print edition ആളൊഴിയാതെ നഗരവീഥികൾ

തിരുവനന്തപുരം: ഓണത്തിനുമുൻപുള്ള അവസാന ഞായറാഴ്‌ച തിരക്കിലമർന്ന് നഗരവീഥികൾ. വസ്‌ത്രം, പലചരക്ക്, പൂക്കൾ, പച്ചക്കറി എന്നിവ വാങ്ങാനും ഓണാഘോഷങ്ങളിൽ പങ്കാളികളാകാനും നാടാന്നൊകെ നഗരത്തിലേക്കെത്തി. വാഹനങ്ങളുടെ എണ്ണം പരിധിവിട്ടതോടെ രാവിലെയും വൈകിട്ടും പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.
ഓണത്തോടനുബന്ധിച്ച് ഗതാഗതം നിയന്ത്രിക്കാൻ പ്രത്യേകം പൊലീസുകാരെ നിയോഗിച്ചിട്ടും കാര്യമുണ്ടായില്ല. മറ്റ് സ്ഥലങ്ങളിൽനിന്ന് നഗരത്തിലേക്ക് കടക്കാനുള്ള റോഡുകളിലാണ് സ്ഥിതി ഗുരുതരം. വ്യാപാര കേന്ദ്രങ്ങൾക്കുസമീപം വാഹനങ്ങൾ നിർത്തിയിടുന്നതും റോഡരികിലെ അനധികൃത പാർക്കിങ്ങും കുരുക്ക് രൂക്ഷമാക്കി. സിഗ്നൽ ലൈറ്റുകൾ പ്രവർത്തനരഹിതമായ ഇടങ്ങളിൽ റോഡ് മുറിച്ചുകടക്കാനാകാതെ കാൽനടയാത്രക്കാരും കുടുങ്ങി.
വ്യാപാര കേന്ദ്രങ്ങളായ ചാല, പാളയം, തമ്പാനൂർ, ഓവർബ്രിഡ്‌ജ്, കരമന എന്നിവിടങ്ങളിൽ തിരക്ക് നിയന്ത്രണാതീതമാണ്. വമ്പൻ ഓഫറുകളും സമ്മാനകൂപ്പണുകളുമായി മിക്ക സ്ഥാപനങ്ങളും ഉപയോക്താക്കളെ സ്വാധീനിക്കാൻ രംഗത്തിറങ്ങിയതോടെ എല്ലാ കടകളിലും തിരക്കേറി.
എല്ലാത്തിനും ഓണത്തിനുമുന്പുള്ള ഓരോ ദിവസവും വില കൂടാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി വാങ്ങാനെത്തുന്നവരുടെ തിരക്കാണ് ചാല അടക്കമുള്ള വ്യാപാര കേന്ദ്രങ്ങളിൽ. കുത്തനെയുള്ള വിലക്കയറ്റത്തിലും ആശ്വാസമായി വിലക്കുറവിൽ വസ്‌ത്രങ്ങളും ആഭരണങ്ങളും തുടങ്ങി ഓണത്തിന് വേണ്ടതെല്ലാം ലഭ്യമാക്കുന്ന വഴിയോരക്കച്ചവടത്തിനും ഇക്കുറി ആവശ്യക്കാർ ഏറെ. മാളുകളിലും സൂപ്പർമാർക്കറ്റുകളിലും തിരക്ക് കുറവല്ല.
പഠനത്തിന്റെയും ജോലിയുടെയും ഭാഗമായി തിരുവനന്തപുരത്ത് താമസിക്കുന്നവർ നാടുകളിലേക്ക് മടങ്ങുന്നതിന്റെയും തലസ്ഥാനവാസികൾ ഓണാഘോഷത്തിനെത്തുന്നതിന്റെയും ഭാഗമായി റെയിൽവേ സ്റ്റേഷൻ, കെഎസ്‌ആർടിസി ബസ്‌സ്റ്റാൻഡ് എന്നിവിടങ്ങളിലും തിരക്കുതന്നെ. ഓണാഘോഷത്തിന്റെ ഭാഗമായ പരിപാടികൾക്കുള്ള സ്റ്റേജ്, മറ്റ് അലങ്കാരങ്ങൾ എന്നിവയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. വൈദ്യുത ദീപാലാങ്കാരംകൂടി തെളിയുന്നതോടെ നഗരം പൂർണമായും ഓണത്തിരക്കിൽ അമരും.









0 comments