ഒരു കുഞ്ഞ് നേരത്തേ മരിച്ചു; നാല് കുട്ടികളെ ഏറ്റെടുത്ത് ശിശുക്ഷേമസമിതി; അമ്മയും ഏഴാമത്തെ കുഞ്ഞും ആശുപത്രിയിൽ

ഹരിപ്പാട്: ആലപ്പുഴയിൽ പോഷകാഹാര കുറവ് മൂലം രണ്ടുവയസ്സുള്ള ആൺകുഞ്ഞ് മരിച്ചതിന് പിന്നാലെ, യുവതിയുടെ നാലു പെൺകുട്ടികളെ ശിശുക്ഷേമസമിതി ഏറ്റെടുത്തു. യുവതിയുടെ ഏഴാമത്തെ പ്രസവത്തിനു പിന്നാലെയാണ് ആറാം പ്രസവത്തിലെ രണ്ടുവയസ്സുള്ള ആൺകുഞ്ഞ് മരിച്ചത്. അമ്മയും ഏഴാമത്തെ ആൺകുട്ടിയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
കാർത്തികപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ തൈമൂട്ടിൽ കോളനിയിൽ രാജേഷിന്റെയും താരയുടെയും മകൻ രാഹുൽ (രണ്ട്) ആണ് മരിച്ചത്.
അമ്മ താര പ്രസവത്തിന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലായതിനാൽ 11 വയസിൽ താഴെ പ്രായമുള്ള അഞ്ച് മക്കളും രാജേഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഞായർ രാവിലെ ഇളയ കുട്ടിയായ രാഹുൽ ഉറക്കമുണർന്നില്ല. തുടർന്ന് രാജേഷ് കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. ഭക്ഷണത്തിന്റെ അപര്യാപ്തതമൂലമാണ് കുട്ടി മരിച്ചെതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രക്തക്കുറവു മൂലം അന്തരികാവയവങ്ങൾ ശുഷ്കിച്ച നിലയിലായിരുന്നു. മതിയായ സംരക്ഷണമോ പരിചരണമോ ഇല്ലാതെയാണ് കുട്ടികൾ വളരുന്നത്.
രാജേഷ് മദ്യപാനിയാണെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസം പ്രസവത്തിനായി താരയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച രാജേഷിനോട് അവിടെ നിൽക്കണമെന്ന് ആശുപത്രി ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതെ മടങ്ങി. ശനിയാഴ്ച താര പ്രസവിച്ചു. നേരത്തെ പാൽ തൊണ്ടയിൽ കുടുങ്ങി ഇവരുടെ ഒരാൺകുട്ടി മരിച്ചിരുന്നു.
തൃക്കുന്നപ്പുഴ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഹരിപ്പാട് വെട്ടുവേനിയിൽ രാജേഷിന്റെ സഹോദരന്റെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരങ്ങൾ: രുദ്ര, രൂപ, രേവതി, മീനാക്ഷി. കഴിഞ്ഞ ആഗസ്തിൽ കുട്ടികൾ മഴയത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കുട്ടികളെയും അമ്മയെയും ഗാന്ധിഭവനിൽ പ്രവേശിപ്പിച്ചെങ്കിലും ഇവർ നിർബന്ധംപിടിച്ച് മടങ്ങി. തുടർന്ന് കാർത്തികപ്പള്ളി പഞ്ചായത്തിലെ തൈമൂട്ടിൽ കോളനിയിലെ വാടകവീട്ടിലായിരുന്നു താമസം.







0 comments