കോഴക്കേസിൽ അകത്തായ 'മഹാൻ'; വാ തുറന്നാൽ അസഭ്യം മാത്രം; സുപ്രീംകോടതിയും എടുത്തുകുടഞ്ഞ രേവന്തിന്‍റെ ചരിത്രം

രേവന്ത് റെഡ്ഡി
തിരുവനന്തപുരം: അഴിമതിയിലും അശ്ലീലപ്രയോഗങ്ങളിലും വാർത്തകളിൽനിറഞ്ഞ് കുപ്രസിദ്ധനാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അതേയാളെയാണ് കേരളത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും അധിക്ഷേപിക്കാനായി തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് രംഗത്തിറക്കിയത്. പതിവുപോലെ രാഷ്ട്രീയഎതിരാളികളെ ആക്ഷേപിച്ചുകൊണ്ടായിരുന്നു കേരളത്തിലും രേവന്തയുടെ പ്രസംഗങ്ങൾ. പലപ്പോഴും നിലവിട്ട് പ്രസംഗിച്ചപ്പോഴും കോൺഗ്രസ് നേതാക്കൾ കയ്യടിച്ച് പ്രോത്സാഹനം നൽകി.
എബിവിപിയിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ രേവന്ത് റെഡ്ഡിയുടെ യാത്ര അഴിമതിക്കേസുകളും കൂടുമാറ്റവും നിറഞ്ഞതാണ്. ആദ്യം ബിആർഎസിലേക്കും പിന്നീട് ടിഡിപിയിലേക്കും രേവന്ത് എത്തി. 2015ൽ കോഴക്കേസിൽ ജയിലിലായി. നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ടിഡിപിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ ഒരു എംഎൽഎയ്ക്ക് കൈക്കൂലി നൽകാൻ ശ്രമിക്കുന്നതിനിടെ ക്യാമറയിൽ കുടുങ്ങുകയായിരുന്നു. ഈ കേസിൽ ഹൈദരാബാദിൽ ജയിൽശിക്ഷ അനുഭവിച്ചു.
ജാമ്യത്തിലിറങ്ങി കുറച്ചുനാളുകൾക്കുള്ളിലാണ് ടിഡിപി വിട്ട് ഡൽഹിയിൽ വെച്ച് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേരുന്നത്. കോൺഗ്രസിൽ ജൂനിയർ ആയിരുന്നിട്ടും 2021ൽ അദ്ദേഹം പിസിസി പ്രസിഡന്റായി നിയമിതനായി. രാഹുൽ ഗാന്ധിയുടെയും ഡി കെ ശിവകുമാറിന്റെയും വിശ്വസ്തനായതാണ് പെട്ടെന്നുള്ള പരിഗണനയ്ക്ക് കാരണമായത്.
വാവിട്ട വാക്കുകൾ ഉപയോഗിച്ച് കോടതികളുടെ രൂക്ഷവിമർശനം പലതവണ നേരിട്ടയാളാണ് രേവന്ത്. ബിആർഎസ് എംഎൽഎമാർ കൂറുമാറി കോൺഗ്രസിലെത്തിയാൽ ഉപതെരഞ്ഞെടുപ്പുകൾ ഉണ്ടാകില്ലെന്ന് നിയമസഭയിൽ പറഞ്ഞതിന് സുപ്രീംകോടതി കടുത്ത വിമർശനമുന്നയിച്ചിരുന്നു. ഇത്തരം പ്രസ്‌താവനകൾ ആവർത്തിക്കരുതെന്നും തങ്ങൾക്ക് അധികാരമില്ലെന്ന് കരുതരുതെന്നും കോടതി മുന്നറിപ്പ് നൽകി. .നേരത്തെ ഡൽഹി മദ്യനയക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയ്‌ക്ക് ജാമ്യം നൽകിയതിനെതിരെ രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശത്തിലും സുപ്രീംകോടതി അദ്ദേഹത്തെ ശാസിച്ചിരുന്നു. ഒടുവിൽ മാപ്പ് പറഞ്ഞാണ് രേവന്ത് തടിയൂരിയത്.
മാധ്യമപ്രവർത്തകരും രേവന്തിന്റെ അധിക്ഷേപത്തിനും ഭീഷണിക്കും ഇരകളായിട്ടുണ്ട്. രേവന്ത് റെഡിയെ വിമര്‍ശിച്ചുള്ള ഒരു വീഡിയോ സംപ്രേഷണം ചെയ്തതിന് പിന്നാലെ പള്‍സ് ന്യൂസിലെ വനിതാ മാധ്യമപ്രവർത്തകരെ പുലർച്ചെ വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ നടപടിക്ക് കോടതിയിൽനിന്ന് തിരിച്ചടി നേരിട്ടു. മാധ്യമപ്രവർത്തകർക്ക് ജാമ്യം ലഭിക്കുകയും, പൊലീസ് നടപടികളിൽ വീഴ്ചകളുണ്ടെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു.
2024ൽ കാർഷിക വായ്പയുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ രേവന്ത് റെഡ്ഡിയുടെ അനുയായികൾ ആക്രമണം നടത്തിയിരുന്നു. ഏറ്റവുമൊടുവിൽ, തന്റെ വാർത്താസമ്മേളനങ്ങളിൽ വന്നിരുന്ന് ചോദ്യം ചോദിക്കുന്നവരെ തല്ലുമെന്നും, നഗ്നനാക്കി തെരുവിലിട്ട് തല്ലുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
കോൺഗ്രസിൽ എത്തിയശേഷവും രേവന്ത് ആവർത്തിച്ചിട്ടുള്ള മോദി സ്തുതിയും ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. 2024 മാർച്ചിൽ രേവന്ത് റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വല്യണ്ണൻ’ എന്നാണ് വിളിച്ചത്. ‘നരേന്ദ്രമോദി ഞങ്ങളുടെ പെഡണ്ണയാണ് (വല്യണ്ണൻ). തെലങ്കാനയിൽ ഗുജറാത്ത് മോഡൽ നടപ്പാക്കി കാണാൻ ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ സഹായം തേടിയിട്ടുണ്ട്’– തെലങ്കാന ആദിലാബാദിൽ പൊതുപരിപാടിയിൽ മോദിയുമായി വേദി പങ്കിട്ട് രേവന്ത് റെഡ്ഡി പ്രസംഗിച്ചത് ഇങ്ങനെയായിരുന്നു.










0 comments