ധവളപത്രം തയ്യാറാക്കുമ്പോൾ ആ മൂന്ന് കാര്യങ്ങളിൽ വ്യക്തത വരുത്തണം; വി ഡി സതീശനോട് തോമസ് ഐസക്

വി ഡി സതീശൻ (ഇടത്) ഡോ. ടി എം തോമസ് ഐസക് (വലത്)
ആലപ്പുഴ: സാമ്പത്തിക ധവളപത്രം തയ്യാറാക്കുമ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ നിരന്തരം പറഞ്ഞിരുന്ന മൂന്ന് കാര്യങ്ങളെപ്പറ്റി വ്യക്തത കൂടി വരുത്തണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്. സംസ്ഥാനത്തിന് 25,000 കോടി രൂപയുടെ നികുതി കുടിശ്ശികയുണ്ടെന്നും അത് പിരിച്ചാൽ സാമ്പത്തിക പ്രതിസന്ധി തീരുമെന്നുമായിരുന്നു സതീശൻ പറഞ്ഞുകൊണ്ടിരുന്നത്. എത്രയാണ് അതിൽനിന്ന് പിരിക്കാൻ പോകുന്നതെന്ന് വ്യക്തമാക്കണം.
കേരളത്തിൽ വിൽക്കുന്ന സ്വർണത്തിന്റെ അളവ് നോക്കിയാൽ 15,000 കോടി രൂപ പിരിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിൽ എത്ര പിരിക്കുമെന്നും ധവളപത്രത്തിൽ വ്യക്തമാക്കണം. ഐജിഎസ്‌ടി വേണ്ടത്ര പിരിച്ചെടുക്കാത്തതുകൊണ്ട് 25,000 കോടി നഷ്‌ടമുണ്ടായെന്നും പറയുന്നു. ഇതിന് പരിഹാരമായി സംസ്ഥാന സർക്കാർ എന്ത് മാറ്റമാണ് ജിഎസ്‌ടി ഘടനയിൽ കൊണ്ടുവരാൻ പോകുന്നതെന്നും വ്യക്തമാക്കണമെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് അധികാരമേൽക്കുമ്പോൾ ക്യാഷ് ബാലൻസ് എത്രയുണ്ടായിരുന്നു എന്ന് പറയാൻ തയ്യാറാകണം. 6000 കോടിയെന്ന് മുൻധനകാര്യമന്ത്രി പറയുന്നു. പെൻഷന് 1070 കോടി രൂപ അനുവദിച്ചതും ആശമാർക്കും അങ്കണവാടിക്കാർക്കും അലവൻസ് വർധിപ്പിക്കും എന്ന് പറഞ്ഞതുമൊക്കെ നയാപൈസയില്ലെങ്കിൽ എങ്ങനെ നടക്കുമെന്നും അദേഹം ചോദിച്ചു. കഴിഞ്ഞ യുഡിഎഫ് ഭരണം അവസാനിച്ചപ്പോൾ റവന്യൂ ചെലവും മൂലധനച്ചെലവും കൂടി 94,000 കോടി രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം 1,98,000 കോടി രൂപയാണ് ചെലവ്. പൂച്ച പെറ്റുകിടന്നെന്ന് പറയുന്ന ട്രഷറിയിലാണ് ഇങ്ങനെ സംഭവിച്ചത്. ഇത് ബജറ്റിൽനിന്ന് നേരിട്ടുള്ള ചെലവാണ്. യുഡിഎഫ് ഭരണത്തിന്റെ അവസാന വർഷം 7500 കോടി മാത്രമായിരുന്നു മൂലധനച്ചെലവ്.
വായ്‌പയൊക്കെ തിരിച്ചടക്കാനും കഴിയും. യുഡിഎഫ് അടക്കം ഏകകണ്‌ഠമായി പാസാക്കിയതാണ് കിഫ്‌ബി നിയമം. അതിൽപ്പറഞ്ഞ പണം കൊടുത്താൽ മതി. അക്കാര്യം എങ്ങനെയൊക്കെയെന്ന് നിയമത്തിൽ കൃത്യമായി നിർവചിച്ചിട്ടുണ്ട്. പത്തുവർഷമായി കേരളത്തെ കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നതിനെതിരെ പാർലമെന്റിൽ ഒരു തവണ പോലും ഇവിടെ നിന്ന് ജയിച്ചുപോയവർ എഴുന്നേറ്റ് നിന്നിട്ടില്ല. ഇതേ നയം തുടരാനാണ് ഭാവമെങ്കിൽ യുഡിഎഫ് മുന്നോട്ടുപോവില്ലെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
വനിതകളുടെ സൗജന്യയാത്ര കെഎസ്‌ആർടിസിയുടെ ചെലവിൽ നടത്താനാവില്ല. നഷ്‌ടം നികത്താനുളള തുക സർക്കാർ നൽകണം. അല്ലെങ്കിൽ ഡീസൽ അടിക്കാൻ പോലും പണമില്ലാതെ കെഎസ്‌ആർടിസി പൂട്ടിപ്പോകുന്ന അവസ്ഥയുണ്ടാകും. ഇങ്ങനെ സംഭവിച്ചാൽ എൽഡിഎഫോ അവിടത്തെ തൊഴിലാളികളോ നോക്കി നിൽക്കില്ല. കെ റെയിൽ പദ്ധതി യുഡിഎഫ് റദ്ദാക്കിയതിനോടുള്ള ചോദ്യത്തോട് അതിൽ അത്ഭുതമില്ലെന്നും പക്ഷേ, പദ്ധതിക്ക് പകരം എന്തെന്ന് അവർ വ്യക്തമാക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. തിരുത്താനുള്ള എല്ലാ മേഖലകളിലും തിരുത്തി എൽഡിഎഫ് ശക്‌തമായി തിരിച്ചുവരുമെന്നും അദേഹം പറഞ്ഞു.










0 comments