വാഹന ഇൻഷുറൻസ്" :കുവൈത്തിൽ 25 മുതൽ ഓൺലൈനിൽമാത്രം

കുവൈത്ത് സിറ്റി: വാഹന ഇൻഷുറൻസ് പോളിസികൾ നൽകാൻ 25 മുതൽ ഇലക-്ട്രോണിക് സംവിധാനം നിർബന്ധമാക്കുന്നതായി കുവൈത്ത്. വാഹനാപകടങ്ങളിലെ മൂന്നാംകക്ഷി ബാധ്യതകൾക്കുള്ള ഇൻഷുറൻസ് പോളിസികൾ പരിഷ്കരിച്ച ‘ബീമ’ സംവിധാനത്തിലൂടെ നൽകണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് സർക്കുലറിൽ നിർദേശിച്ചു. ഡിസംബർ 31 വരെയാണ് സംവിധാനത്തിന്റെ പരീക്ഷണഘട്ടം.
കുവൈത്തിൽ രജിസ്റ്റർ ചെയ-്ത വാഹനങ്ങൾക്ക് കടലാസ് രൂപത്തിൽ നിർബന്ധിത ഇൻഷുറൻസ് പോളിസികൾ നൽകുന്നത് 25 മുതൽ നിർത്തലാക്കും. തുടർന്ന് യൂണിറ്റിന്റെ വെബ്സൈറ്റിലെ അംഗീകൃത സംവിധാനത്തിലൂടെ മാത്രമേ പോളിസി നൽകാനാകൂ. ഇതിനുപുറത്ത് നൽകുന്ന പോളിസികൾക്ക് നിയമസാധുതയുണ്ടാകില്ല. യൂണിറ്റിന്റെ ഭാഗത്തുണ്ടാകുന്ന സാങ്കേതിക തകരാറോ സേവനതടസ്സമോ മൂലം സംവിധാനം പ്രവർത്തിക്കാത്ത സാഹചര്യത്തിൽ കടലാസ് പോളിസികൾ നൽകാം. വിവരം ഉടൻ യൂണിറ്റിനെ അറിയിക്കണം. തകരാർ ഇൻഷുറൻസ് കമ്പനിയുടെ ഭാഗത്താണെങ്കിൽ കാരണം റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം കടലാസ് പോളിസി നൽകാൻ യൂണിറ്റിന്റെ മുൻകൂർ അനുമതിയും നേടണം.
അതേസമയം, ബിദൂനികളുടെ സ്വകാര്യ വാഹനങ്ങൾക്കുള്ള നിർബന്ധിത ഇൻഷുറൻസ് പോളിസികൾ നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി കടലാസ് രൂപത്തിൽ നൽകുന്നത് തുടരും. അപേക്ഷകർ ബിദൂനികളുടെ പദവി പരിഹരിക്കാനുള്ള കേന്ദ്ര ഏജൻസി നൽകിയ കാലാവധിയുള്ള രേഖകൾ ഹാജരാക്കണം. ഇൻഷുറൻസ് ബ്രോക്കർമാർക്ക് ‘ബീമ’ സംവിധാനം ഉപയോഗിക്കാനുള്ള വ്യവസ്ഥകളും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ-്ത ഇൻഷുറൻസ് കമ്പനികൾക്ക് കരാർ വ്യവസ്ഥ പാലിച്ച് തങ്ങളുമായി കരാറുള്ള ബ്രോക്കർമാർക്ക് ഉപയോക്തൃ അക്കൗണ്ടുകൾ അനുവദിക്കാം. സംവിധാനം ഉപയോഗിക്കാൻ അധികാരമുള്ള ജീവനക്കാരെ നിശ്ചയിക്കുകയും വേണം. ബ്രോക്കർമാരുടെ ലൈസൻസുള്ള ഓഫീസുകളിൽനിന്ന് മാത്രമേ പോളിസികൾ നൽകാവൂ.
പരിഷ്കരിച്ച സംവിധാനം ഉപയോഗിക്കുന്നതിൽ ബ്രോക്കർമാർക്ക് ഇൻഷുറൻസ് കമ്പനികൾ പരിശീലനം നൽകണം. പരിശീലനത്തിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ സൂക്ഷിക്കുകയും ആവശ്യപ്പെടുമ്പോൾ യൂണിറ്റിന് സമർപ്പിക്കുകയും വേണം. പോളിസികൾക്കുള്ള പണം ഇലക്ട്രോണിക് മാർഗങ്ങളിലൂടെ മാത്രമേ സ്വീകരിക്കാവൂ. പണം നേരിട്ട് സ്വീകരിക്കാൻ അനുമതിയില്ല. നിർദേശങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ 2019ലെ ഇൻഷുറൻസ് നിയന്ത്രണ നിയമം നമ്പർ 125, അനുബന്ധ നിർവഹണ ചട്ടങ്ങൾ, ഭേദഗതികൾ എന്നിവ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് യൂണിറ്റ് മുന്നറിയിപ്പ് നൽകി.







0 comments