കുൽഗാമിൽ ലഷ്കര്‍ തീവ്രവാദിയെ വളഞ്ഞ് സൈന്യം; വീഡിയോ കോളിൽ കീഴടങ്ങാൻ നിര്‍ദ്ദേശം, വിസമ്മതിച്ചതോടെ വെടിവെച്ച് കൊന്നു

കുൽഗാം:ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ലഷ്കര്‍ ഇ തൊയ്ബ ഭീകരരുമായി നേക്കുനേര്‍ ഏറ്റുമുട്ടൽ. സംഘടനയുടെ കമാൻഡറായി വിശേഷിപ്പിക്കപ്പെടുന്ന ലത്തീഫ് ഭട്ട് പ്രദേശത്തെ കെട്ടിടത്തിനകത്ത് കുടുങ്ങി. സൈന്യം വീഡിയോ കോള്‍ വഴി ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു എങ്കിലും വിസമ്മതിച്ചു. ഇതോടെ സൈന്യം ഇയാളെ വെടിവെച്ച് കൊലപ്പെടുത്തി.
കീഴടങ്ങൽ ആവശ്യം തള്ളി വെടിവെപ്പ് തുടരുകയായിരുന്നു. തനിക്ക് ദൈവത്തെ കാണാനാണ് ആഗ്രഹമെന്നും അതിൽ സന്തോഷവാനാണ് എന്നും മറുപടി നൽകിയായിരുന്നു ഏറ്റുമുട്ടൽ. വെടിവെപ്പ് തുടർന്നതോടെ സൈന്യം കെട്ടിടത്തിനകത്ത് പ്രവേശിച്ചു. തുടര്‍ന്നാണ് കൊലപ്പെടുത്തിയത്. ഇയാളുടെ തലയ്ക്ക് സൈന്യം 15 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
നവംബർ 11-ന് അഖ്‌റാനിൽ സിആ.പിഎഫ് ചെക്ക്‌പോസ്റ്റിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ലത്തീഫ് ഭട്ടായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ആക്രമണത്തിന് മുന്നോടിയായി പ്രദേശങ്ങളിൽ ഇയാൾ നിരീക്ഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. തുടര്‍ന്ന് പോലീസ് ഇവ പുറത്തുവിട്ടിരുന്നു.

കൂട്ടാളിയായ ഭീകരൻ ഉമർ നിസാർ ദാർ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ ആറ് മാസമായി ഇതേ ഉമർ നിസാർ ദാറാണ് ഭട്ടിന് താവളവും മറ്റ് സഹായങ്ങളും നൽകിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ ഭാഗമായ ദ് റെസിസ്റ്റന്റ് ഫ്രണ്ടിൽ അടുത്തിടെയാണ് ഉമർ ചേർന്നത്.ഉമറിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു.
നവംബർ 11-ന് അഖ്‌റാനിൽ സിആ.പിഎഫ് ചെക്ക്‌പോസ്റ്റ് ആക്രമണത്തിന് പുറമെ ജൂലൈ 22-ന് അനന്ത്നാഗിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ട ആക്രമണത്തിലും ഓഗസ്റ്റ് ഒന്നിന് കുൽഗാമിൽ രണ്ട് അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിലും ലത്തീഫ് ഭട്ടിന് പങ്കുണ്ടെന്നാണ് പോലീസ് വിശദീകരണം.
നിലവിൽ പ്രദേശത്ത് വ്യാപകമായ തിരച്ചിലും അന്വേഷണവും തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ഞൂറിലധികം പേരെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിൽ എടുത്തു.








0 comments