ചുരുങ്ങിയ കാലംകൊണ്ട് നിർണായകപദവി; പോക്സോ കേസ് പ്രതിക്ക് ഉന്നതബന്ധം

എസ് മഹേഷ് കുമാര്‍
തിരുവനന്തപുരം: 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിലായ തിരുവനന്തപുരം ഡിസിസി അംഗം എസ് മഹേഷ് കുമാറിന് ഉന്നത കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം. ബിജെപിയിൽനിന്ന് കോൺഗ്രസിലെത്തിയ ഇയാൾക്ക് വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് നേതൃത്വം നിർണായക പദവികൾ നൽകിയത്.
ആദ്യം യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗത്വം നൽകി. 2021 മുതൽ 2023 വരെ ഇൗ ചുമതലയിലുണ്ടായിരുന്നു. ഗതാഗത മന്ത്രി സി പി ജോണിന്റെ പേഴ്സണൽ സ്റ്റാഫ് ആക്കാത്തതിൽ പ്രതിഷേധിച്ച് അടുത്തിടെ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും മന്ത്രിയെ വിമർശിച്ചു.
കോൺഗ്രസിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജവഹർ ബാൽ മഞ്ചിന്റെ സംസ്ഥാന കോഓർഡിനേറ്ററായ ഇയാളെ പേരൂർക്കട പൊലീസാണ് അറസ്റ്റ് ചെയ്‌തത്. സംഘടനയുടെ മറവിൽ പട്ടം സ്വദേശിയായ യുവതിയുടെ മകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് വിവരം. ആറു മാസം മുൻപ് നടന്ന പീഡനവിവരം കുട്ടി ഭയം കാരണം ആരോടും പറഞ്ഞിരുന്നില്ല. ഒടുവിൽ അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് അമ്മ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു.
പേരൂർക്കട എസ്എച്ച്ഒ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഹേഷിനെ പിടികൂടിയത്. ഇയാൾക്കെതിരെ ഫോർട്ട് പൊലീസ് സ്റ്റേഷനിലും കേസുണ്ട്.








0 comments