print edition മൃതദേഹം കിടത്താൻ വീട് നൽകി മുസ്ലിം കുടുംബം ; പെരിന്തൽമണ്ണയിലെ റിയൽ കേരള സ്‌റ്റോറി

രമേശൻ നമ്പ്യാരുടെ മൃതദേഹം ഹമീദിന്റെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ
എ രാധാകൃഷ്ണന്‍
Published on Mar 06, 2026, 02:26 AM | 1 min read
പെരിന്തൽമണ്ണ
ബൈക്കിൽ പോകുമ്പോൾ ഹൃദയാഘാതത്താലായിരുന്നു രമേശ് നമ്പ്യാരുടെ (67) മരണം. പെരിന്തൽമണ്ണയിലെ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴം പകൽ പന്ത്രണ്ടോടെ ജൂബിലി റോഡിലെ വാടക വീട്ടിൽ എത്തിച്ചപ്പോൾ മൃതദേഹം കിടത്താൻപോലും സൗകര്യമുണ്ടായിരുന്നില്ല. വീടുകളിലേക്കുകൊണ്ടുപോകാൻ സഹോദരിമാർ സന്നദ്ധത അറിയിച്ചെങ്കിലും വാടകവീടിന്റെ ഉടമ പത്തത്ത് ഹമീദും മകൻ നിഷാമും സമീപത്തെ സ്വന്തം വീട് മൃതദേഹം പൊതുദർശനത്തിന് വെക്കാൻ വിട്ടുനൽകി. ഇവിടെ പിറന്നത് കേരളത്തിന്റെ മറ്റൊരു റിയൽ സ്‌റ്റോറി.
1957ലെ ആദ്യ പൊതു തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിൽ വിജയിച്ച അവിഭക്ത കമ്യൂണിസ്റ്റ് പാർടി നേതാവായിരുന്ന പി ഗോവിന്ദൻ നമ്പ്യാരുടെ മകനാണ് രമേശ് നമ്പ്യാർ. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. പെരിന്തൽമണ്ണ ഗവ. ഹൈസ്കൂളിൽ ഒന്പതാംക്ലാസ് വിദ്യാർഥിയായിരിക്കെ അടിയന്തരാവസ്ഥക്കെതിരെ പഠിപ്പുമുടക്കി പ്രകടനം നടത്തിയതിന് ഒരുമാസത്തോളം പെരിന്തൽമണ്ണ സബ് ജയിലിൽ തടവിൽ കിടന്നിട്ടുണ്ട്.
മക്കളില്ലാത്ത ദമ്പതികൾ ഏറെക്കാലമായി ജൂബിലിയിൽ വാടക ക്വാർട്ടേഴ്സിലാണ് താമസം. മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് നൽകണമെന്നായിരുന്നു രമേശ് നമ്പ്യാരുടെ ആഗ്രഹം. എന്നാൽ പോസ്റ്റ്മോർട്ടം നടന്നതിനാൽ പഠനാവശ്യത്തിന് ഏറ്റെടുക്കാനായില്ല. തുടർന്നാണ് വാടക വീട്ടിൽ എത്തിച്ചത്. ആചാരപ്രകാരമുള്ള അന്ത്യകർമങ്ങൾ ഹമീദിന്റെ വീട്ടിൽ നടത്തിയശേഷമാണ് പകൽ രണ്ടോടെ പെരിന്തൽമണ്ണ നഗരസഭാ ശ്‌മശാനത്തിലേക്കുകൊണ്ടുപോയത്. പെരിന്തൽമണ്ണയിൽ ഓട്ടോ ഡ്രൈവറാണ് ഹമീദ്. സൗദിയിൽനിന്ന് അവധിക്കുവന്ന നിഷാമും പിതാവിനൊപ്പം ആദ്യാവസാനം ഒപ്പമുണ്ടായിരുന്നു. രമേശൻ നമ്പ്യാരുടെ ഭാര്യ വിനോദിനി സിപിഐ എം ജൂബിലി റോഡ് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയാണ്.










0 comments