print edition വണ്ടിക്കാര്യത്തിൽ മുന്നിൽ തിരുവനന്തപുരം തന്നെ

തിരുവനന്തപുരം: വാഹന രജിസ്ട്രേഷനിൽ ഈ വർഷവും എറണാകുളം റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിനെ കടത്തിവെട്ടി തിരുവനന്തപുരം. ഈ വർഷം ഇതുവരെ 21,907 പുതിയ വാഹനങ്ങളാണ് തിരുവനന്തപുരത്ത് കെഎൽ 01 സീരീസിൽ രജിസ്റ്റർ ചെയ്തത്. എറണാകുളം ആർടിഒ ഓഫീസിൽ (കെ എൽ 07) ഇത് 15,416 ആണ്. കഴിഞ്ഞവർഷമാണ് കെഎൽ 01 ആദ്യമായി മുന്നിലെത്തിയത്. 2025ൽ തിരുവനന്തപുരം ആർടിഒ ഓഫീസിൽ 35,396 വാഹനങ്ങളും എറണാകുളത്ത് 27,058 വാഹനങ്ങളുമാണ് രജിസ്റ്റർ ചെയ്തത്.
തിരുവനന്തപുരം ആർടിഒയിൽ നിലവിൽ കെഎൽ 01 ഡിഎൽ സീരീസിലാണ് വാഹന രജിസ്ട്രേഷൻ. എറണാകുളത്ത് കെഎൽ 07 ഡിഎൽ സീരീസിലും.ഒരു സീരീസിലെ ഒന്നുമുതൽ 9999 വരെയുള്ള രജിസ്ട്രേഷൻ നമ്പരുകൾ തീർന്നശേഷമാണ് അടുത്ത അക്ഷര സീരീസിലേക്ക് മാറുന്നത്. സംസ്ഥാനത്തെ എല്ലാ ആർടിഒകളുടെയും സബ് ആർടിഒകളുടെയും കണക്കുകൾ ചേർത്താലും ആകെ വാഹന രജിസ്ട്രേഷനിൽ തിരുവനന്തപുരം ജില്ലയാണ് നിലവിൽ ഒന്നാമത്. തിരുവനന്തപുരം ആർടിഒ പരിധിയിൽ കെഎസ്ആർടിസിയ്‌ക്കും കൂടാതെ കഴക്കൂട്ടം, നെയ്യാറ്റിൻകര, പാറശാല, കാട്ടാക്കട, നെടുമങ്ങാട് സബ് ആർടിഒകൾക്കും പ്രത്യേക നമ്പരുണ്ട്. എറണാകുളം ജില്ലയിലും വിവിധ ആർടിഒകളും സബ് ആർടിഒകളും പ്രത്യേകം സീരീസുകളാണ് ഉപയോഗിക്കുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെ തിരുവനന്തപുരം നഗരത്തിൽ ഐടി മേഖലയിലുണ്ടായ വളർച്ച, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ മേഖലയുടെ വികസനം, മെച്ചപ്പെട്ട റോഡുകൾ, വിഴിഞ്ഞം തുറമുഖം എന്നിവയാണ് വാഹന രജിസ്ട്രേഷൻ വർധിക്കാൻ കാരണമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.










0 comments