സുഹൈൽ ക്വട്ടേഷൻ സ്‌പെഷ്യലിസ്‌റ്റ്; കൊണ്ടുനടന്നതും മറയായതും കോൺഗ്രസ്
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഡിസിസി അംഗം സുഹൈൽ ഷാജഹാന്റെ മാഫിയ പ്രവർത്തനങ്ങൾക്ക് മറയായത് കോൺഗ്രസിലെ ഉന്നതബന്ധം. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി സാമ്പത്തിക തട്ടിപ്പ്, രാഷ്ട്രീയ അക്രമ കേസുകൾ നിലവിലുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന സുഹൈലിന്റെ ഇടപാടുകളിലും ഉന്നതബന്ധങ്ങളിലും അടിമുടി ദുരൂഹതയുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
വ്യാജപ്രചാരണങ്ങളും ഭീഷണികളും മുഴക്കി വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പണം തട്ടുന്ന മാഫിയാ പ്രവർത്തനങ്ങൾ ഇയാൾ തുടർച്ചയായി നടത്തിവന്നിരുന്നു. ഇത്തരം സംഭവങ്ങളിൽ പുത്തൻവേലിക്കര, ആറ്റിങ്ങൽ, കണ്ണൂർ ടൗൺ, പോത്തൻകോട്, എറണാകുളം സൗത്ത്, കല്ലമ്പലം സ്റ്റേഷനുകളിൽ സുഹൈലിനെതിരെ കേസുണ്ട്. കെ സുധാകരൻ, വി ഡി സതീശൻ തുടങ്ങിയ കോൺഗ്രസിലെ ഉന്നതനേതാക്കളുമായുള്ള ബന്ധം സൂചിപ്പിച്ചും ഇവർക്കൊപ്പമുള്ള സൗഹൃദഫോട്ടോകൾ കാണിച്ചുമാണ് ഇരകളെ വരുതിയിലാക്കുന്നത്. ഡിസിസി സെക്രട്ടറിയെന്നാണ് സുഹൈൽ പരിചയപ്പെടുത്തുന്നത്.
സുഹൈലിന്റെ ഇടപാടുകൾ പുറത്തുവന്നതോടെ ഇയാളെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി മുഖംരക്ഷിക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസ്. സുഹൈലിന്റെ മുൻകാല ക്രിമിനൽ പശ്‌ചാത്തലം മറച്ചുപിടിച്ചുകൊണ്ട് സ്വകാര്യ ആശുപത്രി ഡോക്ടറെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയത് മാത്രം ചൂണ്ടിക്കാണിച്ചാണ് ഇൗ പുറത്താക്കൽ നാടകം.
കഴിഞ്ഞ ദിവസമാണ് ഡോക്ടറെ ഭീഷണിപ്പെടുത്തി സുഹൈൽ പണം വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ആനയറയിലെ സബൈൻ ആശുപത്രി ഉടമയിൽ നിന്ന് പണം വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തായത്. സംഭവത്തിൽ സുഹൈലിനെയും അഞ്ചു പേരെയും പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഓൺലൈനിൽ വ്യാജ വാർത്ത നൽകി നിരന്തരം ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ ആവശ്യപ്പെട്ട സുഹൈലിനെ പണം നൽകാനായി വിളിച്ച് വരുത്തിയാണ് ഡോക്ടർ പൊലീസിന് കൈമാറിയത്. പണം നൽകുന്നതിന്റെ വീഡിയോ ചിത്രീകരിച്ച ശേഷം റൂമിൽ പൂട്ടിയിട്ട് ആശുപത്രി ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു. തട്ടിപ്പിൽ പങ്കാളികളായ നിഷ, ബിനീഷ്, ക്രിസ്‌റ്റഫർ റോബിൻസ്, ഷാനു എന്നിവരാണ് അറസ്‌റ്റിലായ മറ്റു പ്രതികൾ.
എകെജി സെന്ററിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ സുഹൈൽ എംപിയുടെ ബോർഡ് വെച്ച് രാത്രികാലങ്ങളിൽ വാഹനത്തിൽ കറങ്ങിയിരുന്നു. ഈ ബന്ധങ്ങൾ മറയാക്കിയായിരുന്നു പ്രതി ദുരൂഹമായ ഇടപാടുകൾ നടത്തി വന്നിരുന്നത്. തൂഫാൻ മറയാക്കി കൊച്ചിയിൽ ഗുണ്ടകളുടെ സംഗമം വിളിച്ചുചേർക്കുകയും അത് റീലായി ചിത്രീകരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ കുറച്ചുനാളുകളായി തിരുവനന്തപുരത്ത് നടന്ന വിവാദങ്ങളിലും ഉയർന്നു കേട്ട പേര് സുഹൈലിന്റേതാണ്. ചേന്തി അനിൽ, രമ്യ ഹരിദാസ് എന്നിവരുമായി ബന്ധപ്പെട്ട തർക്കങ്ങളിലെല്ലാം സുഹൈലിന്റെ സാന്നിധ്യമുണ്ടായിരുന്നു.









0 comments