മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ, ഇനിയും ഒറ്റപ്പെട്ടുപോയവരെ ചേർത്തു പിടിക്കും; സൈബർ അധിക്ഷേപത്തിൽ പ്രതികരിച്ച് റഹിം

തിരുവനന്തപുരം: തന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോൾ നിങ്ങളുടെ സർക്കാർ പറഞ്ഞയച്ച ബുൾഡോസറുകൾ തകർത്ത വീടുകളും അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങൾ കാണാതെ പോകരുതെന്നും തന്റെ ഭാഷയെ ട്രോളുന്ന തിരക്കിൽ ആ ദുർബലരായ മനുഷ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ രക്ഷപ്പെടാൻ ശ്രമിക്കരുതെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് എ എ റഹിം.
സംഘടിതമായി നടക്കുന്ന സൈബർ അധിക്ഷേപത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്രോൾ ചെയ്യാൻ ഉപയോഗിക്കുന്ന വീഡിയോയുടെ ബാക്കി ഭാഗവും കൂടി ഉൾപ്പെടുത്തിയാണ് റഹീമിന്റെ കുറിപ്പ്.
കോൺഗ്രസ് സർക്കാർ നടത്തിയ ബുൾഡോസർരാജിന്റെ ഇരകളെ നേരിട്ട് കണ്ടശേഷം മാധ്യമങ്ങളോട് സംസാരിച്ച റഹീമിന്റെ ചില സംഭാഷണ ഭാഗങ്ങൾ മാത്രം പ്രചരിപ്പിച്ചുകൊണ്ട് വ്യപക അധിക്ഷേപമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. തെരുവിൽ ഇറക്കപ്പെട്ട മനുഷ്യരെ കാണാനുള്ള ഡിവൈഎഫ്ഐ പ്രതിനിധി സംഘത്തിന്റെ ഭാഗമായുള്ള യാത്രയുടെ ഭാഗമായാണ് റഹിം ബംഗളൂരു നഗരത്തിനടുത്തുള്ള യലഹങ്കയിലെ കോഗിലു ലേഔട്ടിൽ (വസീം ലേഔട്ട്, ഫക്കീർ കോളനി) എത്തിയത്.
എനിക്ക് ഭാഷപരമായ പരിമിതികളുണ്ട്, പക്ഷേ മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ. ഭരണകൂടഭീകരതയുടെ നേര്കാഴ്ചകൾ തേടിയാണ് അവിടേയ്ക്ക് ചെന്നത്. ശബ്ദമില്ലാത്ത,എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുർബലരായ ഇരകളെയാണ് ഞങ്ങൾക്ക് അവിടെ കാണാനായത് ആ യാത്രയെ കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂ, അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകൾ ഇന്ന് ലോകം കാണുന്നു. പുനരധിവാസത്തെ കുറിച്ച് നിങ്ങൾ ഇപ്പോൾ സംസാരിക്കാൻ നിർബന്ധിതരായിരിക്കുന്നുവെന്നും റഹിം പറഞ്ഞു.
ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന നിരവധിപേർ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ? അവരെ ആരെയും ഇവിടെയെന്നല്ല,ബുൾഡോസറുകൾ ജീവിതം തകർത്ത ദുർബലരുടെ അരികിൽ ഒരിടത്തും കണ്ടിട്ടില്ലെന്നും റഹിം പ്രതികരിച്ചു.











0 comments