print edition മണൽനീക്കം മന്ദഗതിയിൽ ; ഒഴിയാതെ മാലിന്യഭീഷണിയും: കുട്ടനാടിനെ മുക്കിയത് തോട്ടപ്പള്ളിയിലെ പിടിപ്പുകേട്

തോട്ടപ്പള്ളി സ്‌പിൽവേ| Photo:wikipedia
ആലപ്പുഴ : തോട്ടപ്പള്ളി സ്‌പിൽവേയിലൂടെ വെള്ളം ഒഴുകിപ്പോകുന്നതിന് സ്വീകരിച്ച നടപടികൾ കാര്യക്ഷമമായില്ല. ഇതിനാൽ കുട്ടനാടൻ ഭാഗങ്ങളിൽ ഭീതിജനകമായ അവസ്ഥ തുടരുകയാണ്. മൂന്ന് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പൊഴിമുഖത്തെ മണൽ നീക്കുന്നുണ്ടെങ്കിലും ഇതിന് തീരെ വേഗമില്ല. വെള്ളം നന്നായി ഒഴുകുന്നതിന് വേണ്ടത്ര ആഴവും ലഭിക്കില്ല. 300 മീറ്റർ വീതിയിലും 20 മീറ്ററെങ്കിലും ആഴവും കിട്ടുന്നതരത്തിൽ ഡ്രഡ്‌ജ് ചെയ്‌ത് മണ്ണ് നീക്കിയാൽ മാത്രമേ ഒഴുക്ക് നല്ലരീതിയിൽ ഉണ്ടാവൂ.
ഇത്തവണ 100 മീറ്റർ വീതിയിലാണ് ഇതുവരെ തുറന്നത്. പൊഴിയിൽ കുടുങ്ങിക്കിടക്കുന്ന മാലിന്യങ്ങളും ഒഴുക്ക് തടസപ്പെടുത്തുന്നുണ്ട്.
ബുധനാഴ്‌ച സ്‌പിൽവേയ്‌ക്ക് സമീപമുള്ള മാലിന്യങ്ങൾ നീക്കാൻ നടപടിയാരംഭിച്ചു. ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി സ്‌പിൽവേയ്‌ക്ക് സമാന്തരമായി പടിഞ്ഞാറുഭാഗത്ത് നിർമിച്ച താൽക്കാലികപാലത്തിൽ തങ്ങിയ മാലിന്യങ്ങളാണ് നീക്കുന്നത്.
ജെസിബി ഉപയോഗിച്ച് പാലം മുറിച്ചാണ് മാലിന്യം തള്ളിയത്. പ്ലാസ്‌റ്റിക്കും തടിക്കഷണങ്ങളും ഉൾപ്പെടെ ടൺ കണക്കിന് മാലിന്യങ്ങൾ കടലിലേക്ക് ഒഴുക്കിയത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിനും വഴിയൊരുക്കി. സ്‌പിൽവേയ്‌ക്ക് കിഴക്കുഭാഗത്ത് വൻതോതിൽ മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്. ഇത് ഷട്ടറിൽ തടഞ്ഞ് ഒഴുക്ക് തടസപ്പെടുന്നുണ്ട്. ഇവ രാത്രി സമയത്ത് നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞദിവസം ജലസേചന വകുപ്പ് അധികൃതർ ഷട്ടറിലൂടെ മാലിന്യം തള്ളാൻ ശ്രമിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.










0 comments