കോഴിക്കോട് വീണ്ടും വൻ ലഹരിവേട്ട; ഒരുകിലോഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

AI പ്രതീകാത്മക ചിത്രം / GeminiCalicut
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വീണ്ടും വൻ വേട്ട. കാറിൽ കടത്താൻ ശ്രമിച്ച ഒരുകിലോയിലധികം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. പന്തീരംകാവ് ഭാഗത്ത് ശനിയാഴ്ച പുലർച്ചെ നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിമാഫിയ വലയിലായത്.
ചേലമ്പ്ര സ്വദേശി ആദിൽ ഷാൻ, പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് ഹർഷൻ, ഐക്കരപ്പള്ളി സ്വദേശി ഫർഹാൻ എന്നിവരാണ് പിടിയിലായ ലഹരിക്കടത്തുകാർ. ഇന്ന് രാവിലെ ആറുമണിയോടെ ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പന്തീരംകാവ് പൊലീസും സിറ്റി ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.
പ്രതികളെ സംശയാസ്പദമായ രീതിയിൽ കണ്ട കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തിയത്. വിദ്യാലയങ്ങൾ തുറക്കാനിരിക്കെ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം.
ലഹരി വിതരണ ശൃംഖലയിലെ കണ്ണികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംസ്ഥാനത്തെ ലഹരിമുക്തമാക്കാനുള്ള 'നോ ടു ഡ്രഗ്‌സ്' കാമ്പയിന്റെ ഭാഗമായുള്ള ശക്തമായ നിരീക്ഷണമാണ് ലഹരിമാഫിയയ്ക്ക് കനത്ത തിരിച്ചടിയായത്.











0 comments