അവഗണനയുടെ ‘സൗമ്യസ്മാരകം’


സി കെ ദിനേശ്
Published on Jun 07, 2025, 02:03 AM | 1 min read
തിരുവനന്തപുരം
തെന്നല ബാലകൃഷ്ണപിള്ളയെ കുറിച്ച് കോൺഗ്രസുകാർക്ക് പോലും ഏറ്റവും കൂടുതൽ പറയാൻ കഴിയുക സ്വന്തം പാർടി അദ്ദേഹത്തോട് ചെയ്ത നെറികേടുകളുടെ പരമ്പരയെ കുറിച്ചായിരിക്കും. നേതാക്കൾ കടിച്ചു കീറുന്ന ഘട്ടത്തിലെല്ലാം കെപിസിസി പ്രസിഡന്റിന്റെ കസേരയിൽ കയറ്റിനിർത്തി ഗ്രൂപ്പ് പോരിന്റെ ‘മുൾക്കിരീടം’ വച്ചുകൊടുത്തു. എന്നാൽ, അധികാരം കിട്ടിയപ്പോഴെല്ലാം തെന്നലയെ ഇതേ നേതാക്കൾ സൗകര്യപൂർവം മറന്നു.
കെപിസിസി പ്രസിഡന്റായിരിക്കെ 2001 ൽ 100 സീറ്റ് നേടി കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ ഓടിനടന്നത് തെന്നലയാണ്. അന്ന് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചില്ല. എ–-ഐ തർക്കം തീർക്കാൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് വലിച്ചെറിഞ്ഞു. 2004 ൽ ലോക്‌സഭയിലേക്ക് കോൺഗ്രസ് തകർന്നടിഞ്ഞതിനെ തുടർന്ന് വീണ്ടും വിളിച്ചു. അപ്പോഴും ഒട്ടും എതിർപ്പുയർത്താതെ പ്രസിഡന്റ് കസേര ഏറ്റെടുത്തു.
ഒരു ഗ്രൂപ്പുകാരുടെയും സഹായത്തോടെ ആയിരുന്നില്ല നേതൃതലത്തിലെത്തിയത്. എന്നാൽ, ഗ്രൂപ്പ് യുദ്ധങ്ങളുടെ ഇരയുമായി. അധികാരസ്ഥാനങ്ങൾ നിഷ്‌പക്ഷമായി ഉപയോഗിക്കണമെന്ന നിലപാടിനെ ശക്തിയായി എതിർത്തത് ഒപ്പമുള്ളവരായിരുന്നു. നേതാക്കൾ അഴിമതിപ്പണം വാരിക്കൂട്ടിയപ്പോൾ അതിസമ്പന്നതയിൽ വളർന്ന തെന്നല ഉള്ളത് വിറ്റ് പാർടിയെ സേവിച്ചു. ഒടുവിൽ, 2021 ൽ തെന്നലയെ ഭാരവാഹിയാക്കി ‘ ഗാന്ധി ദർശൻ വേദി ’ രൂപീകരിച്ചപ്പോൾ പോലും ദുരനുഭവമാണുണ്ടായത്.
തെന്നലയുടെ വേർപാടിൽ കണ്ണീർപൊഴിക്കുന്ന പല നേതാക്കളും ആലോചിച്ചാണ് 2001 ൽ ചരിത്ര ഭൂരിപക്ഷം നേടിയ, പ്രസിഡന്റായ തെന്നലയെ ചവിട്ടി പുറത്താക്കിയത്. വോട്ടെണ്ണൽ കഴിഞ്ഞയുടൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടത് തെന്നലയുടെ രാജിയായിരുന്നു.
എ കെ ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കെ മുരളീധരൻ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റു. അന്ന് തലകുനിച്ച് ഇന്ദിരാഭവന്റെ പടിയിറങ്ങുകയായിരുന്നു. അതിനുശേഷം കോൺഗ്രസ് തകർച്ചയിലേക്ക് കൂപ്പുകുത്തി. 2011 ൽ അധികാരത്തിൽ വന്നെങ്കിലും രണ്ട് സീറ്റായിരുന്നു ഭൂരിപക്ഷം. പിന്നീട് തുടർച്ചയായി കോൺഗ്രസ് പ്രതിപക്ഷത്തിരിക്കുന്ന കാഴ്‌ചയാണ് കേരളം കാണുന്നത്.










0 comments