വായിക്കാൻ സമയമില്ലെന്ന് പറയുന്നവർ സ്വരാജിനെ കാണണം: എം മുകുന്ദൻ

കണ്ണൂർ: പുസ്‌തകം വായിക്കുക മാത്രമല്ല, അവയെക്കുറിച്ച് മനോഹരമായി സംസാരിക്കുകയും ചെയ്യുന്നയാളാണ് എം സ്വരാജ് എന്ന് സാഹത്യകാരൻ എം മുകുന്ദൻ. വായിക്കാൻ സമയമില്ലെന്നു പറയുന്നവർ എം സ്വരാജിനെ കാണണം. രാഷ്‌ട്രീയ പ്രവർത്തനത്തിനൊപ്പം ഗൗരവമേറിയ വായനയുമുണ്ട് സ്വരാജിന്. നോവലും കഥയും മാത്രമല്ല, വ്യത്യസ്‌ത വിഷയങ്ങളിലുള്ള ആഴത്തിലുള്ള വായനയും എം സ്വരാജിനെ വ്യത്യസ്‌തനാക്കുന്നു. അദ്ദേഹം പൂക്കളെ കുറിച്ച് പുസ്‌തകവും രചിച്ചിട്ടുണ്ട്. കണ്ണൂരിൽ ജില്ലാ ലൈബ്രറി കൗൺസിലിന്റെ പുസ്‌തകോത്സവം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് രണ്ടാഴ്‌ച മാത്രം ശേഷിക്കെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് മണ്ഡലത്തിൽ കളം നിറഞ്ഞു. നിലപാടുകളിലെ കൃത്യതയും പറയുന്നതിലെ തീർച്ചയും മൂർച്ചയും സ്വരാജിന്റെ സ്വീകാര്യതയ്‌ക്ക് മാറ്റുകൂട്ടുന്നു. ആകെ പത്ത് സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. അനായസവിജയം പ്രതീക്ഷിച്ച് ആദ്യം സ്ഥാനാർഥിയെ ഇറക്കിയത് യുഡിഎഫായിരുന്നു. എന്നാൽ മികച്ച സ്ഥാനാർഥിയെന്ന് മുസ്ലിം ലീഗ്– കോൺഗ്രസ് നേതാക്കളും സമ്മതിച്ച സ്വരാജിന് ലഭിക്കുന്ന പൊതുസ്വീകാര്യതയാണ് യുഡിഎഫിനെ അലട്ടുന്നത്.
കോൺഗ്രസിൽ മാത്രമല്ല ലീഗിലും പൂർണസ്വീകാര്യനല്ല യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തെന്ന് ഇതിനകം വെളിവായി. പുറമെയാണ് പി വി അൻവർ ഉയർത്തുന്ന വെല്ലുവിളി. യുഡിഎഫിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. മോഹൻ ജോർജാണ് ബിജെപി സ്ഥാനാർഥി. എസ്‌ഡിപിഐ സ്ഥാനാർഥിയായി അഡ്വ. സാദിഖ് നടുത്തൊടിയും മത്സരരംഗത്തുണ്ട്. മറ്റ് അഞ്ചു പേർ സ്വതന്ത്രരാണ്. 2,32,384 വോട്ടർമാരുള്ള നിലമ്പൂരിൽ 19നാണ് പോളിങ്.










0 comments