print edition ആറാംമാസം അടിയോടടി; സതീശൻ ഒറ്റയ്‌ക്ക് ഭരിക്കേണ്ടെന്ന് മന്ത്രിമാർ


സി കെ ദിനേശ്
Published on Nov 19, 2026, 02:00 AM | 1 min read
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന് ആറുമാസം തികഞ്ഞ നാളിൽത്തന്നെ മന്ത്രിസഭാ യോഗത്തിൽ കൂട്ടക്കലഹം. മുഖ്യമന്ത്രി വി ഡി സതീശന്റെ ഏകാധിപത്യത്തെ ചോദ്യംചെയ്‌ത മന്ത്രിമാർ കൂടിയാലോചനയില്ലാതെയുള്ള പോക്ക് അംഗീകരിക്കില്ലെന്ന് തുറന്നടിച്ചു.
ഗുരുവായൂർ ദേവസ്വം ബോർഡിലെ മൂന്നും പിഎസ്‌സിയിലെ അഞ്ചും ഒഴിവുകളിലേക്ക് നിയമിക്കുന്നവരുടെ പേരുകൾ മുഖ്യമന്ത്രി വായിച്ചതോടെയാണ് തർക്കം തുടങ്ങിയത്. തർക്കംമൂലം രണ്ടര മണിക്കൂർ നീണ്ട മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പല മന്ത്രിമാരോടും കയർത്തു.
പിഎസ്‌സിയുടെ പട്ടിക അവതരിപ്പിച്ചപ്പോൾ എ പി അനിൽകുമാറാണ് ചോദ്യംചെയ്‌തത്. ‘‘ആരോടാണ് ചർച്ചചെയ്‌തത്? മന്ത്രിമാരുമായി ആലോചിച്ചില്ലല്ലോ’’ എന്ന് കയർത്തു. ‘‘കെപിസിസി പ്രസിഡന്റായിട്ടും പല തീരുമാനങ്ങളും ഞാനറിയുന്നില്ല’’ എന്ന് പറഞ്ഞ് സണ്ണി ജോസഫ് ഒപ്പംകൂടി. ഗുരുവായൂർ ദേവസ്വം വിഷയം ആരുമായും ചർച്ച ചെയ്‌തില്ലെന്ന് എം ലിജുവും പറഞ്ഞു. രമേശ് ചെന്നിത്തലയും പരിഭവം പറഞ്ഞു. കൂടിയാലോചനകൾ വേണമെന്ന് മന്ത്രി ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ ആകെയുണ്ടായത് കെ മുരളീധരൻ മാത്രം.
സ്വകാര്യ സർവകലാശാല ബില്ലിൽ മുഖ്യമന്ത്രിയുടെ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്നതിലും ചില മന്ത്രിമാർക്ക് പ്രതിഷേധമുണ്ട്. പിഎസ്‌സിയിൽ കെ സി വേണുഗോപാലിന്റെയും ഗുരുവായൂർ ദേവസ്വം ബോർഡിൽ ചെന്നിത്തലയുടെയും നോമിനികളുടെ പേര് മുഖ്യമന്ത്രി തള്ളിയിരുന്നു.
മുഖ്യമന്ത്രി കൈയേറുന്ന വകുപ്പുകളായ വൈദ്യുതി, എക്‌സൈസ്, വനം മന്ത്രിമാരും റവന്യുമന്ത്രി എ പി അനിൽകുമാറുമാണ് പ്രതിഷേധക്കൊടി ഉയർത്തിയതെന്ന പ്രത്യേകതയുമുണ്ട്.
കോൺഗ്രസിലെ ഗ്രൂപ്പുകളെയും ലീഗൊഴികെയുള്ള ഘടകകക്ഷികളെയും വകവയ്‌ക്കാതെ മുഖ്യമന്ത്രി മുന്നോട്ടുപോകുന്നുവെന്ന് മന്ത്രിമാർ സൂചിപ്പിച്ചു. പിഎസ്‌സിയിൽ ലീഗിനെ പരിഗണിച്ചപ്പോൾ ജോസഫ് വിഭാഗത്തെ തഴയുകയുമായിരുന്നു.








0 comments