സൈലന്റ്‌വാലി ശലഭ സർവേ: 189 ഇനങ്ങൾ; മൂന്ന് പുതുമുഖങ്ങൾ

വനദേവത
അഗളി: ‘കാട്ടുപുലിവരയൻ, വരയൻ നീലാംബരി, ഓറഞ്ച് രത്നനീലി’... സൈലന്റ്‌വാലി മലനിരകളിൽ മൂന്ന് പുതിയമുഖങ്ങൾകൂടി. ത്രിദിന ചിത്രശലഭ സർവേയിലാണ് കണ്ടെത്തൽ. 189 ഇനം ചിത്രശലഭങ്ങളെയും കണ്ടെത്തി. ഇതോടെ ദേശീയോദ്യാനത്തിൽ ആകെ കണ്ടെത്തിയ ശലഭ ഇനങ്ങളുടെ എണ്ണം 208 ആയി. കേരള വനം-വന്യജീവി വകുപ്പും മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയും (എംഎൻഎച്ച്എമ്പ്) ചേർന്ന് സൈലന്റ് വാലി ദേശീയോദ്യാനത്തിലും ബഫർ മേഖലയിലുമാണ് സർവേ നടത്തിയത്.
കണ്ടെത്തിയവയിൽ 18 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന സ്ഥാനീയ ഇനങ്ങളാണ്. ദേശീയോദ്യാനത്തിലെ 14 ക്യാമ്പുകൾ കേന്ദ്രീകരിച്ച് നടന്ന സർവേയിൽ ടികെ കോളനിയിലാണ് കൂടുതൽ ഇനങ്ങളെ കണ്ടെത്തിയത് (89 എണ്ണം). ഉപ്പുകുളം കേന്ദ്രത്തിൽ 88 ഇനങ്ങളെയും കണ്ടെത്തി. ഗവേഷകരുടെയും ശാസ്ത്രജ്ഞരുടെയും നേതൃത്വത്തിൽ വനംവകുപ്പ് ജീവനക്കാരും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ 65-പേർ സർവേയിൽ പങ്കെടുത്തു. ബാലകൃഷ്ണൻ വളപ്പിൽ, വി കെ ചന്ദ്രശേഖരൻ, വി സി ബാലകൃഷ്ണൻ, ഡോ. കെ മുഹമ്മദ് ജാഫർ പാലോട്ട് എന്നിവർ നേതൃത്വം നൽകി. സൈലന്റ്‌വാലി വൈൽഡ് ലൈഫ് വാർഡൻ ജി ഹരികൃഷ്ണൻ നായർ സർവേ ഉദ്ഘാടനം ചെയ്തു. സമാപനയോഗത്തിൽ സർവേയിൽ ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിക്കുകയും നിരീക്ഷണങ്ങൾ വിലയിരുത്തുകയും ചെയ്തു.








0 comments