print edition ചികിത്സ കിട്ടാതെ യുവാക്കൾ മരിച്ചു

സാംബശിവൻ (ഇടത്) അൻസാർ (വലത്)
ശ്വാസതടസ്സത്തിന് ചികിത്സവെെകി
ശ്വാസതടസ്സത്തെ തുടർന്ന് അത്യാസന്ന നിലയിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ച രോഗി ചികിത്സ ലഭിക്കാതെ മരിച്ചു. പാലക്കാട് കണ്ണാടി ഞായറാഴ്‌ചക്കാവ് വീട്ടിൽ സാംബശിവൻ (42) ആണ് മരിച്ചത്. ബുധൻ രാവിലെ 7.30ന് കണ്ണാടി പഞ്ചായത്തിന്റെ ആംബുലൻസിൽ സാംബശിവനെ ആശുപത്രിയിലെത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാൻ സ്ട്രെച്ചറോ വീൽചെയറോ നൽകിയില്ല.
ആംബുലൻസിൽനിന്ന് ഇറക്കാൻ 10 മിനിറ്റ് വൈകി. കൂടെയുണ്ടായിരുന്നവർ ബഹളംവച്ചതോടെ സ്ട്രെച്ചറിലേക്ക് മാറ്റിയെങ്കിലും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാതെ ഒപി ടിക്കറ്റ് എടുത്തുവരാൻ ജീവനക്കാർ ആവശ്യപ്പെട്ടു. തുടർന്നുണ്ടായ കാലതാമസം മരണത്തിനിടയാക്കിയെന്നാണ് ബന്ധുക്കളുടെ പരാതി.
രോഗിക്കൊപ്പം മാനസിക വെല്ലുവിളി നേരിടുന്ന സഹോദരി ഉണ്ടായിട്ടും ജീവനക്കാർ മനുഷ്യത്വം കാണിച്ചില്ലെന്നും ആരോപണമുണ്ട്. സിസിടിവി ദൃശ്യം പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും പൊലീസിൽ പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: ശിവകൃഷ്‌ണൻ, സതീദേവി, ശ്യാമള.
നെഞ്ചുവേദനയുമായെത്തിയിട്ടും തിരിഞ്ഞുനോക്കിയില്ല
നെഞ്ചുവേദനയെ തുടർന്ന് പുനലൂർ താലൂക്കാശുപത്രിയിലെത്തിച്ച യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചതായി പരാതി. ചികിത്സ വൈകിയതോടെ ഗുരുതരാവസ്ഥയിലായ യുവാവിനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. തെന്മല അനീഷാ മൻസിലിൽ അൻസാർ (37) ആണ് ചൊവ്വ പുലർച്ചെ മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് അൻസാറിന്റെ ഭാര്യ ശരണ്യ പുനലൂർ പൊലീസിൽ പരാതി നൽകി.
തിങ്കൾ രാത്രി 12നാണ് അൻസാറിനെ നെഞ്ചുവേദനയെ തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ചത്. പുലർച്ചെ 1.19ന് ഒപി ടിക്കറ്റ് എടുത്തെങ്കിലും അടിയന്തര ചികിത്സ നൽകാതെ ഒന്നരമണിക്കൂർ അത്യാഹിത വിഭാഗത്തിൽ ഇരുത്തി.
തു
ടർന്ന് പുനലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സ നൽകിയശേഷം ഉടൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. അഞ്ചലിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.മക്കൾ: അശ്വിൻ, അയാൻ.








0 comments