print edition തിരുവഞ്ചൂരിന്റെ കൺമുന്നിൽ ബിഗ് ടിവി വാർത്താസംഘത്തിന് മർദനം

തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ റോഡ് ഷോയ്‌ക്കിടെ ബിഗ് ടിവി റിപ്പോർട്ടറെ ഡിസിസി വൈസ് പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ക്രിമിനൽ മർദിക്കുന്നു
കോട്ടയം: കോട്ടയം മണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെയും ശശി തരൂർ എംപിയുടെയും കൺമുന്നിൽ ബിഗ് ടിവി മാധ്യമസംഘത്തിന് ഡിസിസി വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ക്രിമിനലുകളുടെ മർദനം.
ബിഗ് ടിവി റിപ്പോർട്ടർ മുഹമ്മദ് റാഫി കരീം, ക്യാമറപേഴ്‌സൺ വിവേക് ജി വിനോദ് എന്നിവരെയാണ് വൈസ് പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം മർദിച്ചത്. മുൻ ഡിസിസി പ്രസിഡന്റ് കുര്യൻ ജോയിയുടെ മകനാണ് ചിന്റു. നേതാക്കളുടെ റോഡ് ഷോയ്‌ക്കിടെയായിരുന്നു മർദനം.
സാരമായി പരിക്കേറ്റ വിവേകും റാഫിയും കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സതേടി. ഏറ്റുമാനൂർ മണ്ഡലത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ബോർഡിൽ വി ഡി സതീശന്റെ ചിത്രം ഒഴിവാക്കിയെന്ന വാർത്ത ഇവർ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിന്റെ പകപോക്കലാണ് മർദനത്തിന് കാരണമായതെന്ന് ബിഗ് ടിവി വാർത്താസംഘം പറഞ്ഞു.
ചൊവ്വ വൈകിട്ട് മാങ്ങാനംകുടിയിൽനിന്നാരംഭിച്ച റോഡ്‌ഷോയ്‌ക്കിടെ ശശി തരൂരിന്റെ പ്രതികരണം തേടുന്നതിനിടെയാണ് ദൃശ്യം പകർത്തിയ ക്യാമറാപേഴ്‌സനെ മർദിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട റിപ്പോർട്ടർ സംഭാഷണം പാതിവഴിയിൽ അവസാനിപ്പിച്ച് പിടിച്ചുമാറ്റാനായി ശ്രമിച്ചു. ഇൗ സമയത്താണ് റിപ്പോർട്ടർക്കും മർദനമേറ്റത്.
ക്യാമറ പിടിച്ചുവാങ്ങി തകർക്കാനും ശ്രമിച്ചു. കഴിഞ്ഞദിവസം കുമളിയിൽ ശശി തരൂർ എംപി പങ്കെടുത്ത പരിപാടിക്കിടെ ഭിന്നശേഷിക്കാരനായ പ്രവർത്തകനെ ഡിസിസി പ്രസിഡന്റ് സി പി മാത്യു തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.










0 comments