print edition എരിയുന്ന വയറിന്റെ തീ കെടുത്തിയ സർക്കാർ : തോമസ് കെ തോമസ്

തിരുവനന്തപുരം
എരിയുന്ന വയറിന്റെ തീ കെടുത്തിയ സർക്കാരാണിതെന്ന് മുരളി പെരുനെല്ലി. വലിയ ദുരിതങ്ങളെ അതിജീവിച്ചാണ് കേരളം ഇതുവരെ എത്തിയതെന്നും ഇനിയും മുന്നോട്ടുപോകുമെന്നും തോമസ് കെ തോമസ്. കേരളം കടമെടുത്താൽ പാപവും കേന്ദ്രം ചെയ്താൽ പുണ്യവുമാകുന്നതെങ്ങനെ എന്ന് ഇ കെ വിജയൻ. പ്രതിപക്ഷത്തിന്റെ അഭാവത്തിലും സർക്കാരിന്റെ വികസന നേട്ടങ്ങളും വളർച്ചയും എണ്ണിപ്പറഞ്ഞ് ബജറ്റുചർച്ചയിൽ ഭരണപക്ഷാംഗങ്ങൾ കത്തിക്കയറി.
സിപിഐ എമ്മിലെ ഡി കെ മുരളിയാണ് ബുധനാഴ്‌ച ചർച്ച തുടങ്ങിയത്. കേരളവിരുദ്ധ സമീപനംമൂത്ത് പ്രതിപക്ഷവും കേന്ദ്രസർക്കാരും ജനങ്ങളെ ശത്രുക്കളായി കാണുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വർണമോഷണം സംബന്ധിച്ച് സഭയിൽ ചർച്ച നടത്താനും അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. പത്തുവർഷമായി ജീവിതനിലവാരത്തിലുണ്ടായ ഉയർച്ച കാണാതെ പോകരുതെന്ന് ജോബ് മൈക്കിൾ. കിഫ്‌ബിയെ കളിയാക്കിയവർ ഇപ്പോൾ ക്രെഡിറ്റ് എടുക്കാൻ നടക്കുകയാണ്. 50 കഴിഞ്ഞ കന്യാസ്‌ത്രീകൾക്ക് പെൻഷൻ നൽകാൻ തയ്യാറായ സർക്കാരിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ഇപ്പോൾ ബഹിഷ്കരണ കമ്മിറ്റിയായി മാറിയെന്നും ശബരിമലയിലെ അന്വേഷണം മലയാളികൾക്കെല്ലാം മനസ്സിലാകുമ്പോഴും പ്രതിപക്ഷത്തിന് മനസിലാകുന്നില്ലെന്നും ആന്റണി ജോൺ പറഞ്ഞു. അയ്യപ്പൻപോലും പൊറുക്കില്ലെന്നും യുഡിഎഫിന് പാരഡി പാട്ടുംപാടി ഇനിയും നടക്കാമെന്നും പറഞ്ഞു.
കുട്ടനാടൻ ജനതയ്‌ക്ക് കുടിവെള്ളം എത്തിച്ച സർക്കാരാണിതെന്ന് തോമസ് കെ തോമസ് പറഞ്ഞു. ഗിഗ് തൊഴിലാളികളെയുൾപ്പെടെ ഒരു സർക്കാർ പരിഗണിക്കുന്നത് ആദ്യമാണെന്ന് ഡോ. സുജിത് വിജയൻ പിള്ള പറഞ്ഞു. കേരളം ഇന്ന് ചെയ്യുന്നത് നാളെ രാജ്യം മാതൃകയാക്കും. അഞ്ചു പൈസ കൊടുക്കാത്ത പിശുക്കൻ കാരണവരുടെ സ്വഭാവമാണ് കേന്ദ്രത്തിനെന്ന് എം രാജഗോപാൽ ബജറ്റ് ചർച്ചയിൽ പറഞ്ഞു.










0 comments