യുഡിഎഫ് സർക്കാർ നികുതി തീരുമാനങ്ങളിൽ അനാസ്ഥ കാണിക്കുന്നു: ഡോ. ടി എം തോമസ് ഐസക്

എറണാകുളം: യുഡിഎഫ് സർക്കാരിന്റെ നികുതി നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. ബിയറും വൈനും അല്ലാത്ത മദ്യപാനീയങ്ങൾക്ക് കുറഞ്ഞ നികുതി നിശ്ചയിച്ചത് വകുപ്പ് മന്ത്രിയോട് ആലോചിക്കാതെയാണെന്നും ഇത് സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എറണാകുളത്ത് ബജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിമണൽ ഖനനത്തിൽ നിയന്ത്രണം വേണമെന്നതാണ് ഇടത് പക്ഷത്തിന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ധാതുഘനനം പൂർണ്ണമായി സ്വകാര്യ മേഖലയ്ക്ക് സർക്കാർ തുറന്നുകൊടുത്താൽ തീരമേഖല ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ പത്ത് വർഷം ഇടതുപക്ഷ സർക്കാർ മുന്നോട്ട് വെച്ച നവകേരള കാഴ്ചപ്പാട് സംസ്ഥാനത്തിന്റെ വികസനത്തിൽ വലിയ മാറ്റം കൊണ്ടുവന്നു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിഘട്ടത്തിലും കേരളത്തിൽ വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടപ്പിലാക്കാൻ ഇടതുപക്ഷ സർക്കാരിന് കഴിഞ്ഞു.
കേരളത്തെ സാമ്പത്തികമായി തകർക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ഇടപെടലുകളെക്കുറിച്ചും അദ്ദേഹം തുറന്നടിച്ചു. ബിജെപിയുടെ സാമ്പത്തിക നയത്തോട് കോൺഗ്രസിന് എതിർപ്പില്ല. കിഫ്ബി വഴി എടുക്കുന്ന വായ്പ കേരള സർക്കാർ എടുക്കുന്ന വായ്പയ്ക്ക് തുല്യമാണെന്ന് കേന്ദ്രം തെറ്റായി വ്യാഖ്യാനിക്കുകയാണ്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് ലഭിക്കേണ്ട വായ്പയിൽ 40 ശതമാനത്തോളം കേന്ദ്രം വെട്ടിക്കുറച്ചു. മറ്റ് സംസ്ഥാനങ്ങൾക്ക് വരുമാനത്തിന്റെ 50 ശതമാനം വിഹിതം നൽകിയപ്പോൾ കേരളത്തിന് ലഭിച്ചത് വെറും 27 ശതമാനം മാത്രമാണ്. കേന്ദ്രത്തിന്റെ ഈ വിവേചനത്തെ അതിജീവിച്ചത് തനത് വരുമാനം വർദ്ധിപ്പിച്ചാണെന്നും തോമസ് ഐസക് വ്യക്തമാക്കി.










0 comments