ad
Deshabhimani

print edition മുറിയാതെ 
ആ ഇഴയടുപ്പം

vs
avatar
ബിജോ ടോമി

Published on Jul 21, 2026, 12:36 AM | 2 min read

‘‘ഹെയർ സ്റ്റൈൽ ചെറുതായൊന്നു മാറ്റിപ്പിടിച്ചു. മുടിയുടെ നീളവും കുറച്ചു. കഴിഞ്ഞപ്പോൾ കണ്ണാടി നോക്കിയ ശേഷം വി എസ്‌ പറഞ്ഞു: ഇതു മതി... ഇതു മതി.. പിന്നീട്‌ വേറാരും ആ തലമുടിയിൽ കത്രികകൊണ്ട്‌ തൊട്ടിട്ടില്ല. ’’ വി എസുമൊത്തുള്ള ഫോട്ടോയിൽ കൈയോടിക്കുമ്പോൾ ഗോപിയുടെ മനസ്സിൽ നാലു പതിറ്റാണ്ടിന്റെ ഓർമകൾ നിറഞ്ഞു. ‘ മുടി വെട്ടിക്കഴിഞ്ഞ്‌ കണ്ണാടി നോക്കിയ ശേഷം ഒന്നു പുഞ്ചിരിക്കും. അതിലുണ്ടെല്ലാം. ’ 38 വർഷം വി എസിന്റെ മുടി വെട്ടിയിരുന്ന തിരുവല്ലം ചക്കാലവിളാകം സ്വദേശി എസ്‌ ഗോപിക്ക്‌ മുറിയാത്ത സ്‌നേഹമാണ്‌ വി എസ്‌ എന്ന രണ്ടക്ഷരം. മരണപ്പെടുന്നതിന്‌ മൂന്നു ദിവസം മുമ്പാണ്‌ അവസാനം മുടിവെട്ടിയത്‌. ‘ഓർമകൾ മങ്ങിയിരുന്നു, അദ്ദേഹത്തെ നോക്കി മനസ്സിലായോ എന്നു ചോദിച്ചു. കണ്ണു നിറയുംപോലെ തോന്നി’ –കൈയിലിരുന്ന ഫോട്ടോ ഒന്നുകൂടി ചേർത്തു പിടിച്ചു ഗോപി.


ഇ എം എസിന്റെ സ ന്തത സഹചാരി ആയിരുന്ന പി വേണുഗോപാലൻ വഴിയാണ്‌ വി എസിന്റെ അടുക്കലെത്തിയത്‌. അന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയാണ്‌. അതിനു മുമ്പ്‌ മുടിവെട്ടാൻ ആലപ്പുഴയിൽ സ്ഥിരം ആളുണ്ടായിരുന്നു. തിരുവനന്തപുരത്ത്‌ ഒന്നുരണ്ടു പേരെ പരീക്ഷിച്ചെങ്കിലും വി എസിന്‌ അത്ര പിടിച്ചില്ല. ഇതറിയാമായിരുന്നതിനാൽ ചെറിയൊരു ആധി ഉണ്ടായിരുന്നു. എല്ലാ മാസവും 15നാണ്‌ മുടി വെട്ടുക. അപൂർവമായേ മാറ്റമുണ്ടാകൂ. മക്കളുടെ പഠന കാര്യങ്ങൾ വിഎസ്‌ എപ്പോഴും അന്വേഷിക്കുമായിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ സന്ദർശനം നിയന്ത്രിച്ചിരുന്നപ്പോഴും ഗോപിക്ക്‌ മാത്രം അത്‌ ബാധകമായില്ല. ഒരിക്കൽ മാത്രമേ ഡൈ ചെയ്‌തിട്ടുള്ളൂ. ഒരു ഡോക്‌ടർ പറഞ്ഞ പ്രകാരം മൈലാഞ്ചിയൊക്കെ ചേർത്തുള്ള കൂട്ടായിരുന്നു. പിറ്റേന്ന്‌ ആയപ്പോൾ മുടിക്ക്‌ ചുവപ്പ്‌ നിറമായി. പിന്നീട്‌ അത്തരമൊരു ശ്രമത്തിന്‌ മുതിർന്നില്ല. മുടി കൊഴിയുന്നതിൽ മാത്രം ഇടയ്‌ക്ക്‌ ആശങ്ക പറയും. മുടി വെട്ടുന്നതിനുള്ള ഉപകരണങ്ങൾ വിഎസിന്‌ ‘സെപെഷൽ’ ആയിരുന്നു. അത്‌ മറ്റാർക്കും വേണ്ടി തൊട്ടിട്ടില്ല. പൂങ്കുളത്തെ തന്റെ കടയിൽ ഗോപി ആ കത്രികയും ചീപ്പുമെല്ലാം നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്‌. ‘വി എസ്‌ ഇല്ലായെന്ന്‌ ഇപ്പോഴും വിശ്വസിക്കാൻ പ്രയാസം. ഇടയ്‌ക്ക്‌ ആ ചിരി മനസ്സിൽ തെളിയും’ –ഗോപിയുടെ വാക്കുകൾ മുറിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home