print edition പാചകവാതക പ്രതിസന്ധിയിൽ കാഴ്ചക്കാരായി കോർപറേഷൻ; എവിടെ സമൂഹ അടുക്കള

തിരുവനന്തപുരം: ഇറാൻ യുദ്ധപശ്ചാത്തലത്തിൽ രാജ്യം കടുത്ത പാചകവാതക ക്ഷാമം നേരിട്ടപ്പോഴും ജനങ്ങളെ കൈയൊഴിഞ്ഞ് തിരുവനന്തപുരം കോർപറേഷൻ. അടുക്കളകളിൽ ആശങ്കയുടെ തീ പുകയുകയും സാധാരണക്കാർ പാചകവാതകത്തിനായി നെട്ടോട്ടമോടുകയും ചെയ്തഘട്ടത്തിൽ, ഉത്തരവാദിത്വങ്ങളിൽനിന്ന് ഒളിച്ചോടിയ കാഴ്ചക്കാരുടെ വേഷമാണ് ബിജെപി ഭരണസമിതി സ്വീകരിച്ചത്.
സംസ്ഥാന സർക്കാർ അടിയന്തര യോഗംവിളിച്ച് പ്രതിസന്ധി പരിഹരിക്കാൻ ക്രിയാത്മകമായി ഇടപെട്ടപ്പോൾ, നഗരവാസികൾക്കായി ബദൽ സംവിധാനങ്ങളൊരുക്കാൻ ബാധ്യസ്ഥരായ കോർപറേഷൻ പൂർണമായും നിസ്സംഗത പാലിച്ചു. ‘‘സമൂഹ അടുക്കള സ്ഥാപിച്ച് പ്രതിസന്ധി മറികടക്കുമെന്ന’’ മേയർ വി വി രാജേഷിന്റെ പ്രഖ്യാപനം വെറും വാചകക്കസർത്ത് മാത്രമായി.
പെരുന്നാൾ നോമ്പു ദിനങ്ങളിലും പാചകവാതകം ലഭിക്കാതെ വലഞ്ഞപ്പോൾ ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണ് കോർപറേഷൻ സ്വീകരിച്ചത്. ക്ഷേത്രോത്സവങ്ങൾക്കും പള്ളികളിലെ ചടങ്ങുകൾക്കും ഇന്ധനക്ഷാമം കടുത്ത തടസ്സമായിട്ടും പരിഹാരമുണ്ടാക്കാൻ ഇടപെടലുണ്ടായില്ല. കലാലയങ്ങൾ പൂട്ടേണ്ടി വന്നതും ആശുപത്രികളിലെയും കോളേജുകളിലെയും കാന്റീനുകളുടെ പ്രവർത്തനം നിലച്ചതും പ്രതിസന്ധി രൂക്ഷമാക്കി.
ജനറൽ ആശുപത്രിയിൽ ഉൾപ്പെടെ സിഐടിയു പ്രവർത്തകരാണ് ഉച്ചക്കഞ്ഞി നൽകിവരുന്നത്. ജനങ്ങൾ നേരിട്ട ഈ വലിയ പ്രതിസന്ധിക്കുമുന്നിൽ ഒരു ചെറുവിരൽ പോലും അനക്കാൻ കോർപറേഷൻ ബിജെപി ഭരണസമിതിക്കായില്ല. എൽഡിഎഫ് മുൻകാലങ്ങളിൽ നടപ്പാക്കിയ ജനകീയ പദ്ധതികളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കവും ബിജെപി ഭരണസമിതി നടത്തുന്നുണ്ട്.
നഗരവാസികളുടെ അടിസ്ഥാന ആവശ്യങ്ങൾപോലും നിറവേറ്റാത്ത ഈ നടപടി കടുത്ത ജനരോഷത്തിന് കാരണമായിട്ടുണ്ട്. ഭരണത്തിലേറിയ നാൾ മുതൽ വികസന വിരുദ്ധതയും ജനദ്രോഹവും മുഖമുദ്രയാക്കിയ ബിജെപി ഭരണസമിതി, തലസ്ഥാന നഗരിയെ അരാജകത്വത്തിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നത്.
കോവിഡ് കാലത്തും കോർപറേഷൻ നേതൃത്വത്തിൽ സമൂഹ അടുക്കള തുടങ്ങിയിരുന്നു. പ്രളയകാലത്തും ജനങ്ങളെ നെഞ്ചോടുചേർത്തുപിടിച്ചു കോർപറേഷനിലെ മുൻ എൽഡിഎഫ് ഭരണസമിതികൾ.










0 comments