ഒട്ടും വൈകിയിട്ടില്ല... ഇഷ്ടങ്ങളെ പിന്തുടരൂ

കണ്ണൂർ : ജീവിതത്തിലെ അഭിനിവേശങ്ങളെ കൂടെക്കൂട്ടാൻ വൈകിപ്പോയെന്ന് സങ്കടപ്പെടുന്ന എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ് ബിന്ദുവിന്റെയും ലതികയുടെയും ബാലാമണിയുടെയും വരകൾ. വിരമിച്ചതിന് ശേഷം ചിത്രകലയ്‌ക്കരികിലേക്ക് എത്തുകയും അതിൽ അതിരറ്റ് ആഹ്ലാദിക്കുകയുമാണ് ഇവർ. വലിയ ഉദ്യോഗങ്ങളിൽ നിന്ന് വിരമിച്ചവരുടെ പതിവ് സ്വപ്‌നങ്ങളിലൂടെയല്ല ഇവരുടെ സഞ്ചാരം. തിരക്കുകളിൽ നിന്നൊഴിഞ്ഞപ്പോൾ ചിത്രകലപഠിക്കുകയും പ്രദർശനമൊരുക്കുകയും ചെയ്‌താണ് ഇൗ മൂന്ന് സ്‌ത്രീകളും പെൺതാരകങ്ങളാവുന്നത്.
‘എക്‌സോറ്ററിക’ എന്ന പേരിൽ മഹാത്മാ മന്ദിരത്തിലെ ‘കമ്യൂൺ ദി ആർട് ഹബ്ബി’ലെ ചിത്രപ്രദർശനത്തിലെ വരകളിൽ ചെറുപ്പം തുളുന്പുന്നുണ്ട്. വർഷങ്ങളോളം ജോലിയും കുടുംബവുമായി തിരക്കിലായപ്പോൾ കുട്ടിക്കാലം മുതൽ ഒപ്പമുണ്ടായിരുന്ന ചിത്രം വരയാണ് മൂന്നുപേരും മാറ്റിവയ്‌ക്കാൻ നിർബന്ധിതരായത്. എന്നാൽ വിരമിച്ചതിനുശേഷം ചിത്രകല പരിശീലിക്കുകയും വരയ്‌ക്കാൻ തുടങ്ങുകയുമായിരുന്നു. എൻ കെ ബിന്ദു കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായും കെ കെ ലതികയും എ ബാലാമണിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുമാണ് വിരമിച്ചത്. മൂന്നുപേരും പള്ളിക്കുന്നാണ് താമസം.
മരങ്ങളും പുഴകളും മനുഷ്യരുമൊക്കെ അതിശയിപ്പിക്കുന്ന സൂക്ഷ്‌മഭാവങ്ങളോടെ ക്യാൻവാസിലുണ്ട്. പ്രകൃതിയാണ് മൂന്നുപേരുടെയും ഇഷ്ടവിഷയങ്ങൾ. അക്രിലിക് കളർ ഉപയോഗിച്ചാണ് വര. ദുർഗ്രാഹ്യമായതൊന്നും ഇവരുടെ ചിത്രങ്ങളിൽ ഇല്ലേയില്ല. തീർത്തും ലളിതമായ കാഴ്ചയിൽ ഹൃദയം തൊടുന്നു. പലപ്പോഴായി സംഭവിച്ച യാത്രകളിലെ കാഴ്ചകളാണ് ക്യാൻവാസിലേക്ക് പകർത്തിയത്.
സ്വന്തം ഇഷ്ടങ്ങളെ പിന്തുടരാൻ പ്രചോദിപ്പിക്കുന്ന പ്രദർശനം കാണാൻ ധാരാളം പേരെത്തുന്നു. ചിത്രങ്ങൾ വാങ്ങുന്നു. തിരക്കുകൾക്കിടയിൽ സ്വന്തം ഇഷ്‌ടങ്ങൾ മൂടി വയ്‌ക്കപ്പെടുന്ന സ്‌ത്രീകൾക്ക് പ്രചോദനമാകുക എന്ന ലക്ഷ്യം തന്നെയാണ് പ്രദർശനത്തിനെന്ന് ചിത്രകാരികൾ പറയുന്നു. ചിത്രകാരൻ എബി എൻ ജോസഫ് ഉദ്ഘാടനം ചെയ്‌ത പ്രദർശനം 21ന് അവസാനിക്കും. രാവിലെ 10 മുതൽ വൈകിട്ട് ഏഴുവരെയാണ് സമയം.









0 comments