മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഇന്നും ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; മരണം 14 ആയി, പരിശോധനയ്ക്ക് കെഡാവർ നായകളും

കെഡാവർ നായകളെ ഉപയോഗിച്ച് തെരച്ചിൽ നടക്കുന്നു
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ തകർന്നടിഞ്ഞ പ്രദേശത്ത് ഇന്നും തിരച്ചിൽ തുടരുന്നു. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ സംഭവസ്ഥലത്തുനിന്ന് കൂടുതൽ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. ഇവ ഡിഎൻഎ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. പൊലീസിന്റെ നേതൃത്വത്തിൽ അതീവ ജാഗ്രതയോടെയാണ് പരിശോധന പുരോഗമിക്കുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ കെഡാവർ നായകളെ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ മൃതദേഹങ്ങൾ പൂർണ്ണമായും ചിന്നിച്ചിതറിയ നിലയിലായതിനാൽ പലരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ശരീരഭാഗങ്ങളും ഇന്ന് കണ്ടെടുത്ത അവശിഷ്ടങ്ങളും ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും.
സ്ഫോടനത്തിൽ പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിക്കപ്പെട്ട പലരുടെയും നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. തൃശൂർ പൂരത്തിനായി പടക്കം നിർമ്മിച്ചിരുന്ന പുരകളിലാണ് തുടർച്ചയായ സ്ഫോടനങ്ങളുണ്ടായത്.
പടക്ക നിർമ്മാണത്തിനിടെയുണ്ടായ അശ്രദ്ധയാണോ അപകട കാരണമെന്ന് പരിശോധിച്ചു വരികയാണ്. നാടിനെ നടുക്കിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്താൻ പൂരം ഭാരവാഹികളും ഭരണകൂടവും തീരുമാനിച്ചു. ചടങ്ങുകൾ മാത്രമായി പൂരം പരിമിതപ്പെടുത്തിയേക്കും.
ജില്ലാ കളക്ടറുടെയും സിറ്റി പൊലീസ് കമ്മീഷണറുടെയും മേൽനോട്ടത്തിലാണ് നിലവിൽ രക്ഷാപ്രവർത്തന ഏകോപനം നടക്കുന്നത്. വരും മണിക്കൂറുകളിലും പ്രദേശത്ത് വിശദമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.










0 comments