സാമ്പത്തിക തട്ടിപ്പിലൂടെ വ്യക്തമായത് ജീർണിച്ച രാഷ്ട്രീയ സംസ്കാരത്തിന്റെ വൃത്തികെട്ട മുഖം : പിണറായി വിജയൻ

തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് കേസിൽ തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാൻ അറസ്റ്റിലായ സംഭവത്തിൽ കോൺഗ്രസിന്റെ അധികാര ദുർവാഴ്ചക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അധികാരം കിട്ടിയാൽ എന്തുമാവാം എന്ന അഹങ്കാരത്തിൻ്റെയും എന്ത് വൃത്തികേട് ചെയ്താലും രാഷ്ട്രീയ സംരക്ഷണം ലഭിക്കുമെന്നതിന്റയും നേർ ചിത്രമാണ് ഡിസിസി അംഗം നടത്തിയ തട്ടിപ്പെന്ന് പിണറായി വിജയൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. സുഹൈൽ ഷാജഹാൻ ഡോക്ടറിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയതിന്റെ ദൃശ്യങ്ങളും പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ജീർണ്ണിച്ച രാഷ്ട്രീയ സംസ്കാരത്തിന്റെ വൃത്തികെട്ട മുഖമാണ് പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ ഒരു വ്യക്തിയുടെ വീഴ്ചയല്ല, അധികാരം കിട്ടിയാൽ എന്തും ചെയ്യാമെന്ന അഹങ്കാരത്തിന്റെ നേർചിത്രമാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന മാഫിയാ രാഷ്ട്രീയമാണ് ആറുമാസം കൊണ്ട് കേരളത്തിൽ തഴച്ചു വളർന്നതെന്നും അദ്ദേഹം കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ഡോക്ടറെ ഭീഷണിപ്പെടുത്തി സുഹൈൽ പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ആനയറയിലെ സബൈൻ ആശുപത്രി ഉടമയിൽ നിന്ന് പണം വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തായത്. സംഭവത്തിൽ സുഹൈലിനെയും അഞ്ചു പേരെയും പേട്ട പൊലീസ് അറസ്റ്റ് ചെയ്തു.








0 comments