ad
Deshabhimani

'ബോസ് സ്കാം' തട്ടിപ്പ് വ്യാപകം; കമ്പനികളെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് സൈബർ തട്ടിപ്പുകാർ, ജാഗ്രതാ നിർദ്ദേശം

cyber fraud crime

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 22, 2026, 07:51 PM | 1 min read

ന്യൂഡൽഹി: കമ്പനികളുടെ തലപ്പത്തുള്ളവരെയും മുതിർന്ന ഉദ്യോഗസ്ഥരെയും ലക്ഷ്യമാക്കി 'ബോസ് സ്കാം' (Boss Scam) എന്ന പേരിൽ പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നതായി ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ.


ആർബിഐ ഉൾപ്പെടെയുള്ള നിയന്ത്രണ ഏജൻസികളെന്ന വ്യാജേന ഇ-മെയിലുകളും വാട്സ്ആപ്പ് സന്ദേശങ്ങളും അയച്ചാണ് തട്ടിപ്പുകാർ പണം തട്ടുന്നത്. ഐഫോസിക്ക് കീഴിലുള്ള നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റ് ആണ് തിങ്കളാഴ്ച ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്.


നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നോ അല്ലെങ്കിൽ സുരക്ഷാ അപ്‌ഡേറ്റുകൾ അടിയന്തരമായി ആവശ്യമുണ്ടെന്നോ പറഞ്ഞാണ് കമ്പനി സിഇഒമാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും സന്ദേശങ്ങൾ അയക്കുന്നത്. ഇതോടൊപ്പം ഒരു കംപ്രസ്ഡ് സിപ്പ് ഫയലും ഉണ്ടാകും.


ഈ ഫയൽ വിൻഡോസ് കമ്പ്യൂട്ടറുകളിൽ ഡൗൺലോഡ് ചെയ്താൽ മാൽവെയറുകൾ ഇൻസ്റ്റാൾ ആകുകയും സിസ്റ്റം തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകുകയും ചെയ്യും.


തുടർന്ന് വാട്സ്ആപ്പ് വെബ് സെഷനുകൾ ഹൈജാക്ക് ചെയ്ത് സിഇഒയുടെ യഥാർത്ഥ വാട്സ്ആപ്പ് അക്കൗണ്ട് തട്ടിപ്പുകാർ സ്വന്തമാക്കുന്നു. ഇതിലൂടെ അക്കൗണ്ട്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് തട്ടിപ്പുകാർ നൽകുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് വലിയ തുക കൈമാറാൻ നിർദ്ദേശിക്കുന്നു.


ചില സന്ദർഭങ്ങളിൽ കോൺടാക്റ്റ് ലിസ്റ്റ് തിരുത്തി സിഇഒയുടെ പേരിൽ തട്ടിപ്പുകാരുടെ നമ്പർ സേവ് ചെയ്ത് വയ്ക്കുകയും ചെയ്യും. അടിയന്തര പണമിടപാടുകൾ ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങൾ നേരിട്ടുള്ള ഫോൺ വിളികളിലൂടെയോ നേരിട്ടോ ബന്ധപ്പെട്ട് ഉറപ്പുവരുത്തുക.


അപരിചിതമായ ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന എക്സിക്യൂട്ടബിൾ ഫയലുകൾ ഡൗൺലോഡ് ചെയ്യരുത്. ആർബിഐ പോലെയുള്ള നിയന്ത്രണ ഏജൻസികൾ വാട്സ്ആപ്പ് വഴി സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ അയക്കാറില്ലെന്ന് ഓർക്കുക. വാട്സ്ആപ്പ് ലിങ്ക്ഡ് ഡിവൈസുകൾ ഇടയ്ക്കിടെ പരിശോധിക്കുക.


വിൻഡോസ് സിസ്റ്റങ്ങളിൽ മാൽവെയർ ഡിറ്റക്ഷൻ സോഫ്റ്റ്‌വെയറുകൾ അപ്‌ഡേറ്റ് ചെയ്യുക. സൈബർ തട്ടിപ്പുകൾ നടന്നാൽ ഉടൻ തന്നെ നാഷണൽ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930-ൽ വിളിക്കുകയോ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതി നൽകുകയോ ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home