നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയ്ക്കായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയ്ക്കായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. പ്രതി പോത്തുണ്ടി മാട്ടായിയിലുണ്ടെന്ന് സംശയത്തെ തുടർന്ന് പൊലീസും നാട്ടുകാരും പ്രദേശം കേന്ദ്രീകരിച്ച് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. എന്നാൽ കാര്യമായ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് തിരച്ചിൽ അവസാനിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു. നാളെ തിരച്ചിൽ പുനരാരംഭിക്കും. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.
കുട്ടികൾ ചെന്താമരയെ മാട്ടായിയിൽ കണ്ടുവെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. പൊലീസ് സംഘത്തിലെ ഒരാളും ഇയാളെ കണ്ടെന്ന് ആലത്തൂർ ഡിവൈഎസ്പി പറഞ്ഞിരുന്നു. കാടുപിടിച്ച പ്രദേശമാണിത്. പ്രതി കാട്ടിൽ ഓടിമറഞ്ഞതായാണ് വിവരം. നൂറോളം നാട്ടുകാരാണ് പൊലീസിനൊപ്പം തിരച്ചിലില്‍ പങ്കെടുത്തത്. ചെന്താമരയുടെ സഹോദരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
ഇന്നലെ രാവിലെയായിരുന്നു നെന്മാറ പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമി ചെന്താമര വീടിനുമുന്നിലിട്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത്. സുധാകരനെ ആക്രമിക്കുന്ന ശബ്‌ദംകേട്ട് ഓടിവന്ന ലക്ഷ്‌മിയെയും വെട്ടുകയായിരുന്നു. സുധാകരൻ സംഭവസ്ഥലത്തും ലക്ഷ്‌മി സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
2019 ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്‌മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്. ഈ കേസില്‍ ചെന്താമര ഇപ്പോള്‍ ജാമ്യത്തിലാണ്. നെന്മാറ പഞ്ചായത്തിൽ കടക്കരുതെന്ന ഉപാധിയിലായിരുന്നു ജാമ്യം. ഇത് ലംഘിച്ചാണ് പ്രതി നെന്മാറ പഞ്ചായത്തിലുള്ള സ്വന്തം വീട്ടിൽ താമസിച്ചത്.
പോത്തുണ്ടിയിലെത്തി ആക്രമിക്കപ്പെട്ട കുടുംബത്തെ ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ സുധാകരനും മകൾ അഖിലയും പൊലീസിൽ പരാതി നൽകി. ഇനി പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്നും തമിഴ്‌നാട് തിരുപ്പൂരിൽ പോവുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. തിരുപ്പൂരിൽ പോയ ചെന്താമര ദിവസങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തുകയായിരുന്നു.










0 comments