ad
Deshabhimani

print edition സ്‌കൂൾ സിലബസ്‌ മാറ്റാൻ സർക്കാർ; ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാൻ കുറുക്കുവഴിയോ

text books distribution

പ്രതീകാത്മകചിത്രം

avatar
സ്വന്തം ലേഖകൻ

Published on May 30, 2026, 12:00 AM | 1 min read

തിരുവനന്തപുരം : ബൃഹത്തായ പ്രവർത്തനങ്ങളിലൂടെ സമഗ്രമായി പരിഷ്‌കരിച്ച സ്‌കൂൾ പാഠ്യപദ്ധതി മാറ്റാൻ സംസ്ഥാന സർക്കാർ. ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ അടിച്ചേൽപ്പിക്കാനുള്ള കുറുക്കുവഴിയാണിതെന്നാണ്‌ വിമർശനം. കേരള സിലബസ് കാലഹരണപ്പെട്ടതാണെന്നും അത് അടിമുടി മാറ്റണമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പാഠ്യപദ്ധതി പരിഷ്‌കരണം പരിഗണനയിലാണെന്ന്‌ മന്ത്രി എൻ ഷംസുദ്ദീനും വെള്ളിയാഴ്‌ച വാർത്താസമ്മേളനത്തിൽ വ്യക്‌തമാക്കി.


ഒരു വ്യാഴവട്ടത്തിന്‌ ശേഷമാണ്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കിയത്. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പൂർണമായും മാറ്റി. പതിനൊന്നാം ക്ലാസിൽ ഈ അധ്യയന വർഷം മുതൽ പുതിയ പാഠപുസ്തകങ്ങളാണ്‌. പന്ത്രണ്ടിൽ അടുത്തവർഷം പുതിയ പുസ്‌തകം ലഭ്യമാക്കുന്ന തരത്തിൽ നടപടികൾ ആരംഭിച്ചു.


വ്യാപകമായ ജനകീയ ചർച്ചകളിലൂടെയും, വിദഗ്‌ധരുടെയും ലക്ഷക്കണക്കിന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങൾ പരിഗണിച്ചുമാണ്‌ പുതിയ പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തത്‌. ആ ഘട്ടത്തിൽ, വികസനാത്മകമായ ഒരു നിർദേശം പോലും നൽകാൻ അന്നത്തെ പ്രതിപക്ഷ നേതാവ് ആയിരുന്ന വി ഡി സതീശൻ തയ്യാറായില്ല.


ഓരോ വർഷവും ആവശ്യമെങ്കിൽ പുസ്‌തകം പുതുക്കാവുന്ന തരത്തിലായിരുന്നു പരിഷ്‌കരിച്ചത്‌. തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തിനും കലാ-കായിക പരിപോഷണത്തിനും ഊന്നൽ നൽകി, 243 സ്‌കിൽ സെന്ററുകൾ സംസ്ഥാനത്തുടനീളം സ്ഥാപിച്ചു. പുതിയ സിലബസ്‌ അധ്യാപകർ പഠിച്ചുവരുന്നതിനിടെയാണ്‌ വീണ്ടും സിലബസ്‌ മാറ്റുമെന്ന പ്രഖ്യാപനം. ​


മുഖ്യമന്ത്രിയുടെ പ്രസ്‌താവന 
ഗ‍ൗരവതരം: ശിവൻകുട്ടി


അന്ധവിശ്വാസങ്ങളും അശാസ്‌ത്രീയതകളും നിറഞ്ഞുനിൽക്കുന്ന ദേശീയ വിദ്യാഭ്യാസ നയം കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ തകർക്കുമെന്ന്‌ വി ശിവൻകുട്ടി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കും എന്ന ഘട്ടത്തിലാണ് പിഎം ശ്രീ പദ്ധതി സംബന്ധിച്ച കരാർ മരവിപ്പിക്കാൻ കേരളം തയ്യാറായത്. എന്നാൽ, പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായും നടത്തിയ കൂടിക്കാഴ്‌ചകൾക്ക് ശേഷം വി ഡി സതീശനുണ്ടായ വെളിപാട് അതീവ ഗൗരവകരമാണെന്ന്‌ വി ശിവൻകുട്ടി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home