെ ശൈലിയാണ് എന്നതിനെയോ കുറിച്ചല്ല. അതെല്ലാം നിസ്സാര കാര്യങ്ങളാണ്. അത്തരം നിസ്സാര കാര്യങ്ങളെക്കുറിച്ച് എനിക്ക് ഒട്ടും താൽപ്പര്യമില്ല. എന്നാൽ അതിനപ്പുറം കടന്ന് യാഥാർഥ്യത്തിൽ എത്തണമെങ്കിൽ, നിങ്ങൾ ആ വൈരുധ്യങ്ങളുമായി മല്ലിടാൻ തയ്യാറാകണം. അതായത് ആ അടിസ്ഥാന പോയിന്റിലേക്ക് തിരിച്ചുപോവുക. നിങ്ങളുടെ ഉള്ളിലെ ജാതിയെയും ലിംഗവിവേചനത്തെയും സാമൂഹിക വർഗത്തെയുമെല്ലാം അഭിമുഖീകരിക്കാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ, ആ ഒരു ഔന്നത്യമോ (transcendence) അല്ലെങ്കിൽ പരിമിതികളിലേക്കുള്ള ആ തിരിച്ചുവരവോ നിങ്ങൾക്ക് കാണാൻ കഴിയില്ല. ആ മഹത്തായ വ്യക്തികളിലുണ്ടായിരുന്ന പോരാട്ടവും മല്ലിടലും നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയില്ല. നിങ്ങൾ അത് നിങ്ങളുടെ ഉള്ളിൽ തിരിച്ചറിയുന്നതുവരെ, ‘രൂപ'ത്തെയോ (form), അല്ലെങ്കിൽ ആ രൂപത്തിനപ്പുറം നിങ്ങളെ പ്രചോദിപ്പിക്കുന്ന ഒന്നിനെയുമോ, നിങ്ങൾക്ക് കാണാൻ സാധിക്കില്ല . (തുടരും)









0 comments