സുഗതന്റെ വ്യാജ ഒപ്പ്; വി വി രാജേഷ് അടക്കം മൂന്ന് പേർക്കെതിരെ കേസ്

വി വി രാജേഷ്, ആർ സുഗതൻ
തിരുവനന്തപുരം: കാപ്പ കേസിൽ ഒളിവിൽ കഴിയവെ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന്റെ ഒപ്പ് കൗൺസിൽ യോഗ രജിസ്റ്ററിൽ വ്യാജമായി രേഖപ്പെടുത്തിയതിൽ കേസെടുത്തു. മേയർ വി വി രാജേഷ്, കൗൺസിലർ സുഗതൻ, കോർപറേഷൻ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് എസ് പി ദീപകിന്റെ പരാതിയിലാണ് നടപടി. പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ മ്യൂസിയം പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികൾ ഗൂഢാലോചന നടത്തി വ്യാജരേഖയുണ്ടാക്കിയെന്നാണ് പരാതി. തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിലെ സുഗതന്റെ ഒപ്പും കൗൺസിൽ യോഗ രജിസ്റ്ററിലെ ഒപ്പും തമ്മിൽ വ്യത്യാസമുണ്ടെന്നും പരാതിയിൽ പറയുന്നു.
ഫെബ്രുവരി–26, മാർച്ച്–11, ഏപ്രിൽ–27 എന്നീ തീയതികളിൽ നടന്ന യോഗങ്ങളിലാണ് വ്യാജ ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സുഗതൻ കൗൺസിലറായശേഷവും ആക്രമണങ്ങൾ നടത്തിയിരുന്നു. ഒരാളെ തലയ്‌ക്കടിച്ചുകൊല്ലാൻ ശ്രമിച്ചെന്ന കേസിലുൾപ്പെടെ ഒളിവിലായിരുന്നപ്പോഴാണ് മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തെന്ന് കാണിച്ച് ഒപ്പിട്ടത്. തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ ആയോഗ്യനാക്കപ്പെടും. ഇത് മറികടക്കാനാണ് രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടത്. കൗൺസിൽ യോഗങ്ങളുടെ ഹാജർ രജിസ്റ്റർ സൂക്ഷിക്കുന്നത് മേയറുടെ ഓഫീസിലാണ്. മേയറുടെ അറിവോടുകൂടി മാത്രമേ വ്യാജ ഒപ്പ് രേഖപ്പെടുത്താൻ കഴിയുകയുള്ളൂവെന്നും എസ് പി ദീപക് പറഞ്ഞു.









0 comments