സംസ്ഥാന വയോജന കമീഷൻ രൂപീകരിച്ചു; കെ സോമപ്രസാദ് ചെയർപേഴ്സൺ

കെ സോമപ്രസാദ് , ഇ എം രാധ
തിരുവനന്തപുരം: വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി കേരള സംസ്ഥാന വയോജന കമീഷൻ രൂപീകരിച്ചു. സാമൂഹ്യനീതി മന്ത്രി ആർ ബിന്ദുവാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും, വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കുന്നതിനും, അവരുടെ കഴിവുകളും പരിചയസമ്പത്തും പൊതുസമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിനാവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നതിനും, അവകാശസംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായാണ് കമീഷന് രൂപം നൽകിയത്. രാജ്യത്താദ്യമായാണ് വയോജനങ്ങൾക്കായി ഇങ്ങനെയൊരു കമീഷന് രൂപം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
മുൻ രാജ്യസഭാംഗവും, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ സോമപ്രസാദ് ആണ് കമീഷന്റെ ചെയർപേഴ്‌സൺ. സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ജനറൽ സെക്രട്ടറി കൂടിയായ അമരവിള രാമകൃഷ്ണൻ,വനിതാ കമീഷൻ അംഗമായിരുന്ന സാമൂഹ്യപ്രവർത്തക ഇ എം രാധ, ഗ്രന്ഥകാരനും സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വർക്കിംഗ് പ്രസിഡന്റുമായ കെ എൻ കെ നമ്പൂതിരി (കെ എൻ കൃഷ്ണൻ നമ്പൂതിരി), മുൻ കോളേജ് അധ്യാപകനും, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം, കുസാറ്റ് - എം ജി സർവ്വകലാശാലകളിലെ സിൻഡിക്കേറ്റ് അംഗവുമായിരുന്ന പ്രൊഫ. ലോപസ് മാത്യു എന്നിവരാണ് കമീഷനിലെ അംഗങ്ങൾ.
അമരവിള രാമകൃഷ്ണൻ , പ്രൊഫ. ലോപസ് മാത്യു
തിരുവനന്തപുരത്താണ് കമീഷന്റെ ആസ്ഥാനം. സ്ഥാനം ഏറ്റെടുത്ത തീയതി മുതൽ മൂന്നു വർഷം വരെ ആയിരിക്കും ചെയർപേഴ്സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി. ചെയര്‍പേഴ്സണ് ഗവണ്‍മെന്റ് സെക്രട്ടറിയുടെ പദവിയുണ്ടാകും. സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമീഷന്‍ സെക്രട്ടറിയായി നിയമിക്കും. നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമീഷന്‍ രജിസ്ട്രാറായും സര്‍ക്കാര്‍ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരാളെ കമീഷന്‍ ഫിനാന്‍സ് ഓഫീസറായും നിയമിക്കും.
പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവർ) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും, സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായി കമീഷൻ രൂപീകരിക്കാൻ കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ സംസ്ഥാന നിയമസഭ പാസാക്കിയിരുന്നു. അങ്ങനെ നിലവിൽ വന്ന കേരളം സംസ്ഥാന വയോജന കമ്മീഷൻ ആക്ടിലെ (2025) മൂന്നാം വകുപ്പ് ഒന്നാം ഉപവകുപ്പു പ്രകാരമാണ് കമീഷന് നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിക്കുന്നതിനും ഏല്പിച്ചുകൊടുത്ത ചുമതലകൾ നിർവ്വഹിക്കുന്നതിനും ഒരു ചെയർ പേഴ്‌സണെയും നാല് അംഗങ്ങളെയും നിയമിച്ചുകൊണ്ട് സർക്കാർ തീരുമാനമെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.










0 comments